പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും
text_fieldsതിരുവനന്തപുരം : ജൂലൈ അഞ്ചിന് പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേർത്തത്.
പ്ലസ് വൺ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്മെന്റുകളും പൂർത്തിയാക്കി. സപ്ലിമെന്ററി അലോട്മെന്റും സ്കൂൾ-കോമ്പിനേഷൻ മാറ്റങ്ങളും തുടർന്നുണ്ടാവുമെങ്കിലും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഇപ്പോൾ ലഭിച്ച അഡ്മിഷനിൽ തുടർന്ന് പഠിക്കുന്നവരാകുമെന്നതിനാൽ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ല.
46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയർ സെക്കന്ററിയിൽ പഠിക്കുന്നതിന് അവസരമുള്ളത്. എന്‍.എസ്.ക്യൂ.എഫ് പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയില്‍ പുതിയ കോഴ്സുകള്‍ വന്നിട്ടുണ്ട്.
പത്താം ക്ലാസ് വരെ എല്ലാ വിദ്യാർഥികളും ഒരേ വിഷയങ്ങൾ പഠിച്ച് വരുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഹയർസെക്കന്ററിയിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയിലെയും പഠനം. മുൻകൂട്ടി തീരുമാനിച്ച പ്രകാരം ക്ലാസ് തുടങ്ങാനാവുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ററി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ക്ലാസുകളില്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ഇതുമൂലം ലഭിക്കും.
ക്ലാസ് തുടങ്ങുമ്പോൾ ഓരോ സ്കൂളിലും പ്രവേശനം നേടിയ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന തരത്തിൽ ഒരു പൊതുമീറ്റിംഗ് നടത്തേണ്ടതാണ്. സ്കൂൾ വിഭാഗത്തിലെ ക്ലാസുകളെ ബാധിക്കാത്ത തരത്തിൽ അസംബ്ലി ഹാളിൽ പ്ലസ് വൺ വിദ്യാർഥികളെയും രക്ഷിതാക്കളേയും ഇരുത്തിയശേഷം പ്രിൻസിപ്പൽ, പി.ടി.എ.പ്രസിഡന്റ്, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ആമുഖ വിശദീകരണം നൽകേണ്ടതാണ്.
സ്കൂളിലെ ബാച്ചുകൾ ഏതൊക്കെയാണെന്നും ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകരാരൊക്കെയെന്നും പരിചയപ്പെടുത്താം. സ്കൂളിന്റെ പ്രവർത്തനസമയം, അച്ചടക്ക സംബന്ധിയായ കാര്യങ്ങൾ, ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മയക്കുമരുന്നിനെതിരായ അവബോധം തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കേണ്ടതാണ്.
സ്കൂളിന്‍റെയും പ്രിന്‍സിപ്പലിന്‍റെയും ക്ലാസ് ചുമതലയുള്ള അധ്യാപകന്‍-അധ്യാപികയുടെയും ഫോണ്‍ നമ്പര്‍ വിദ്യാർഥികള്‍ക്ക് നല്‍കണം. അതോടൊപ്പം ക്ലാസിലെ വിദ്യാർഥികളുടെ രക്ഷകര്‍ത്താവിന്‍റെ ഫോണ്‍ നമ്പര്‍ ക്ലാസ് ചുമതലയുള്ള അധ്യാപകർ ആദ്യ ദിവസം തന്നെ ശേഖരിച്ച് സൂക്ഷിക്കണം. ഒരു വിദ്യാർഥി ക്ലാസിലെത്തിയില്ലെങ്കില്‍ ആ വിവരം രക്ഷിതാവിനെ വിളിച്ച് കൃത്യമായി തിരക്കണം.
ചൊവ്വാഴ്ച പ്ലസ് വൺ ക്ലാസ് മുറികൾ ശുചീകരിക്കേണ്ടതും ബഞ്ച്, ഡസ്ക് തുടങ്ങിയവ ക്രമീകരിക്കേണ്ടതുമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അഡീഷണല്‍ ഡയറക്ടര്‍മാരും ആർ.ഡി.ഡി.മാരും ക്ലാസ് തുടങ്ങുന്ന ദിവസം പരമാവധി സ്കൂളുകളില്‍ സന്ദർശനം നടത്തി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടികൾക്ക് നേതൃത്വം നൽകേണ്ടതാണ്.
ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടക്കുകയും ചെയ്യും. താമസിച്ച് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ ക്ലാസുകള്‍ നഷ്ടപ്പെട്ടത് പരിഹരിക്കുന്നതിന് അവര്‍ക്ക് എക്സ്ട്രാ ക്ലാസുകള്‍ ഏര്‍പ്പെടുത്തി പഠന നഷ്ടം പരിഹരിക്കും. സമയബന്ധിതമായി അലോട്ട്മെന്‍റുകള്‍ കൃത്യമായി നടത്തി, പ്രോസ്പെക്ടസില്‍ സൂചിപ്പിച്ചിരുന്നതുപോലെ ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 നാണ് ക്ലാസുകള്‍ ആരംഭിച്ചത്.
സപ്ലിമെന്‍ററി അലോട്ട്മെന്‍റുകള്‍ ആരംഭിക്കുന്നതോടൊപ്പം താലൂക്ക് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും സീറ്റ് കുറവും പരിശോധിച്ച് ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ വളരെ ഗൗരവമായി ഈ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ സീറ്റ് ലഭ്യതയെ സംബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങളും സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. അത് ഒഴിവാക്കുന്നതായിരിക്കും ഗുണകരമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, അക്കാദമിക് ജോയിന്‍റ് ഡയറക്ടര്‍ സുരേഷ് കുമാര്‍, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.