പ്ലസ് വൺ: മലബാറിൽ 5820 സീറ്റ് കൂടും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽ 97 താൽക്കാലിക ബാച്ച് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 53 ബാച്ച് സീറ്റ്, ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാലക്കാട് -നാല്, കോഴിക്കോട് -11, വയനാട് -നാല്, കണ്ണൂർ -10, കാസർകോട് 15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ അനുവദിച്ച ബാച്ചുകൾ. പുതിയ ബാച്ചിൽ 57 എണ്ണം സർക്കാർ സ്കൂളുകളിലും 40 എയ്ഡഡ് സ്കൂളുകളിലുമാണ്. 17 സയൻസ് ബാച്ചും 52 ഹ്യുമാനിറ്റീസ് ബാച്ചും 28 കോമേഴ്സ് ബാച്ചുമാണ് അനുവദിച്ചത്. ഒന്നിൽ 60 കുട്ടികൾ എന്ന തോതിൽ 97 ബാച്ചിലൂടെ 5820 സീറ്റ് വർധിക്കും.
മതിയായ കുട്ടികൾ ഇല്ലാത്ത 14 ബാച്ചുകൾ നേരത്തേ മലപ്പുറം ജില്ലയിലേക്ക് മാറ്റിയിരുന്നു. ഇതിലൂടെ മൊത്തം 111 ബാച്ചുകളാണ് ഈ വർഷം മലബാറിൽ അധികമായി ലഭിക്കുക. മലപ്പുറം ജില്ലയിൽ അനുവദിച്ച 53ൽ 32 ബാച്ച് ഹ്യുമാനിറ്റീസ് കോമ്പിനേഷനിലാണ്. സയൻസിൽ നാലും കോമേഴ്സിൽ 17ഉം ബാച്ചാണ് ജില്ലയിൽ അനുവദിച്ചത്. പാലക്കാട്: ഹ്യുമാനിറ്റീസ് രണ്ട്, കോമേഴ്സ് രണ്ട്, കോഴിക്കോട്: സയൻസ് രണ്ട്, ഹ്യുമാനിറ്റീസ് അഞ്ച്, കോമേഴ്സ് നാല്, വയനാട്: ഹ്യുമാനിറ്റീസ് -നാല്, കണ്ണൂർ: സയൻസ് -നാല്, ഹ്യുമാനിറ്റീസ് -മൂന്ന്, കോമേഴ്സ് -മൂന്ന്, കാസർകോട്: സയൻസ് -ഏഴ്, ഹ്യുമാനിറ്റീസ് - ആറ്, കോമേഴ്സ് -രണ്ട് എന്നിങ്ങനെയാണ് ബാച്ചുകൾ.
സർക്കാർ സ്കൂളുകളിൽ 12 സയൻസ്, 35 ഹ്യുമാനിറ്റീസ്, 10 കോമേഴ്സ് ബാച്ചും എയ്ഡഡിൽ അഞ്ച് സയൻസ്, 17 ഹ്യുമാനിറ്റീസ്, 18 കോമേഴ്സ് ബാച്ചും ഉൾപ്പെടുന്നു.പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ വിദ്യാർഥികള്‍ പ്രവേശനം നേടാത്ത ബാച്ചുകള്‍ റദ്ദാക്കും. ആ ബാച്ചില്‍ പ്രവേശനം നേടിയവരെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപ സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റും 97 പുതിയ ബാച്ചും ചേർത്ത് വിദ്യാർഥികൾക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.