പഠിക്കാം പറക്കാം പൈലറ്റാവാം
text_fieldsസമീപകാലത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ മേഖലയാണ് വ്യോമയാന വ്യവസായം. 2023-2024ല്‍ മാത്രം എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉൾപ്പെടെ കമ്പനികള്‍ ഓര്‍ഡര്‍ ചെയ്ത പുതിയ വിമാനങ്ങള്‍ 1200 ലധികമാണ്. 2025 മുതല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ഹിന്ദ് എയര്‍, എയര്‍ കേരള, ശംഖ് എയര്‍, ഫ്ലൈ 91 എന്നിങ്ങനെ പുതിയ വിമാന കമ്പനികള്‍ വന്നതും മേഖലയെ കൂടുതല്‍ ഊർജസ്വലമാക്കിയിട്ടുണ്ട്.
മാത്രമല്ല ദേശീയ വ്യോമയാന നയത്തിന്റെ ഭാഗമായി വന്ന ഉഡാന്‍ പദ്ധതി വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. പുതിയ കമ്പനികള്‍ വരുന്നു. ഏതാണ്ട് അഞ്ഞൂറിലധികം പുതിയ റൂട്ടുകള്‍ വരുന്നു. എഴുപതിലധികം വിമാനത്താവളങ്ങൾ കൂടുതല്‍ സജീവമാക്കുന്നു. സ്വാഭാവികമായും അനുബന്ധ കരിയര്‍ മേഖലയിലും വലിയ വളര്‍ച്ചയുണ്ടാകും, പ്രത്യേകിച്ച് പൈലറ്റ് കരിയറില്‍. ആവശ്യമുള്ളത്ര പൈലറ്റ്മാരെ പരിശീലിപ്പിച്ചെടുക്കാനുള്ള സ്ഥാപന സംവിധാനങ്ങള്‍ ഇന്ത്യയില്‍ കുറവാണ്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 2300 ലധികം പൈലറ്റ്മാരുടെ കുറവ് ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞാല്‍ പൈലറ്റ്മാരുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന സൂചനയുണ്ട്. എന്തായാലും പൈലറ്റ് കരിയര്‍ സ്വപ്നം കാണുന്നവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷമെങ്കിലും വളരെ നല്ല കാലമായിരിക്കും.
പൊതുവേ ഇന്ത്യയില്‍ പൈലറ്റ് കരിയര്‍ സാധ്യതകളില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ കാണാറുണ്ട്. അഞ്ചോ ആറോ വര്‍ഷം സജീവമായി ഉയര്ന്നുനില്ക്കുന്ന കരിയര്‍ പെട്ടെന്ന് താഴേക്ക് പതിക്കുകയും നാലോ അഞ്ചോ വര്‍ഷത്തിനു ശേഷം വീണ്ടും കുതിക്കുകയും ചെയ്യുന്ന പ്രവണത കാണിക്കുന്ന കരിയറാണിത്.
വളരെ കൃത്യമായും സൂക്ഷ്മമായി പഠിച്ചും വേണം കോഴ്സും സ്ഥാപനങ്ങളും തെരഞ്ഞെടുക്കാന്‍. ഇന്ത്യയില്‍ പൈലറ്റ് പരിശീലനത്തിന് കൃത്യമായ മാര്‍ഗരേഖകളും നിയമാവലികളും ഉണ്ട്. ഇത് തയാറാക്കുന്നതും ഈ മേഖലയിലെ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അഥവാ ഡി.ജി.സി.എ ആണ്. ഇന്ത്യയില്‍ കോഴ്സും സ്ഥാപനങ്ങളും അംഗീകരിച്ചിരിക്കുന്നതും ഡി.ജി.സി.എ ആണ്.
പ്രധാനമായും മൂന്നുഘട്ടങ്ങളിലായാണ് പൈലറ്റ് പരിശീലനം. വൈദ്യ പരിശോധനയും ഗ്രൗണ്ട് ടെസ്റ്റുമാണ് ആദ്യത്തേത്. പിന്നെ പറക്കൽ പരിശീലനം. വലിയ വിമാനങ്ങൾ പറത്താനുള്ള ഫ്ലൈറ്റ് സിമുലേറ്റര്‍ പരിശീലനമാണ് മൂന്നാം ഘട്ടം.
ഘട്ടം 1. ഗ്രൗണ്ട് ടെസ്റ്റും ക്ലാസ് ടു മെഡിക്കലും
പ്രഥമ ഘട്ടം ക്ലാസ് ടു ഗ്രേഡ് മെഡിക്കല്‍ ഫിറ്റ്നസ് പരിശോധിക്കലും സര്‍ട്ടിഫിക്കറ്റ് നേടലുമാണ്. അതിന് ഡി.ജി.സി.എ അംഗീകരിച്ച ഡോക്ടര്‍മാരില്‍നിന്ന് വ്യത്യസ്ത ടെസ്റ്റുകളും പരിശോധനകളും നടത്തി സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഗ്രൗണ്ട് ടെസ്റ്റിന് തയാറെടുക്കുന്നതിനൊപ്പം ഇതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങാം. പക്ഷേ, അഞ്ച് പേപ്പറുകളിലെ ടെസ്റ്റിനുള്ള ക്ലാസ് തുടങ്ങും മുമ്പുതന്നെ മെഡിക്കല്‍ ചെയ്യുന്നതാണ് നല്ലത്. പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ വെറുതെ പൈസ കളയാതിരിക്കാന്‍ അതാണ് നല്ലത്. ഗ്രൗണ്ട് ടെസ്റ്റിന് മുമ്പ് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വര്‍ണാന്ധത (കളര്‍ ബ്ലൈന്‍ഡ്നസ്), ബധിരത എന്നിവ അയോഗ്യതയാണ്. കണ്ണട ഉപയോഗിച്ചും 6/6 കാഴ്ച ശക്തി ഉണ്ടായിരിക്കണം.
ഗ്രൗണ്ട് ടെസ്റ്റില്‍ അഞ്ച് പേപ്പറുകളാണ് ഉള്ളത്, 1- എയര്‍ നാവിഗേഷന്‍, 2 - ഏവിയേഷന്‍ മീറ്റിയറോളജി, 3 - എയര്‍ റെഗുലേഷന്, 4 - ടെക്നിക്കല്‍- ജനറല്‍ ആൻഡ് സ്പെസിഫിക് (എയര്‍ക്രാഫ്റ്റ് ആന്‍ഡ് എൻജിന്, എയര്‍ക്രാഫ്റ്റ് ടൈപ്പ്), 5 - പ്രിന്‍സിപ്പിള്‍സ് ഓഫ് ഫ്ലൈറ്റ് എന്നിങ്ങനെ പേപ്പറുകളില്‍ പരീക്ഷയുണ്ടാകും.
അന്താരാഷ്ട്രതലത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളിലും ആദ്യത്തെ മൂന്നു പേപ്പറുകള്‍ മാത്രമാണുള്ളത്. പുറമേ ടെലികമ്യൂണിക്കേഷൻ വകുപ്പിന് കീഴിലെ വയര്‍ലസ് പ്ലാനിങ് ആന്‍ഡ് കോഓഡിനേഷന്‍ നടത്തുന്ന റേഡിയോ ടെലിഫോണി പേപ്പറും പാസാവണം. വര്‍ഷത്തില്‍ നാല് പ്രാവശ്യങ്ങളിലായി പരീക്ഷയെഴുതാം. കേരളത്തില്‍ കൊച്ചി പരീക്ഷ കേന്ദ്രമാണ്. പിന്നെ ഏറ്റവും അടുത്തുള്ള പരീക്ഷ കേന്ദ്രങ്ങൾ കോയമ്പത്തൂരും ബംഗളൂരുവുമാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരെ പറക്കൽ പരിശീലനം തുടങ്ങാം. എതാണ്ട് 2500 രൂപ വീതമാണ് ഓരോ പേപ്പറിനും ഫീസ്. ഏതെങ്കിലും പേപ്പർ തോറ്റാല്‍ ഓണ്‍ ഡിമാന്‍ഡ് പരീക്ഷ അതാത് പേപ്പറുകളില്‍ എഴുതാവുന്നതാണ്. അതിനു ഓരോ പേപ്പറിനും 5,000 രൂപ അടക്കേണ്ടിവരും. ഈ പേപ്പറുകളില്‍ പരിശീലനം തരുന്ന സ്ഥാപനങ്ങള്‍ ഏകദേശം രണ്ടരലക്ഷം രൂപമുതല്‍ നാലുലക്ഷം വരെ ഫീസ് വാങ്ങുന്നുണ്ട്.
2. ഫ്ലയിങ്ങും ക്ലാസ് വണ്‍ മെഡിക്കലും
സി.പി.എല്‍ അഥവാ കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കാന്‍ ഇന്ത്യയില്‍ മൊത്തം 200 മണിക്കൂര്‍ ഫ്ലയിങ് ആണ് വേണ്ടത്. സോളോ പൈലറ്റിങ്, ക്രോസ് കണ്ട്രിപോലുള്ള വിവിധതലങ്ങളിലെ പരിശീലനങ്ങള്‍ അടങ്ങിയതാണ് ഈ 200 മണിക്കൂര്‍ പറക്കൽ. ഇത് പൂർത്തിയായാൽ ഒരു ടെസ്റ്റ് കൂടി ഉണ്ടാകും. അതും പാസായാല്‍ സി.പി.എല്‍ ലഭിക്കും. അതിനു മുമ്പ് ക്ലാസ് വണ്‍ മെഡിക്കല്‍ ടെസ്റ്റ് പൂര്‍ത്തിയാക്കി സർട്ടിഫിക്കറ്റ് നല്‍കണം. ഫ്ലയിങ് തുടങ്ങും മുമ്പുതന്നെ ക്ലാസ് വണ്‍ മെഡിക്കല്‍ ചെയ്യുന്നതാണ് നല്ലത്. സി.പി.എല്‍ ലഭിക്കാന്‍ ഡി.ജി.സി.എ നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് പ്രോഫിഷ്യൻസി ടെസ്റ്റ് കൂടി പാസാവണം.
ഇന്ത്യക്ക് പുറത്ത് പലയിടത്തും പറക്കൽ പരിശീലനം 150 - 180 മണിക്കൂറാണ്. പല രാജ്യങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരിശീലനം പ്രത്യേകം 200 മണിക്കൂറായി നല്‍കുന്നുണ്ട്. വിദേശത്ത് പറക്കൽ 12 -18 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍, ഇന്ത്യയില്‍ മൂന്നുവര്‍ഷം വരെ എടുക്കാറുണ്ട്. മികച്ച വിമാനങ്ങളുടെ കുറവ്, പറക്കൽ ഷെഡ്യൂള്‍ ചെയ്ത് കിട്ടുന്നതിലെ കാലതാമസം, സാങ്കേതികവും നിയമപരവുമായ സങ്കീര്‍ണതകള്‍, വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ എന്നിവയാണ് ഇതിന് കാരണം. അതിനാല്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികളും ഗ്രൗണ്ട് ടെസ്റ്റിനുശേഷം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണതയുണ്ട്.
അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഫ്ലയിങ് സൗകര്യങ്ങള്‍ കൂടുതലാണ്. പക്ഷേ, ഗ്രൗണ്ട് ടെസ്റ്റിന് അവിടത്തെ നിയമമനുസരിച്ച് ആദ്യത്തെ മൂന്നു പേപ്പര്‍ മാത്രമേ എഴുതേണ്ടതുള്ളൂ. ഇന്ത്യയില്‍നിന്ന് ഗ്രൗണ്ട് പേപ്പര്‍ പാസായി വിദേശ സ്ഥാപനങ്ങളില്‍ ചേര്‍ന്നാല്‍ കുറച്ച് കൂടി എളുപ്പമാകും കാര്യങ്ങള്‍. ഇവിടെ ഗ്രൗണ്ട് ടെസ്റ്റ് ചെയ്യിപ്പിച്ച് വിദേശത്ത് പറക്കൽ പരിശീലനം നൽകാന് സഹായിക്കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. വിദേശത്ത് സി.പി.എല്‍ പൂർത്തിയാക്കിയവര്‍ നാട്ടില്‍ വന്നു ഡി.ജി.സി.എ വഴി ഇന്ത്യന്‍ ലൈസന്‍സിലേക്ക് മാറേണ്ടതുണ്ട്.
3. ടൈപ് റേറ്റിങ്
സി.പി.എല്‍ പൂര്‍ത്തിയാക്കിയത് കൊണ്ട് മാത്രം ഒരാള്‍ പൈലറ്റ് ആകുന്നില്ല. പ്രത്യേക തരം വിമാനങ്ങൾ പറത്താൻ പൈലറ്റുമാരെ അനുവദിക്കുന്ന നിർണായക സർട്ടിഫിക്കേഷനാണ് ടൈപ് റേറ്റിങ്.
പറക്കൽ പരിശീലിച്ചത് ചെറുവിമാനങ്ങളിലായതിനാൽ വിമാന കമ്പനികള്‍ സാധാരണ ഉപയോഗിക്കുന്ന എ 320, എ 350, എ 777 പോലുള്ള വലിയ വിമാനങ്ങളിൽ പരിശീലനവും പരിചയവും നേടേണ്ടതുണ്ട്. അത്തരം വിമാനങ്ങൾ വാടകക്ക് എടുക്കുന്നത് ചെലവേറിയതാണ്. ജോലി കിട്ടാന്‍ അങ്ങനെ ഒരു പരിശീലനത്തിന്റെ ആവശ്യമില്ല. പകരം ഫ്ലൈറ്റ് സിമുലേറ്റര്‍ ഉപയോഗിച്ച് പരിശീലനം നേടിയാല്‍ മതി. ഏതാണ്ട് 45 ദിവസം നീളുന്ന പരിശീലനമാണിത്.
ഏതുതരം വിമാനത്തിൽ പരിശീലനം നടത്തണം എന്നത് നേരത്തേ തീരുമാനിച്ച് അതിനായുള്ള ഫ്ലൈറ്റ് സിമുലേറ്റര്‍ സംവിധാനം ഉള്ളിടത്ത് പോയി പരിശീലനം നടത്തുക. എ 320, എ 350, എ 777 പോലുള്ളവയില്‍ ഏതെങ്കിലും ഒന്നില്‍ പരിശീലനം നടത്തിയശേഷം ജോലി കിട്ടുന്നത് വേറെ ഒന്നിലാണെങ്കില്‍ അത് ബുദ്ധിമുട്ടാവും. അതിനാല്‍ ടൈപ് റേറ്റിങ് ആദ്യം തന്നെ ചെയ്യണം എന്നില്ല. ഒട്ടു മിക്ക വിമാന കമ്പനികളും പ്രീ ടൈപ് റേറ്റിങ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട് ജോലി ഏത് തരം വിമാനത്തിലാണോ അതിനനുസരിച്ച് ടൈപ് റേറ്റിങ് ചെയ്താല്‍ മതിയാകും.
ഇങ്ങനെ മൂന്നു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി നല്ലൊരു പൈലറ്റ് ആകാവുന്നതാണ്. ഏകദേശം ഒന്നരലക്ഷം മുതല്‍ മൂന്നുലക്ഷം വരെ തുടക്കത്തില്‍ പ്രതിമാസം ശമ്പളം ഉണ്ടാകും. അത് പരിചയസമ്പന്നതക്ക് അനുസരിച്ച് പരമാവധി 10 മുതല്‍ 15 ലക്ഷംവരെ ഉയരാം.
സ്ഥാപനങ്ങളും യോഗ്യതയും
ഇന്ത്യയില്‍ ഡി.ജി.സി.എ അംഗീകരിച്ച 38 സ്ഥാപനങ്ങളാണ് പൈലറ്റ് പരിശീലനം നല്‍കിവരുന്നത്. ഇതില്‍ എട്ടെണ്ണം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരെണ്ണം കേന്ദ്ര സ്ഥാപനവുമാണ്. കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി അഥവാ ഇഗ്രുവ ഏറ്റവും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പങ്കാളിത്തമുള്ള സ്വകാര്യ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത നാഷനല്‍ ഫ്ലയിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും മികച്ച സ്ഥാപനമാണ്.
ഫിസിക്സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളായി പഠിച്ച് പാസായ പ്ലസ് ടു ആണ് പൈലറ്റ് പരീശീലനത്തിന് പ്രവേശന യോഗ്യത. കുറഞ്ഞത് 153 സെന്റീമീറ്റര്‍ ഉയരം വേണം. വിദേശത്ത് ഈ നിബന്ധനയും ഇല്ല. ഇന്ത്യയില്‍ ഇഗ്രുവ 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, മാത്സ്, ഇംഗ്ലീഷ് പഠിച്ച് പാസായ പ്ലസ് ടു ആണ് യോഗ്യതയായി പറയുന്നത്. ചില സ്ഥാപനങ്ങള്‍ 55 ഉം 60 ഉം ശതമാനം മാര്‍ക്കുകള്‍ നിഷ്കര്‍ഷിക്കുന്നത് കാണാം. ഇഗ്രുവയില് ഒ.ബി.സി, എസ്.സി/ എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. ഉയരം കുറഞ്ഞത് 158 സെന്റീമീറ്റര്‍ വേണം. പരമാവധി പ്രായപരിധി 28 ആണ്. ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് ഇവിടെ പ്രവേശനം. സ്വകാര്യ സ്ഥാപനങ്ങളില്‍ അങ്ങനെ പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് രീതികളില്ല. താൽപര്യമുള്ളവര്ക്ക് നിഷ്കര്‍ഷിച്ച മാര്‍ക്കും മെഡിക്കല്‍ ഫിറ്റ്നസും ഉണ്ടെങ്കില്‍ പ്രവേശനം നേടാവുന്നതാണ്.
ചെലവില്ലാതെ പൈലറ്റ് ആവാം
അധികം ചെലവില്ലാതെ പൈലറ്റ് ആവാന്‍ പറ്റിയ വഴിയാണ് പ്രതിരോധ സേന നല്‍കുന്നത്. എന്‍.ഡി.എ, സി.ഡി.എസ്.ഇ, അഫ്കാറ്റ് എന്നീ ഡിഫന്‍സ് പ്രവേശന പരീക്ഷകള്‍ വഴിയാണ് ഇതിന് അവസരം. ഏത് പരീക്ഷ വഴി ആയാലും കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷന് സിസ്റ്റം എന്ന കടമ്പ പാസാകണം. ഒരിക്കല്‍ ഈ ടെസ്റ്റ് പരാജയപ്പെട്ടാല്‍ പിന്നീട് എഴുതാനാവില്ല. സെലക്ഷന് കിട്ടിയാല്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയിൽ പൈലറ്റ് ആവാം. ഇവിടെ പ്രൈവറ്റ് ലൈസന്‍സ് മാത്രമാണ്. സേവനകാലം പൂര്‍ത്തിയാക്കിയാല്‍ സി.പി.എല്‍ ആയി മാറ്റാം. ഹെലികോപ്ടര്‍ പൈലറ്റ് ലൈസന്‍സിന് 40 മണിക്കൂര്‍ പറത്തൽ പരിശീലനം മതി.
ചെലവുകള്‍
● ഗ്രൗണ്ട് ടെസ്റ്റും മെഡിക്കല്‍ പരിശോധനകളും : രണ്ട് -മൂന്നു ലക്ഷം രൂപ
● പറക്കൽ പരിശീലനം: 36 - 65 ലക്ഷം രൂപ.
● ടൈപ് റേറ്റിങ്: 15-20 ലക്ഷം
● മൊത്തത്തില്‍ 55 ലക്ഷം മുതല്‍ 88 ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കാം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.