സർക്കാർ നയംമാറ്റി; മൂന്ന് സ്വാശ്രയ കോളജുകൾക്ക് സ്വയംഭരണ പദവി
text_fieldsതിരുവനന്തപുരം: സർക്കാർ നയംമാറ്റിയതോടെ സംസ്ഥാനത്ത് ആദ്യമായി എൻജിനീയറിങ് മേഖലയിൽ മൂന്ന് സ്വാശ്രയ കോളജുകൾക്ക് സ്വയംഭരണ പദവി. സാേങ്കതിക സർവകലാശാലക്ക് കീഴിലുള്ള കോട്ടയം സെയിൻറ് ഗിറ്റ്സ് കോളജ് ഒാഫ് എൻജിനീയറിങ്, കാക്കനാട് രാജഗിരി സ്കൂൾ ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് എന്നിവക്കാണ് സ്വയംഭരണ പദവി ലഭിച്ചത്.
കോളജുകൾക്ക് സ്വന്തം നിലയിൽ പാഠ്യപദ്ധതി തയാറാക്കാനും പരീക്ഷ നടത്താനും വിദ്യാർഥി പ്രവേശനത്തിനും ഉൾപ്പെടെയുള്ള അധികാരങ്ങളാണ് മൂന്ന് കോളജുകൾക്കും ലഭിക്കുക. 10 വർഷത്തേക്കാണ് പദവി. സ്വയംഭരണ പദവി ലഭിച്ചെങ്കിലും എൻജിനീയറിങ് സീറ്റുകളിലേക്ക് പ്രവേശനപരീക്ഷ കമീഷണറുടെ അലോട്ട്മെൻറ് പ്രകാരം തന്നെയാകും മെറിറ്റ് സീറ്റുകളിലെ പ്രവേശനമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. നിലവിൽ എയ്ഡഡ് മേഖലയിലെ 18ഉം സർക്കാർമേഖലയിലെ ഒന്നും ആർട്സ് ആൻഡ് സയൻസ് കോളജുകൾക്ക് മാത്രമാണ് സ്വയംഭരണ പദവിയുള്ളത്. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് 19 കോളജുകൾക്കും പദവി ലഭിച്ചത്.
കഴിഞ്ഞ സർക്കാർകാലത്ത് സ്വയംഭരണ പദവിക്കെതിരെ സി.പി.എം പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. ഇടതുസർക്കാർ തുടക്കത്തിൽ സ്വയംഭരണപദവിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. പിന്നീട് ഡോ. ബി. ഇക്ബാൽ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, സാേങ്കതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീ എന്നിവർ അടങ്ങിയ സമിതി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മൂന്ന് സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് സ്വയംഭരണ പദവിക്ക് എൻ.ഒ.സി നൽകാൻ സർക്കാർ തീരുമാനിച്ചത്.
സർക്കാർ, എയ്ഡഡ് മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന എൻജിനീയറിങ് കോളജുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവക്ക് പദവി ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സ്വയംഭരണ പദവിയില്ലാത്തതിനാൽ എ.െഎ.സി.ടി.ഇയുടെ ടെക്നിക്കൽ എജുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാമിൽ (ടെക്യുപ് -മൂന്ന്) നിന്ന് മുൻനിര സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകൾ പുറത്തായിരിന്നു. കോടിക്കണക്കിന് രൂപയാണ് ഇതുവഴി നഷ്ടമായത്.
സ്വയംഭരണപദവി ലഭിച്ച മൂന്ന് കോളജുകളിലും വരുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വിജ്ഞാപനമിറക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സാേങ്കതിക സർവകലാശാലക്ക് നിർദേശം നൽകി. മൂന്ന് കോളജുകളിലും ഗവേണിങ് ബോഡി, അക്കാദമിക് കൗൺസിൽ, ബോർഡ് ഒാഫ് സ്റ്റഡീസ് എന്നിവ രൂപവത്കരിക്കണം. പരീക്ഷകൺട്രോളറെ നിയോഗിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.