പ്ലസ് വൺ; ഒന്നാം ഘട്ടത്തിൽ 2,41,104 പേർക്ക് അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന ഒന്നാം ഘട്ടത്തിൽ 2,41,104 പേർക്ക് അലോട്ട്മെന്റ്. ഏകജാലക രീതിയിൽ പ്രവേശനം നടക്കുന്ന 3,03,409 മെറിറ്റ് സീറ്റുകളിലേക്ക് 4,60,147 അപേക്ഷകരാണുണ്ടായിരുന്നത്. ആദ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ശേഷിക്കുന്നത് 62,305 സീറ്റാണ്. ഇവ പൂർണമായും വിവിധ സംവരണ സീറ്റുകളാണ്. 14 ജില്ലയിലെയും മുഴുവൻ ജനറൽ സീറ്റും ആദ്യ അലോട്ട്മെന്റിലൂടെ നികത്തിയിട്ടുണ്ട്.
ഒഴിവുള്ള 62,305 സീറ്റിൽ 25,564 എണ്ണം എസ്.ടി വിഭാഗത്തിന്റെയും 11,989 എസ്.സി വിഭാഗത്തിന്റെയും സംവരണ സീറ്റാണ്. 9325 സീറ്റ് സാമ്പത്തിക പിന്നാക്ക വിഭാഗ (ഇ.ഡബ്ല്യു.എസ്) ത്തിന് സംവരണം ചെയ്തതാണ്. മറ്റ് സംവരണ വിഭാഗങ്ങളിലെ സീറ്റൊഴിവുകൾ: ഈഴവ 99, മുസ്ലിം 177, ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ 3372, പിന്നാക്ക ക്രിസ്ത്യൻ 1089, പിന്നാക്ക ഹിന്ദു 449, ധീവര 2164, വിശ്വകർമ 43, കുശവ 1479, കുടുംബി 2002, ഭിന്നശേഷി 3622, കാഴ്ച പരിമിതർ 875, ഭാഷ ന്യൂനപക്ഷം 56, സ്പോർട്സ് ക്വോട്ട 3021.
ആദ്യഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് ബുധനാഴ്ച വരെ പ്രവേശനം നേടാം. അലോട്ട്മെൻറ് വിവരങ്ങൾ www.admission.dge.kerala.gov.in ലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ നിന്ന് പ്രവേശന സമയത്ത് പ്രിൻറ് എടുത്ത് നൽകും.
ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്കൂളിൽ അടക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താൽക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷൻ റദ്ദാക്കുകയും ചെയ്യാം. ഇതിനായി പ്രവേശനം നേടുന്ന സ്കൂളിൽ അപേക്ഷ നൽകണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.