പ്ലസ് വൺ: സ്പെഷൽ ഓർഡർ വഴി പ്രവേശനം നിർത്തിയില്ല
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റടിസ്ഥാനത്തിലുള്ള ഏകജാലക പ്രവേശനത്തെ അട്ടിമറിച്ചുള്ള സ്പെഷൽ ഓർഡർ പ്രവേശനം നിർബാധം തുടരുന്നു. ഇന്നലെയും പ്ലസ് വൺ പ്രവേശനം അനുവദിച്ചുള്ള സ്പെഷൽ ഓർഡർ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഇറങ്ങി. സ്പെഷൽ ഓർഡർ വഴിയുള്ള പിൻവാതിൽ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ 23ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തക്കുറിപ്പിറക്കിയിരുന്നു.
എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികൾ നൽകുന്ന കത്തുകൾ കൂടി പരിഗണിച്ചാണ് സ്പെഷൽ ഓർഡർ പ്രവേശനം അനുവദിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഈ വിശദീകരണത്തിന് ശേഷവും സ്പെഷൽ ഓർഡർ പ്രവേശനം തുടരുകയായിരുന്നു. തിങ്കളാഴ്ച നാലുപേർക്കാണ് സ്പെഷൽ ഓർഡർ വഴിയുള്ള പ്രവേശനം അനുവദിച്ച് ഉത്തരവിറങ്ങിയത്.
സ്പെഷൽ ഓർഡർ വഴിയുള്ള വിദ്യാർഥി പ്രവേശനം അവസാനിപ്പിച്ചെന്ന വാർത്തകൾ പ്രചരിക്കുമ്പോഴും വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉത്തരവിറങ്ങുന്നുണ്ട്. ഇതുവരെ 1300ൽ അധികം പേർക്കാണ് സ്പെഷ്യൽ ഓർഡർ വഴിയുള്ള പ്രവേശനം അനുവദിച്ചത്. സീറ്റൊഴിവുണ്ടെന്ന വ്യാജേന പ്രവേശനം നൽകി ഉത്തരവിറക്കുകയും പിന്നീട് ഇവർക്കായി അധിക സീറ്റ് അനുവദിച്ച് ഉത്തരവിൽ തിരുത്തൽ വരുത്തുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.