ഇന്ന് പരീക്ഷ ഹാളിലേക്ക്
text_fieldsദുബൈ: മഹാമാരിയെ ഭയക്കാതെ വിദ്യാർഥികൾ വ്യാഴാഴ്ച എസ്.എസ്.എൽ.സി പരീക്ഷയെഴുതാനെത്തും. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങുന്നതോടെ മൂന്നു വർഷത്തെ ഇടവേളക്കുശേഷം മൂന്നു പരീക്ഷകളും ഒരുമിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്. കോവിഡിനെ തുടർന്ന് മുൻ വർഷങ്ങളിൽ രണ്ടു ഘട്ടങ്ങളിലും വിവിധ സമയങ്ങളിലുമായാണ് യു.എ.ഇയിൽ പരീക്ഷ നടന്നിരുന്നത്.
യു.എ.ഇയിൽ 518 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. എട്ടു കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗൾഫിലെ ഏക പരീക്ഷ കേന്ദ്രവും യു.എ.ഇയാണ്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കം പൂർത്തിയായി. ഒരുക്കം വിലയിരുത്താൻ കഴിഞ്ഞ ദിവസം പരീക്ഷ സെക്രട്ടറി സന്തോഷ് കുമാർ യു.എ.ഇയിലെത്തി സ്കൂളുകളിൽ പരിശോധന നടത്തിയിരുന്നു. കേരളത്തിൽനിന്നെത്തിച്ച ചോദ്യപേപ്പർ ബാങ്ക് ഓഫ് ബറോഡയുടെ ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ രാവിലെ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കും. പരീക്ഷ നടത്തിപ്പിനായി നാട്ടിൽനിന്ന് ഉദ്യോഗസ്ഥർ യു.എ.ഇയിൽ എത്തിയിട്ടുണ്ട്. രാവിലെ എട്ടിന് കുട്ടികളെ പരീക്ഷ ഹാളിലേക്ക് കയറ്റും.
180ഓളം കുട്ടികൾ പരീക്ഷയെഴുതുന്ന ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലാണ് ഏറ്റവും കൂടുതൽ എസ്.എസ്.എൽ.സി കുട്ടികൾ. ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ, ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ റാസൽഖൈമ, ന്യൂ ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, ഗൾഫ് മോഡൽ സ്കൂൾ ദുബൈ, മോഡൽ സ്കൂൾ അബൂദബി, ഇന്ത്യൻ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അൽഐൻ എന്നിവിടങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വർഷം ഒമ്പതു പരീക്ഷ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇക്കുറി ഒരു കേന്ദ്രം കുറഞ്ഞെങ്കിലും കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. സി.ബി.എസ്.ഇ സിലബസിലേക്ക് മാറിയ ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂളിൽ ഈ വർഷം പരീക്ഷയുണ്ടാവില്ല. കഴിഞ്ഞ വർഷം 515 കുട്ടികളാണ് പരീക്ഷയെഴുതിയത്.
29നാണ് പരീക്ഷ കഴിയുന്നത്. ഇതിനുശേഷമായിരിക്കും കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കുന്നത്. മോഡൽ പരീക്ഷകൾ നേരത്തേ അവസാനിച്ചിരുന്നു. മുൻ വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു കുട്ടികൾ പരീക്ഷ എഴുതിയിരുന്നത്. ഇക്കുറി അത്തരം നിയന്ത്രണങ്ങളോ കോവിഡ് പരിശോധനയോ ആവശ്യമില്ലാത്തതിന്റെ ആശ്വാസം കുട്ടികൾക്കുണ്ട്.
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ 30ന് ശേഷം
ദുബൈ: യു.എ.ഇയിലെ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 30ന് ശേഷം നടക്കും. ബോർഡ് പരീക്ഷക്കിടയിൽ നടത്താനായിരുന്നു ആലോചന. എന്നാൽ, ഇത് കുട്ടികളുടെ പരീക്ഷ എഴുത്തിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ അവസാനിച്ച ശേഷം പ്രാക്ടിക്കൽ നടത്താൻ തീരുമാനിച്ചത്. പരീക്ഷ അവസാനിച്ച് ആദ്യ ആഴ്ചയിൽ തന്നെ പ്രാക്ടിക്കൽ പൂർത്തിയാക്കനാണ് തീരുമാനം. ഇത് സംബന്ധിച്ച് അധികൃതർ സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു.
പരീക്ഷ കഴിഞ്ഞ് ഉടൻ നാട്ടിലേക്ക് തിരിക്കാൻ നിൽക്കുന്നവരുടെ യാത്ര ഒരാഴ്ച കൂടി വൈകും. വെള്ളിയാഴ്ച മുതൽ 30 വരെയാണ് കേരള സിലബസ് ഹയർ സെക്കൻഡറി പരീക്ഷ. പരിശോധനക്കായി അടുത്ത ദിവസം വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഹനീഫ, ഡി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ നാരായണി, പരീക്ഷ ഭവൻ ജോയന്റ് കമീഷണർ ഗിരീഷ് എന്നിവർ യു.എ.ഇയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.