പ്ലസ് വൺ അഡ്മിഷൻ: അപേക്ഷകരില്ല, മുന്നാക്ക സംവരണ സീറ്റുകളിൽ പകുതിയിലധികവും ഒഴിഞ്ഞു കിടക്കുന്നു
text_fieldsകോഴിക്കോട്: മുന്നാക്ക സംവരണത്തിനായി അനുവദിച്ച സീറ്റുകളിൽ പകുതിയിലേറെ സീറ്റുകളിലേക്കും അപേക്ഷകരില്ല. 8000 ത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കണക്ക്. കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ ഡയറക്റ്ററിയേറ്റ് പുറത്തുവിട്ട പ്ലസ് വൺ അഡ്മിഷൻ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് പ്രകാരം മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്ക് അനുവദിച്ച സീറ്റുകളിൽ 8000 ൽ പരം സീറ്റുകളിലേക്ക് അപേക്ഷകരില്ല.
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്തു ശതമാനം വരെ സംവരണം അനുവദിക്കാം എന്ന 103ാം ഭരണഘടന ഭേദഗതി നടപ്പാക്കുന്നതിൻെറ ഭാഗമായി 16711 സീറ്റുകളാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്യു.എസ് ) അനുവദിച്ചിരുന്നത്. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്തിറക്കിയ കണക്ക് പ്രകാരം ആകെ 7744 സീറ്റുകളിലേക്ക് മാത്രമാണ് അപേക്ഷകരുള്ളത്. ബാക്കി 8967 സീറ്റുകൾ അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്.
ജില്ല അടിസ്ഥാനത്തിലുള്ള കണക്കുകൾ നോക്കിയാൽ മലബാർ മേഖലയിലെ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ നിലവിലുള്ള ജില്ലകളിൽ ആദ്യ അഞ്ചു സ്ഥാനവും മലബാർ മേഖലയിലെ ജില്ലകളിലാണുള്ളത്.
ഏറ്റവും കൂടുതൽ സീറ്റുകൾ അനുവദിക്കപ്പെട്ടത് മലപ്പുറം ജില്ലയിലാണ് -2712 സീറ്റുകൾ . എന്നാൽ 377 അപേക്ഷകർ മാത്രമാണ് മലപ്പുറത്തുള്ളത്. ബാക്കി 2335 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. 1746 സീറ്റുകൾ അനുവദിക്കപ്പെട്ട കണ്ണൂരിൽ 1321 ഉം 1548 സീറ്റുകൾ ഉള്ള പാലക്കാട് 972 സീറ്റും 1560 സീറ്റുകൾ ഉള്ള കോഴിക്കോട് 765 ഉം 1026 സീറ്റുകൾ അനുവദിക്കപ്പെട്ട കാസർകോട് 721 സീറ്റുകളും അപേക്ഷകർ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്.
അനുവദിക്കപ്പെട്ട സീറ്റുകളിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് കൊല്ലം ജില്ലയിലാണ് . 1185 സീറ്റുകളിൽ 1109 സീറ്റുകളും അലോട്ട്മെൻറ് കഴിഞ്ഞിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. 76 സീറ്റുകൾ മാത്രമാണ് കൊല്ലം ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നത്. തെക്കൻ ജില്ലകളിലും അനുവദിക്കപ്പെട്ട സീറ്റുകളുടെ പകുതിയിൽ അധികവും അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. അവസാന അലോട്ട്മെൻറ് കഴിഞ്ഞാലും ഈ കണക്കുകളിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ നിർയിക്കുന്നതിനുള്ള മാനദണ്ഡം ഇത്രയേറെ ഉദാരമാക്കിയിട്ടും അപേക്ഷകർ ഇല്ല എന്നത് യഥാർത്ഥത്തിൽ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന് അർഹരായിട്ടുള്ളവർ ഇല്ലെന്നാണ് കാണിക്കുന്നതെന്ന് മെക്ക ജനറൽ സെക്രട്ടറിൽ എൻ.കെ അലി പ്രതികരിച്ചു.
കേരളത്തിലെ കോളേജ് അഡ്മിഷനിൽ നിലവിലുണ്ടായിരുന്നത് പോലെ ബി.പി.എൽ സർട്ടിഫിക്കറ്റ് ആയിരുന്നു സംവരണത്തിനുള്ള മാനദണ്ഡം എങ്കിൽ അപേക്ഷകരുടെ എണ്ണം ഇതിലും കുറയുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടി കാട്ടി. അവസാന അലോട്മെൻറ് കൂടി കഴിഞ്ഞാൽ മുന്നാക്ക സംവരണത്തിന് നീക്കി വെച്ച സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്നും സ്പോട്ട് അലോട്ട്മെൻറിലൂടെ അനർഹരായ ആളുകൾ പ്രവേശനം നേടുന്നതിലേക്കാണ് ഇത് നയിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ നിലവിലുള്ള സംവരണ തോത് പരിശോധിക്കുമ്പോൾ മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ളതിനേക്കാൾ സീറ്റുകളാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് അനുവദിച്ചിട്ടുള്ളത്. ഈഴവ വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട 13002 സീറ്റുകളിൽ 64 സീറ്റുകളും മുസ്ലിം വിഭാഗത്തിന് അനുവദിക്കപ്പെട്ട 11313 സീറ്റുകളിൽ 152 സീറ്റുകളും മാത്രമാണ് അപേക്ഷകർ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നത്.
ആകെ അപേക്ഷകർ 476046 പേരാണുള്ളത്. നിലവിലുള്ള 280212 സീറ്റുകളിൽ 222522 സീറ്റുകളിൽ അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ 57878 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്നും കണക്കുകൾ പറയുന്നു. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ ഭൂരിപക്ഷവും എസ്.സി-എസ്.ടി സംവരണ സീറ്റുകളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
42250 സീറ്റുകൾ എസ്.സി വിഭാഗത്തിന് നീക്കി വെച്ചിട്ടുണ്ട് എങ്കിലും 10934 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തു വിട്ട കണക്ക് കാണിക്കുന്നു. 27916 സീറ്റുകളാണ് എസ്.ടി വിഭാഗത്തിന് നീക്കി വെച്ചിട്ടുള്ളതെങ്കിലും ഏറ്റവും കുറവ് അപേക്ഷകരുള്ളത് ഈ വിഭാഗത്തിൽ നിന്നാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 4089 അപേക്ഷകർ മാത്രമാണ് ഈ വിഭാഗത്തിൽ നിന്ന് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിട്ടുള്ളത്. ബാക്കി 23827 സീറ്റുകൾ അപേക്ഷകർ പോലും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടെന്നതിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഓൺലൈൻ അലോട്മെൻറ് സമ്പ്രദായത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം പലപ്പോഴും എസ്.ടി വിഭാഗത്തിൽ നിന്ന് വരുന്നവർക്ക് തങ്ങളുടെ താമസ സ്ഥലത്തോട് ചേർന്നുള്ള സ്‌കൂളുകളിൽ അഡ്മിഷൻ കിട്ടാത്ത അവസ്ഥയുണ്ടെന്നും ഇത് പലപ്പോഴും എസ്.ടി വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ പ്ലസ് വൺ അഡ്മിഷൻ എടുക്കാതിരിക്കാൻ കാരണമാണെന്നും പിന്നാക്ക വിഭാഗ കോർപ്പറേഷൻ ഡയറക്റ്റർ ആയിരുന്ന വി.ആർ ജോഷി പ്രതികരിച്ചു. ഏകജാലക പ്രവേശന സമ്പ്രദായത്തിലെ സാങ്കേതിക പ്രശ്നങ്ങൾ താൻ പലപ്പോഴും അധികൃതരുടെ മുമ്പിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്നും ഫലപ്രദമായ ഒരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. കേരളത്തിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ആവശ്യമില്ലെന്നും മുന്നാക്ക സമുദായങ്ങളിലെ ഭൂരിഭാഗവും കൂടുതൽ അടിസ്ഥാന സൗകര്യവും ഫീസും നിലവിലുള്ള അൺഎയ്ഡഡ് മേഖലയിലാണ് പഠിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.