പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റിലും തെളിയുന്നത് മലബാറിലെ സീറ്റ് ക്ഷാമം
text_fieldsതിരുവനന്തപുരം: മലപ്പുറം ഉൾപ്പെടെ മലബാർ ജില്ലകളിൽ ഇത്തവണയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കില്ലെന്ന് വ്യക്തമാക്കി ട്രയൽ അലോട്ട്മെന്റ്. മലപ്പുറത്ത് ഏകജാലക പ്രവേശനത്തിനായി മൊത്തം 80,903 അപേക്ഷകരാണുള്ളത്. ഇവർക്ക് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 47,509 മെറിറ്റ് സീറ്റുകളാണ് ഏകജാലക പ്രവേശനത്തിനുള്ളത്. ഇതിലേക്ക് 34,679 പേർക്കാണ് ട്രയൽ ഘട്ടത്തിൽ അലോട്ട്മെന്റ് നൽകിയത്. 46,224 അപേക്ഷകർ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടില്ല.
ട്രയൽ അലോട്ട്മെന്റിൽ അവശേഷിക്കുന്ന സീറ്റുകൾ 12,830 ആണ്. അലോട്ട്മെന്റ് ലഭിക്കാത്തവരുടെയും അവശേഷിക്കുന്ന സീറ്റുകളുടെയും എണ്ണം പരിഗണിച്ചാൽ 33,394 സീറ്റിന്റെ കുറവാണ് മലപ്പുറം ജില്ലയിൽ മാത്രമുള്ളത്. ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി പരിഗണിച്ചാൽ ആകെയുള്ളത് 55,525 സീറ്റുകളാണ്. ഈ സീറ്റുകളിലേക്ക് പൂർണമായും അലോട്ട്മെന്റ് നടന്നാലും മൊത്തം അപേക്ഷകരിൽ 25,378 പേർ പുറത്താകും.
ജില്ലയിൽ 11,291 സീറ്റാണ് അൺഎയ്ഡഡ് സ്കൂളുകളിലുള്ളത്. ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞവർഷം ജില്ലയിൽ 7341 സീറ്റുകളിലേക്കാണ് വിദ്യാർഥികളെത്തിയത്. ഈ വർഷം അൺഎയ്ഡഡ് സ്കൂളുകളിൽ 7000 വിദ്യാർഥികൾ വരെ പ്രവേശനം നേടിയാലും 18,000 പേർക്ക് സീറ്റുണ്ടാകില്ല. സീറ്റ് ക്ഷാമം പരിഹരിക്കാൻ എട്ട് ജില്ലകളിൽനിന്നുള്ള 14 ബാച്ചുകൾ മലപ്പുറത്തെ സ്കൂളുകളിലേക്ക് മാറ്റിയത് മാത്രമാണ് ഇതുവരെയുള്ള നടപടി.
മൂന്ന് അലോട്ട്മെന്റുകൾ അടങ്ങിയ മുഖ്യഘട്ട പ്രവേശനത്തിനുശേഷം സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയാകുന്നതിനു പിന്നാലെ, പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഇതിനു ശേഷമായിരിക്കും അധിക താൽക്കാലിക ബാച്ചുകൾ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അധിക ബാച്ചുകൾ അനുവദിക്കാനുള്ള നടപടികൾ പൂർത്തിയാക്കി അലോട്ട്മെന്റ് നടത്തുമ്പോഴേക്കും ഒരു മാസമെടുക്കും. അപ്പോഴേക്കും വിദ്യാർഥികൾ ഓപൺ സ്കൂൾ ഉൾപ്പെടെ സമാന്തര പഠന മാർഗങ്ങളിലേക്ക് നീങ്ങും. അപേക്ഷകരുടെ എണ്ണവും ഓപ്ഷനും നോക്കി ആവശ്യമായ അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുമായിരുന്നു. അതിനുപകരം പ്രവേശനത്തിന്റെ അവസാന ഘട്ടത്തിൽ ആവശ്യമെങ്കിൽ താൽക്കാലിക ബാച്ച് അനുവദിക്കാമെന്ന നിലപാടാണ് സർക്കാറെടുത്തത്. കഴിഞ്ഞ വർഷം സീറ്റില്ലാതെ മലപ്പുറം ജില്ലയിൽനിന്ന് മാത്രം ഓപൺ സ്കൂളിൽ പ്രവേശനം നേടിയത് 15,988 പേരാണ്. കാസർകോട് മുതൽ പാലക്കാട് വരെ ജില്ലകളിൽനിന്ന് 31,234 പേരാണ് ഓപൺ സ്കൂളിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.