പ്ലസ് വൺ പ്രവേശനം: കമ്യൂണിറ്റി ക്വോട്ട സർക്കാർ ഏറ്റെടുക്കുന്നത് അടുത്ത വർഷം
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനം ഈ വർഷം സർക്കാർ ഏറ്റെടുക്കില്ല. സോഫ്റ്റ്വെയറിൽ മാറ്റം ആവശ്യമായതിനാൽ അടുത്ത വർഷം മുതൽ ഈ സീറ്റുകൾ ഏറ്റെടുക്കാനാണ് ധാരണ.
പ്ലസ് വൺ പ്രോസ്പെക്ടസ് ഭേദഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ ഈ വർഷവും സ്കൂൾ തലത്തിൽ പ്രവേശനം നടത്താൻ നിർദേശിച്ചത്. നേരത്തേ പ്രോസ്പെക്ടസിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ഏപ്രിൽ 27ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റ് സർക്കാർ ഏറ്റെടുക്കണമെന്ന് നിർദേശിച്ചത്. ഇതിന് സർക്കാർ തലത്തിൽനിന്ന് അനുകൂല പ്രതികരണവുമായിരുന്നു. എന്നാൽ, ഏകജാലക പ്രവേശന നടപടികൾ നടത്തുന്നത് എൻ.ഐ.സി തയാറാക്കിയ സോഫ്റ്റ്വെയർ അധിഷ്ഠിതമായാണ്. കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനവും ഇതോടൊപ്പം കൊണ്ടുവരുമ്പോൾ സോഫ്റ്റ്വെയറിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമാണ്. ഇതിന് എൻ.ഐ.സിക്ക് കൂടുതൽ സമയം ആവശ്യമാണ്.
ഇതു പ്രവേശന നടപടികൾ വൈകാനിടയാക്കുമെന്ന ധാരണയിലാണ് ഈ വർഷം കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് പഴയ രീതിയിൽതന്നെ അലോട്ട്മെന്റ് നടത്താൻ തീരുമാനിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പിന്നാലെ പ്രഫ. കാർത്തികേയൻ നായർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലും കമ്യൂണിറ്റി ക്വോട്ട സീറ്റ് പ്രവേശനം സർക്കാർ ഏറ്റെടുക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.
സംസ്ഥാനത്ത് ചില എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിൽ കൃത്രിമം നടക്കുന്നെന്ന് ഏതാനും വർഷമായി സർക്കാറിന് പരാതി ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വരെ എയ്ഡഡ് മാനേജ്മെന്റുകൾ അനധികൃതമായി കൈവശം വെച്ച 10 ശതമാനം സീറ്റുകൾ സർക്കാർ ഏറ്റെടുത്ത് മെറിറ്റിൽ ലയിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സർക്കാർ അലോട്ട്മെന്റ് നടത്താനുള്ള നിർദേശം ഉയർന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.