പ്ലസ് വൺ പ്രവേശനം: ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് അതേ നേട്ടത്തിന് ബോണസ് പോയന്റ് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. 10ാം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്റ് ഒഴിവാക്കിയാണ് പ്രോസ്പെക്ടസ് അംഗീകരിച്ചത്. എൻ.സി.സി/ സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാരം, രാഷ്ട്രപതി പുരസ്കാരം നേടിയവർ/ സ്റ്റുഡന്റ് പൊലീസ് കാഡറ്റ്/ ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് ലഭിച്ചവർ എന്നിവർക്ക് ഈ ഇനങ്ങളിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ബോണസ് പോയന്റ് ലഭിക്കില്ല. കൂടുതൽ ബോണസ് പോയന്റിന് അർഹതയുണ്ടായാൽ പരമാവധി നൽകുന്നത് 10 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷകൾ ജൂൺ രണ്ടു മുതൽ അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് അപേക്ഷ സമർപ്പണം നടത്താം. ജൂൺ ഒമ്പതാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. 13ന് ട്രയൽ അലോട്ട്മെന്റും 19ന് ആദ്യ അലോട്ട്മെന്റും നടത്തും. ജൂലൈ ഒന്നിന് മൂന്ന് അലോട്ട്മെന്റ് അടങ്ങിയ മുഖ്യഘട്ട പ്രവേശനം അവസാനിക്കും. ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ തുടങ്ങും. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സപ്ലിമെന്റ് അലോട്ട്മെന്റ് ജൂലൈ 10 മുതൽ ആഗസ്റ്റ് നാലു വരെ നടക്കും. ആഗസ്റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
സ്പോർട്സ് ക്വോട്ട സീറ്റിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ ഏഴു മുതൽ 15 വരെ നടത്താം. ഒന്നാം അലോട്ട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും.
സ്പോർട്സ് ക്വോട്ട മുഖ്യഘട്ട അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനായിരിക്കും. സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി ഘട്ട പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ മൂന്നു മുതൽ നാലു വരെ നടത്താം. ജൂലൈ ആറിന് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് ജൂൺ 15 മുതൽ സ്കൂളുകൾ അപേക്ഷ വിതരണം ചെയ്യണം. 15 മുതൽ 24 വരെ അപേക്ഷകരുടെ േഡറ്റ എൻട്രി നടത്തണം. സ്കൂളുകൾ റാങ്ക് പട്ടിക ജൂൺ 26ന് പ്രസിദ്ധീകരിക്കുകയും അന്ന് തന്നെ പ്രവേശനം തുടങ്ങുകയും ചെയ്യണം. സപ്ലിമെൻററി ഘട്ടം ജൂലൈ രണ്ടിന് തുടങ്ങും. റാങ്ക് പട്ടിക ജൂലൈ നാലിന് പ്രസിദ്ധീകരിക്കും. ജൂലൈ അഞ്ചിന് പ്രവേശനം തുടങ്ങി ഏഴിന് അവസാനിപ്പിക്കണം. മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് ജൂൺ 26ന് പ്രവേശനം തുടങ്ങി ജൂലൈ നാലിന് അവസാനിപ്പിക്കണം. അൺഎയ്ഡഡ് ക്വോട്ട പ്രവേശനം ജൂൺ 26ന് തുടങ്ങി ജൂലൈ നാലിന് പൂർത്തിയാക്കണം.
കമ്യൂണിറ്റി, അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിൽ മെറിറ്റ് പാലിച്ചില്ലെങ്കിൽ നടപടി
എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് പ്രിൻസിപ്പൽമാർ ആവശ്യമായ പ്രചാരണം നൽകണമെന്നും അതത് സമുദായത്തിലെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കണമെന്നും പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുണ്ട്. സർക്കാർ നിർദേശിച്ച സമയക്രമം പാലിച്ചായിരിക്കണം കമ്യൂണിറ്റി ക്വോട്ട റാങ്ക് പട്ടിക പ്രസിദ്ധീകരിക്കേണ്ടതും പ്രവേശനം നൽകേണ്ടതും. അതത് സമുദായങ്ങളിൽ നിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ ഒഴിവുള്ള സീറ്റുകൾ നിർദിഷ്ട തീയതിക്ക് ശേഷം പൊതുമെറിറ്റ് സീറ്റായി പരിഗണിച്ച് അലോട്ട്മെന്റ് നടത്താൻ പരിവർത്തനം ചെയ്യണം. അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിലേക്ക് സ്കൂൾ തലത്തിൽ നടത്തുന്ന പ്രവേശനത്തിൽ 40 ശതമാനം മെറിറ്റും 12 ശതമാനം പട്ടികജാതി സംവരണവും എട്ട് ശതമാനം പട്ടിക വർഗ സംവരണവും പാലിക്കണം. ഈ സീറ്റുകളിൽ മെറിറ്റ് ഉറപ്പാക്കിയുള്ള പ്രവേശനം സ്കൂൾ അധികൃതരുടെ ഉത്തരവാദിത്വമാണ്. റാങ്ക് പട്ടിക ഗ്രേഡ് പോയന്റ് സഹിതം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. അൺഎയ്ഡഡിൽ 40 ശതമാനം സീറ്റാണ് മാനേജ്മെന്റ് ക്വോട്ടയിലുള്ളത്. സർക്കാർ നിർദേശത്തിന് വിരുദ്ധമായി നടത്തുന്ന പ്രവേശനം പുനഃപരിശോധിക്കാനും റദ്ദാക്കാനും ഡയറക്ടർക്ക് അധികാരമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.