പ്ലസ് വൺ പ്രവേശനം: വിജ്ഞാപനത്തിന് മുമ്പേ അക്ഷയ വഴി അപേക്ഷ വാങ്ങി; 25 രൂപക്ക് പകരം ഫീസ് 140 രൂപ!
text_fieldsതൃക്കരിപ്പൂർ: പ്ലസ് വൺ പ്രവേശനത്തിന് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പേ അപേക്ഷാ ഫോറം സ്വീകരിച്ച് അക്ഷയ കേന്ദ്രങ്ങൾ. 11-ന് ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കാനിരിക്കെയാണ്, സ്വന്തം നിലക്ക് അപേക്ഷ ഫോറം അച്ചടിച്ച് വിതരണം ചെയ്തത്. അപേക്ഷ ഫോറത്തിന് മാത്രം 10 രൂപയാണ് കേന്ദ്രങ്ങളിൽ ഈടാക്കുന്നത്.
പഠിച്ചിറങ്ങിയ സ്‌കൂളിലെ കമ്പ്യൂട്ടർ അനുബന്ധ സൗകര്യങ്ങളും അധ്യാപകരുടെ സഹായത്തോടെ അപേക്ഷ സമർപ്പിക്കാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ഒരു കുട്ടിയോട് അപേക്ഷ സമർപ്പണത്തിനായി 140 രൂപയാണ് ഈടാക്കിയത്. കോഴ്‌സിന് ചേരുന്ന സമയത്ത് 25 രൂപമാത്രമാണ് അപേക്ഷ ഫീസായി നൽകേണ്ടത്. ഇതിനാണ് അഞ്ചിരട്ടിയിലേറെ ഫീസ് ഈടാക്കി കുട്ടികളെ ചൂഷണം ചെയ്യുന്നത്.
അക്ഷയ കേന്ദ്രങ്ങൾ സ്ഥലപ്പേര് വെച്ചും അല്ലാതെയും അപേക്ഷ അച്ചടിച്ചിട്ടുണ്ട്. ചിലത് സർക്കാർ മുദ്ര പ്രത്യേകം ചേർത്തവയാണ്. ഐ.ടി അറ്റ് സ്‌കൂളിന്റെ ലോഗോയാണ് മറ്റുചിലർ ഉപയോഗിച്ചത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് അപേക്ഷ സംബന്ധിച്ച് അറിഞ്ഞതെന്ന് 'അപേക്ഷ' പൂരിപ്പിച്ചു നൽകിയ വിദ്യാർഥികൾ പറഞ്ഞു.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ വെബ് സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്. ഇതിൽ കൊടുക്കുന്ന ലോഗിൻ വിവരങ്ങൾ സൂക്ഷിച്ചുവെച്ചാൽ അലോട്ട്‌മെന്റ്മെന്റ് വിവരങ്ങൾ അറിയാൻ കഴിയും. സുതാര്യമായ ഏകജാലക സംവിധാനം ഉണ്ടായിരിക്കെ മറ്റൊരു ഏജൻസി അപേക്ഷ തയാറാക്കി വിവരങ്ങൾ ശേഖരിക്കുന്നത് അനാധികൃതമാണെന്ന് ഹയർസെക്കൻഡറി അധ്യാപകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.