പ്ലസ് വൺ മുന്നാക്കസംവരണം; 15,000 മെറിറ്റ് സീറ്റുകൾ തരംമാറ്റുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിൽ മുന്നാക്കസംവരണം ഉറപ്പാക്കാൻ 15,000ത്തോളം പ്ലസ് വൺ മെറിറ്റ് സീറ്റുകൾ തരംമാറ്റുന്നു. മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്) 10 ശതമാനം സീറ്റ് ഉറപ്പാക്കാനാണിത്.
ഇതുസംബന്ധിച്ച നിർദേശമടങ്ങിയ ഫയൽ സർക്കാർ പരിഗണനയിലാണ്. പ്ലസ് വൺ അലോട്ട്മെൻറിന് മുമ്പ് തീരുമാനമുണ്ടാകും. നിലവിൽ ഹയർ സെക്കൻഡറി ബാച്ചുകളിൽ 50 സീറ്റ് വീതമാണുള്ളത്. ഇതിൽ 24 എണ്ണം (48 ശതമാനം) വിവിധ സംവരണ സീറ്റുകളാണ്. അവശേഷിക്കുന്ന 26 സീറ്റുകളാണ് (52 ശതമാനം) മെറിറ്റടിസ്ഥാനത്തിൽ അലോട്ട് ചെയ്യുന്നത്.
ഇതിന് പുറമെയാണ് സാമ്പത്തികസംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരമുള്ള ഇ.ഡബ്ല്യു.എസ് സംവരണം. ഒാരോ ബാച്ചിലും മെറിറ്റിൽ നികത്തുന്ന 26 സീറ്റിൽ നിന്ന് 10 ശതമാനം എന്ന കണക്കിൽ പരമാവധി മൂന്ന് സീറ്റ് ഇതിനായി നീക്കിവെക്കാനാണ് നിർദേശം.
ഇതോടെ മെറിറ്റിൽ നികത്തുന്ന സീറ്റുകളുടെ എണ്ണം 26ൽ നിന്ന് 23 ആയി കുറയും. മൊത്തം മെറിറ്റ് സീറ്റിെൻറ ശതമാനം 46 ആയി കുറയും. സംസ്ഥാനത്ത് 819 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലുള്ളത് 2824 ബാച്ചുകളാണ്. ഇൗ ബാച്ചുകളിലെ മെറിറ്റ് സീറ്റുകളിൽ നിന്ന് മൂന്ന് വീതം സീറ്റുകൾ ഇ.ഡബ്ല്യു.എസ് സംവരണത്തിനായി നീക്കിവെച്ചാൽ 8472 മെറിറ്റ് സീറ്റുകൾ കുറയും.
ഇതിന് പുറമെ 846 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലായി 3304 ബാച്ചുകളുമുണ്ട്. ഇതിൽ ന്യൂനപക്ഷപദവിയുള്ള സ്കൂളുകളിൽ മുന്നാക്കസംവരണം നടപ്പാക്കാനാകില്ല. ശേഷിക്കുന്ന എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകളിൽനിന്ന് മൂന്ന് വീതം സീറ്റ് മുന്നാക്കസംവരണത്തിനായി നീക്കിവെച്ചാൽ ഏഴായിരത്തോളം മെറിറ്റ് സീറ്റുകൾ കുറയും.
പ്ലസ് വൺ സീറ്റ് ക്ഷാമം വർധിക്കും
മുന്നാക്കസംവരണത്തിനായി മെറിറ്റ് സീറ്റുകളിൽ കുറവ് വരുത്തുന്നത് പ്ലസ് വൺ പ്രവേശനത്തിൽ സീറ്റ് ക്ഷാമം രൂക്ഷമാക്കും. ഒരു ബാച്ചിൽ മൂന്ന് സീറ്റുകളാണ് പരമാവധി തരം മാറ്റേണ്ടിവരുന്നതെങ്കിലും സംസ്ഥാനതലത്തിൽ ഇത് ഏകദേശം 15,000ത്തോളം സീറ്റായി മാറും. ഫലത്തിൽ മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട അത്രയും വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ വരുകയോ ഇഷ്ട സ്കൂളോ വിഷയ കോമ്പിനേഷനോ നഷ്ടപ്പെടുകയോ ചെയ്യും.
സംവരണ, സംവരണേതര വിഭാഗങ്ങളെ ഒരുപോെല പൂർണമായും മെറിറ്റടിസ്ഥാനത്തിൽ പരിഗണിച്ചാണ് മെറിറ്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ്. ഇൗ സീറ്റുകളിൽ കുറവ് വരുന്നത് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കേണ്ടവർക്ക് ഒരുപോലെ തിരിച്ചടിയാകും. മെറിറ്റിൽ സീറ്റ് കുറയുന്നതോടെ പ്രവേശനം ലഭിക്കാതെ വരുന്ന സംവരണവിഭാഗക്കാർ സംവരണ സീറ്റിലേക്ക് മാറേണ്ടിവരും. ഇവർക്ക് പിറകിൽ പ്രവേശനം ലഭിക്കേണ്ടവർ പ്രവേശനത്തിൽനിന്ന് പുറത്താവുകയും ചെയ്യും.
സംവരണമില്ലാത്തവർക്കും മെറിറ്റ് സീറ്റിലെ കുറവ് പ്രവേശനത്തെ ബാധിക്കും. കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്ന് മുന്നാക്ക സംവരണത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സംസ്ഥാന സർക്കാർ 2020 ഫെബ്രുവരി 12ന് വിജ്ഞാപനമിറക്കിയിട്ടുണ്ട്.
ഇതുപ്രകാരം എല്ലാ വകുപ്പുകളും അവക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഉറപ്പാക്കാൻ മാർഗനിർദേശം/ ഉത്തരവ് ഇറക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇൗ ഉത്തരവ് അടിയന്തരമായി പുറത്തിറക്കിയായിരിക്കും പ്ലസ് വൺ പ്രവേശനത്തിൽ മുന്നാക്കസംവരണം ഉറപ്പാക്കുക.
പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിലും ഇതിനനുസൃതമായി ഭേദഗതി വേണ്ടിവരും. വടക്കൻ ജില്ലകളിലെ വിദ്യാർഥികൾ നിലവിൽ സീറ്റ് ക്ഷാമം നേരിടുേമ്പാൾ മെറിറ്റ് സീറ്റുകളുടെ എണ്ണം കുറയുന്നത് ഇവരെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സാമ്പത്തികബാധ്യത വരുമെന്നതിനാൽ പുതിയ ഹയർ സെക്കൻഡറിയോ ബാച്ചുകളോ അനുവദിക്കാൻ സർക്കാർ തയാറായിട്ടുമില്ല.
20 ശതമാനം സീറ്റ് വർധിപ്പിക്കാനുള്ള ശിപാർശ സർക്കാറിെൻറ പരിഗണനയിലുമാണ്. മുന്നാക്കസംവരണത്തിനായി അധിക സീറ്റുകൾ അനുവദിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും വിദ്യാർഥികളുടെ എണ്ണം ബാച്ചിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം വർധിക്കുമെന്നതാണ് വിദ്യാഭ്യാസവകുപ്പിനെ അലട്ടുന്നത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ ചേർത്താൽ ഏകദേശം 15,000 സീറ്റുകൾ നീക്കിവെക്കേണ്ടിവരും. നിലവിലുള്ള സംവരണ സീറ്റിൽ കുറവുവരുത്താതെ മാത്രമേ മുന്നാക്കസംവരണം നടപ്പാക്കാനാകൂ.
ഗവ. മെഡിക്കൽ, ആയുർേവദ, ഹോമിയോ കോളജുകളിൽ ഉൾപ്പെടെ അധിക സീറ്റ് അനുവദിച്ചാണ് കഴിഞ്ഞവർഷം മുന്നാക്കസംവരണം നടപ്പാക്കിയത്. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ നിലവിലുള്ള ബാച്ചുകളിൽ 20 ശതമാനം ആനുപാതിക വർധനക്കുള്ള ശിപാർശ സർക്കാറിെൻറ പരിഗണനയിലാണ്.
മുന്നാക്കസംവരണത്തിനായി സീറ്റ് വർധിപ്പിച്ചാൽ ഒരു ബാച്ചിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം 60ന് മുകളിലായി മാറും. ഇതിന് എതിർപ്പുയർന്ന സാഹചര്യത്തിൽ നിലവിലുള്ള മെറിറ്റ് സീറ്റുകളിൽ നിന്ന് മുന്നാക്കസംവരണം നടപ്പാക്കാനുള്ള നിർദേശമാണ് സർക്കാറിന് മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.