നാല് ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ചിന് ശിപാർശ; സർക്കാർ നിലപാട് നിർണായകം
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിടുന്ന നാല് ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശ. ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയാണ് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ അധിക ബാച്ച് അനുവദിക്കാൻ ശിപാർശ നൽകിയത്. അതേസമയം, ശിപാർശയിൽ സർക്കാർ നിലപാട് നിർണായകമാകും.
അധിക ബാച്ചില്ലെന്നും കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നേരത്തേ അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. മുൻവർഷങ്ങളിൽ 30 ശതമാനം വരെ ആനുപാതിക സീറ്റ് വർധനയും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ താൽക്കാലിക ബാച്ചുകളും അനുവദിച്ചായിരുന്നു ഈ ജില്ലകളിൽ കൂടുതൽ സീറ്റ് ലഭ്യമാക്കിയിരുന്നത്.
നാല് ജില്ലകളിലും 10 ശതമാനം സീറ്റ് വർധന അനുവദിക്കാമെന്നും മറ്റു ജില്ലകളിൽ സീറ്റ് വർധന പാടില്ലെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഇതു പരിഗണിച്ചാൽ ബാച്ചിൽ പരമാവധി 55 വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
പുതിയ ബാച്ച് അനുവദിക്കുന്നതിന് സർക്കാറിന് മുന്നിലുള്ള തടസ്സം സാമ്പത്തിക ബാധ്യതതന്നെയാണ്. 150 ഓളം ബാച്ചുകൾ അനുവദിക്കാനുള്ള ശിപാർശയാണ് സമിതി സമർപ്പിച്ചത്. ബാച്ചുകൾ അനുവദിച്ചാൽ അധ്യാപക നിയമനവും നടത്തേണ്ടിവരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ പുതിയ ബാച്ച് അനുവദിക്കണമെന്ന ശിപാർശയിൽ ഉടൻ തീരുമാനമുണ്ടാകാനിടയില്ല.
എസ്.എസ്.എൽ.സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങൾക്കകം ഹയർസെക്കൻഡറി പ്രവേശന നടപടികൾ ആരംഭിക്കും. അതിനു മുമ്പ് റിപ്പോർട്ടിൽ നടപടിയുണ്ടാകില്ല. സീറ്റ് വർധന 10 ശതമാനത്തിലേക്ക് ചുരുക്കിയാൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും.
ബാച്ച് അനുവദിക്കാതിരിക്കുകയും സീറ്റ് വർധന 10 ശതമാനത്തിൽ പരിമിതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അതും മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.