കലാലയങ്ങളെ അക്രമമുക്തമാക്കാൻ ജനകീയ കൺവെൻഷൻ 26ന്
text_fieldsകൊച്ചി: കലാലയങ്ങളെ അക്രമമുക്തമാക്കാൻ, അക്കാദമിക സ്വാതന്ത്ര്യവും പുനസ്ഥാപിക്കുവാൻ മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥികളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും ജനകീയ കൺവെൻഷൻ ജനുവരി 26ന്. അച്യുതമേനോൻ ഹാളിൽ രാവിലെ 11 ന് എറണാകുളം നടക്കുന്ന ജനകീയ കൺവെൻഷനിൽ
ജസ്റ്റിസ് കെ.സുകുമാരൻ, ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ പ്രഫ.കെ.അരവിന്ദാക്ഷൻ, ഡോ. കെ.ബാബു ജോസഫ്, ഡോ. മേരി മെറ്റിൽഡ, ഡോ.പി.എസ്. അജിത, ഡോ.വി.ശ്രീകുമാർ, ഡോ.വിൻസെൻറ് മാളിയേക്കൽ, അഡ്വ.ലിജു.വി സ്റ്റീഫൻ പ്രഫ. ജോർജ് ജോസഫ്, എം.ഷാജർഖാൻ, ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയവർ സംസാരിക്കും.
കേരളത്തിലെ കലാലയങ്ങളിൽ കക്ഷിരാഷ്ട്രീയ- സാമുദായിക വിദ്യാർഥി സംഘടനകൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനും ജനാധിപത്യപരവും സമാധാനപരവുമായ അന്തരീക്ഷം പുന:സൃഷ്ടിക്കാനും എല്ലാവരും ഒരുമിച്ച് ഇടപെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് എഴുത്താകരും സാസ്കരിക പ്രവർത്തകരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഭിന്നാഭിപ്രായങ്ങളോടും ആശയങ്ങളോടുമുള്ള അസഹിഷ്ണുതയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും മൂല്യവത്തായ സാംസ്കാരിക പ്രവർത്തനങ്ങളുടെ അഭാവവും ക്യാമ്പസുകളിലെ ചൈതന്യത്തെ കെടുത്തിയിരിക്കുന്നു.
എറണാകുളം മഹാരാജാസ് കോളജ് ഉൾപ്പെടെ കേരളത്തിലെ പല വിദ്യാലയങ്ങളും വൈദേശിക കോളനി വാഴ്ച്ചക്കെതിരെയും ജന്മിത്ത ജീർണ്ണതക്കെതിരെയും ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മഹത്തായ പാരമ്പര്യമുള്ള സ്ഥാപനങ്ങളാണ്. മെച്ചപ്പെട്ട അധ്യായന സൗകര്യങ്ങളും സൗജന്യമായ ഹോസ്റ്റൽ സൗകര്യങ്ങളും മിക്കവാറും എല്ലാ സർക്കാർ കോളജുകളിലും ലഭ്യമാണെന്നതിനാൽ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇത്തരം സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ,കഴിഞ്ഞ കുറെക്കാലമായി നമ്മുടെ കലാലയങ്ങളിൽ വേരുറപ്പിച്ചിരിക്കുന്ന രാഷ്ട്രീയ അനാശാസ്യങ്ങൾ യുവതലമുറയുടെയും അതുവഴി ഈ നാടിന്റെ തന്നെയും ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു.
നാട്ടിൽ പൊതുവിൽ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെറുപ്പിന്റെയും, മേധാവിത്വത്തിന്റെയും അന്തരീക്ഷംമനുഷ്യത്വമുള്ള ഏവരെയും ആകുലപ്പെടുത്തുന്നതാണ്. ഭീതിദമാണ് നമ്മുടെ കാമ്പസുകളിൽ പടർന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും. അവ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതായിമാറിയിരിക്കുന്നു. തൂലിക ചലിപ്പിക്കേണ്ട കരങ്ങൾ കഠാര വീശുകയും, കവിതയും സംഗീതവുമുതിർക്കേണ്ട കണ്ഠങ്ങൾ കൊലവിളി നടത്തുകയും ചെയ്യുന്ന വിപര്യയത്തിന് നാം സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു. അക്രമ രാഷ്ട്രീയം ജനാധിപത്യപരമായ ചർച്ചകൾക്ക് അന്ത്യം കുറിക്കുന്നതാണെന്ന വസ്തുത പോലും രാഷ്ട്രീയക്കാർ മറന്നമട്ടാണ്.
രാഷ്ട്രീയ ജീർണ്ണതകൾക്കും, ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ ആദർശധീരരായ വിദ്യാർഥികൾ രംഗത്ത് വരുന്നത് തടയുക എന്ന സ്വാർത്ഥലക്ഷ്യമാണ് കാമ്പസുകളെ അക്രമത്തിലേക്ക് നയിക്കുന്നവർക്കുള്ളത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വിദ്യയും സംസ്കാരവും കൈമാറുന്ന കേന്ദ്രങ്ങളായ നമ്മുടെ കലാലയങ്ങളിലെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ചൈതന്യം വീണ്ടെടുത്ത് നിലനിർത്താനും അവയെ വളർത്തിയെടുക്കാനും മുതിർന്ന തലമുറ ശ്രമിക്കേണ്ടതുണ്ട്. അർത്ഥവത്തായ രാഷ്ട്രീയ- കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും അഭിലഷണീയമല്ല. സമൂഹത്തിന്റെ പുരോഗതിക്ക് വിലങ്ങു തടിയാകുന്ന ശക്തികൾക്കെതിരെയാണ് കാമ്പസുകൾ ഉണരേണ്ടത്. കക്ഷി-രാഷ്ട്രീയത്തിന്റെ പേരിൽ കാമ്പസുകളെ സംഘർഷ ഭൂമികളാക്കി മാറ്റുന്നവർ ഫലത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്.
ആരോഗ്യകരമായ ചർച്ചകളുടെയും സംവാദങ്ങളുടെയും അന്തരീക്ഷം കലാലയങ്ങൾ വീണ്ടെടുത്തുകൊണ്ടേ ഇത്തരം ദുഷ്പ്രവണതകളെ പ്രതിരോധിക്കാൻ സാധിക്കൂ.അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് പ്രഫ.എം. ലീലാവതി, ജസ്റ്റിസ് പി.കെ. ഷംസുദീൻ, ജസ്റ്റിസ്.കെ. സുകുമാരൻ, പ്രഫ. കെ.അരവിന്ദാക്ഷൻ ഡോ.ബാബു ജോസഫ്, ഫാദർ പ്രശാന്ത് പാലക്കാപ്പിള്ളി, ഡോ. വിൻസൻ്റ് മാളിയേക്കൽ, ഡോ. എം പി മത്തായി പ്രഫ.ആൻറണി ജോസഫ്, ഡോ.മേരി മെറ്റിൽഡ, ഡോ.പി.എസ്. അജിത, ഫാദർ പോൾ തേലക്കാട്, പ്രഫ. ആൻ്റണി ജോസഫ്, പ്രഫ: സൂസൻ ജോൺ, അഡ്വ. ലിജു വി സ്റ്റീഫൻ പ്രഫ. ജോർജ് ജോസഫ് തുടങ്ങിയവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.