കൊല്ലം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഞ്ചാം ബാച്ചിന് അനുമതി
text_fieldsകൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ 2021-22 അക്കാദമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ് വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ നാഷനൽ മെഡിക്കൽ കമീഷന്‍റെ അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നാഷനൽ മെഡിക്കൽ കമീഷൻ മെഡിക്കൽ അസസ്മെന്‍റ് ആൻഡ് റേറ്റിംഗ് ബോർഡാണ് അഞ്ചാമത്തെ ബാച്ചിന് അനുമതി നൽകിയത്.
100 എം.ബി.ബി.എസ് സീറ്റുകൾക്കാണ് അനുമതി നൽകിയത്. അടുത്ത ബാച്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടി ത്വരിതപ്പെടുത്തും. പി.ജി സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് മെഡിക്കൽ കോളജുകളെ പോലെ കൊല്ലം മെഡിക്കൽ കോളജിനേയും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. മെഡിക്കൽ കോളജിൽ ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കൊല്ലം മെഡിക്കൽ കോളജിന്‍റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി അടുത്തിടെ 23.73 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
ഹൃദ്രോഗ ചികിത്സക്കായി കാത്ത് ലാബ് സംവിധാനമൊരുക്കി. ഇതിനായി കാർഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളജായതിനാൽ ട്രോമ കെയർ സെന്‍ററിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ലെവൽ ടു നിലവാരത്തിലുള്ള ട്രോമകെയറിൽ എമർജൻസി മെഡിസിൻ വിഭാഗവും മികച്ച ട്രയാജ് സംവിധാനവുമാണൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.