പ്ലസ് വൺ: രണ്ട് അലോട്ട്മെന്‍റുകളിൽ പ്രവേശനം ഉറപ്പാക്കിയത് 2,17,033 പേർ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റിൽ പ്രവേശനം പൂർത്തിയായപ്പോൾ ആകെ അലോട്ട്മെന്‍റ് ലഭിച്ച 2,32,962 പേരിൽ പ്രവേശനം നേടിയത് 2,17,033 പേർ. ഇതിൽ 139621 പേർ സ്ഥിര പ്രവേശനവും 77412 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്. 15128 പേർ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല.
അലോട്ട്മെന്‍റ് ലഭിച്ച 285 പേർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് പ്രവേശനം നിരസിച്ചു. 2268 പേർക്ക് സ്പോർട്സ് ക്വോട്ടയിൽ അലോട്ട്മെന്‍റ് നൽകിയപ്പോൾ 2168 പേർ പ്രവേശനം നേടി.
ഏകജാലക പ്രവേശനത്തിന് പുറത്ത് 11703 പേർക്ക് ഇതുവരെ കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം കിട്ടി. 1184 പേർ മാനേജ്മെന്‍റ് ക്വോട്ടയിലും 1214 പേർ അൺ എയ്ഡഡ് സീറ്റുകളിലും പ്രവേശനം നേടിയതായാണ് സ്കൂളുകൾ റിപ്പോർട്ട് ചെയ്തത്. താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവരും മൂന്നാം അലോട്ട്മെന്‍റിൽ പുതുതായി അലോട്ട്മെന്‍റ് ലഭിക്കുന്നവരും മൂന്നാം അലോട്ട്മെന്‍റോടെ സ്ഥിരം പ്രവേശനം നേടണം.
ഈ മാസം 22നാണ് മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിവരുന്ന സീറ്റുകളിലേക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ പ്രവേശനം നടത്തും. മൂന്ന് അലോട്ട്മെന്‍റുകളിലും പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്‍ററി ഘട്ടത്തിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവുകൾ കാരണം നിരസിച്ചവർക്കും സപ്ലിമെന്‍ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാനാകും.
സ്പോർട്സ് ക്വോട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റ്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ മുഖ്യഘട്ടത്തിൽ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ല സ്പോർട്സ് കൗൺസിലുകളിൽനിന്ന് സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് വെള്ളിയാഴ്ച മുതൽ 25ന് വൈകീട്ട് അഞ്ചുവരെ അതത് ജില്ല സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാം.
മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയശേഷം സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പുതുതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്‍ററി ഘട്ടത്തിൽ അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് ഒഴിവുകൾക്കനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കാം. കാൻഡിഡേറ്റ് ലോഗിനിൽ Renewal Application എന്ന ലിങ്കിലൂടെ ഈ സൗകര്യം ഉപയോഗിക്കാം.
പുതുതായി അപേക്ഷിക്കേണ്ടവർ Create Candidate Login-Sports എന്ന ലിങ്കിലൂടെ Candidate Login-Sports സൃഷ്ടിച്ച് പ്രവേശനവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ നടത്തണം. ഈ മാസം 26ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്‍ററി അലോട്ട്മെന്റിനുള്ള ഒഴിവുകൾ www.hscap.kerala.gov.inൽ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.