പ്ലസ് വൺ: മലപ്പുറത്ത് സീറ്റില്ലാതെ 27,000 അപേക്ഷകർ
text_fieldsതിരുവനന്തപുരം: രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശന നടപടി അവസാന ഘട്ടത്തിലെത്തിയപ്പോൾ മലപ്പുറം ജില്ലയിൽ മാത്രം 27,000 അപേക്ഷകർക്ക് സീറ്റില്ല. താലൂക്ക് അടിസ്ഥാനത്തിൽ അപേക്ഷകരുടെ കണക്ക് പരിശോധിച്ചപ്പോഴാണ് ഇൗ കണ്ടെത്തൽ.
രണ്ടാം അലോട്ട്മെൻറ് പ്രകാരം 85 ശതമാനത്തിലധികം പേരുടെ പ്രവേശന നടപടി പൂർത്തിയായിട്ടുണ്ട്. പുറമെ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട പ്രവേശനവും അവസാനഘട്ടത്തിലാണ്.
ഇൗ സീറ്റുകളിലെ മൂന്നിൽ രണ്ട് പ്രവേശനവും പൂർത്തിയായതുകൂടി പരിഗണിച്ചാണ് ഹയർ സെക്കൻഡറി വിഭാഗം കണക്ക് ശേഖരിച്ചത്. സീറ്റ് ക്ഷാമത്തിെൻറ വ്യക്തമായ ചിത്രം 23ന് ലഭ്യമാകും.സീറ്റ് ക്ഷാമം നിയമസഭയിൽ പലതവണ ഉയർന്നുവന്നതോടെയാണ് വിദ്യാഭ്യാസവകുപ്പ് പരിശോധന ആരംഭിച്ചത്.
മലപ്പുറം ജില്ലയിൽ 77,837 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. 40,994 സീറ്റാണ് ജില്ലയിൽ ഏകജാലക പ്രവേശനത്തിനായുള്ളത്. ജില്ലയിലെ താലൂക്ക് തിരിച്ച കണക്ക് പൊതുവിദ്യാഭ്യാസവകുപ്പിന് കൈമാറിയിട്ടുണ്ട്. 2020ലെ വിദ്യാർഥിപ്രവേശനം അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയിലെ സീറ്റ് ലഭ്യത സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തി ജനുവരിയിൽ ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ജില്ലയിലെ ഏഴ് താലൂക്കിലായി 167 ബാച്ച് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മലപ്പുറത്തിന് പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകളിലും സീറ്റ് ക്ഷാമമുണ്ട്.
സീറ്റ് വർധന, താൽക്കാലിക ബാച്ച് പരിഗണനയിൽ
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്രതിസന്ധിയുള്ള ജില്ലകളിൽ നിലവിലുള്ള ബാച്ചുകളിൽ 10 ശതമാനം കൂടി സീറ്റ് വർധന ഉൾപ്പെടെ നിർദേശങ്ങൾ സർക്കാർ പരിഗണനയിൽ. സർക്കാർ ഹയർ സെക്കൻഡറികളിലായിരിക്കും സീറ്റ് വർധനക്ക് മുൻഗണന നൽകുക. എയ്ഡഡിൽ മാനേജ്മെൻറ് താൽപര്യപ്പെടുന്നവയിലായിരിക്കും വർധന പരിഗണിക്കുക.
പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിലും തിരുവനന്തപുരം ജില്ലയിലും നേരേത്ത 20 ശതമാനം സീറ്റ് വർധിപ്പിച്ചിരുന്നു. ഇൗ ജില്ലകളിൽ നിലവിൽ ബാച്ചിലെ കുട്ടികളുടെ എണ്ണം 60 ആയിട്ടുണ്ട്. സീറ്റ് ക്ഷാമത്തിെൻറ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളെയാണ് വർധനക്ക് പരിഗണിക്കുന്നത്. 10 ശതമാനം വർധന വന്നാൽ ഇൗ ജില്ലകളിൽ ബാച്ചിലെ കുട്ടികളുടെ എണ്ണം 65 ആയി ഉയരും. ബാച്ചിൽ കുട്ടികളുടെ എണ്ണം ഉയർത്തുന്നതിനെ നേരേത്ത ഹൈകോടതി വിമർശിച്ചിരുന്നു. സീറ്റ് വർധനക്ക് പുറമെ താൽക്കാലിക ബാച്ച്, കുട്ടികൾ കുറവുള്ള ബാച്ച് ട്രാൻസ്ഫർ ചെയ്യൽ എന്നിവയും പരിഗണിക്കുന്നുണ്ട്. കുട്ടികൾ കുറഞ്ഞ ബാച്ചുകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒരേ വിഷയ കോമ്പിനേഷനുകളിൽ ഒന്നിലധികം ബാച്ചുള്ള സ്കൂളുകളിൽ കുട്ടികൾ കുറവെങ്കിൽ ഒരു ബാച്ച് നിലനിർത്തി മറ്റ് ബാച്ചുകൾ ട്രാൻസ്ഫർ ചെയ്യുന്നതിെൻറ സാധ്യതയാണ് പരിശോധിക്കുന്നത്. 2011ൽ സീറ്റ് ക്ഷാമത്തെ തുടർന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താൽക്കാലിക ബാച്ച് അനുവദിച്ചിരുന്നു. െഗസ്റ്റ് അധ്യാപകരെ നിയോഗിച്ച് നടത്തുന്ന ഇൗ ബാച്ചുകൾ കുട്ടികൾ പഠിച്ചിറങ്ങുന്നതോടെ ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.