കോഴിക്കോട് ഐ.ഐ.എമ്മിൽ മാനേജ്മെന്റ് പിഎച്ച്.ഡി
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോട് 2025 വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്, ഫിനാൻസ്, അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റിവ് മെത്തേഡ്സ് ആൻഡ് ഓപറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനുകളാണ്. അഞ്ചു വർഷത്തിനകം ഗവേഷണ പഠനം പൂർത്തിയാക്കാം.
പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം. 50 ശതമാനം മാർക്കോടെ ബിരുദവും സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എസ് പ്രഫഷനൽ യോഗ്യതയും അല്ലെങ്കിൽ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ നാലു വർഷത്തെ ബാച്ചിലേഴ്സ് ബിരുദമുള്ളവരെയും പരിഗണിക്കും. യോഗ്യതാ പരീക്ഷയിൽ പട്ടിക ജാതി/വർഗം/ഭിന്നശേഷി/ഒ.ബി.സി- നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2025 ജൂൺ 30നകം യോഗ്യത തെളിയിക്കണം. പ്രായപരിധിയില്ല.
പ്രാബല്യത്തിലുള്ള ഐ.ഐ.എം-കാറ്റ്/ഗേറ്റ്/യു.ജി.സി-നെറ്റ്/ജി-മാറ്റ്/ജി.ആർ.ഇ/ഐ.ഐ.എം.ബി ടെസ്റ്റ് സ്കോർ ഉണ്ടായിരിക്കണം. 2025 ഫെബ്രുവരി രണ്ടിന് ഐ.ഐ.എം ബാംഗ്ലൂർ നടത്തുന്ന ടെസ്റ്റിന് ജനുവരി 24നകം രജിസ്റ്റർ ചെയ്യാം.
ഐ.ഐ.എം പിഎച്ച്.ഡി പ്രവേശന വിവരങ്ങൾ www.iimk.ac.in/dpm വെബ്സൈറ്റിലുണ്ട്. അപേക്ഷ ഫീസ് ഒറ്റ സ്പെഷലൈസേഷൻ 1000 രൂപ. രണ്ട് സ്പെഷലൈസേഷൻ 1500 രൂപ. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഫെലോഷിപ്/ഗ്രാന്റ്: പ്രവേശനം നേടുന്നവർക്ക് ആദ്യവർഷം പ്രതിമാസം 42,000 രൂപയും രണ്ടാംവർഷം പ്രതിമാസം 45,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 50,000 രൂപയുമാണ് ഫെലോഷിപ്/സ്റ്റൈപൻഡ്. പഠനത്തിൽ മികവ് പുലർത്തുന്നവരെ ട്യൂഷൻ ഫീസിൽനിന്ന് ഒഴിവാക്കും. നാലുവർഷത്തേക്ക് വാർഷിക കണ്ടിൻജൻസി ഗ്രാന്റായി 1,20,000 രൂപയും മറ്റു നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കാമ്പസിനുള്ളിൽ മികച്ച താമസസൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.