പ്ലസ് വൺ: അപേക്ഷകർ വർധിച്ചു; മലബാറിൽ സീറ്റ് ക്ഷാമം കടുക്കും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6630 അപേക്ഷകർ കൂടുതൽ. അപേക്ഷ സമർപ്പണം ശനിയാഴ്ച വൈകീട്ട് പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 4,65,960 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വർഷം 4,59,330 അപേക്ഷകരാണുണ്ടായിരുന്നത്. വർധിച്ച 6630 അപേക്ഷകരിൽ 5509 പേരും പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാറിലെ ജില്ലകളിലാണ്. അപേക്ഷകർ വർധിച്ചതോടെ മലബാറിൽ ഇത്തവണയും സീറ്റ് ക്ഷാമം വർധിക്കുമെന്നുറപ്പായി.
ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും അപേക്ഷകരുടെ വർധനയും മലപ്പുറം ജില്ലയിലാണ്. ഇവിടെ 82434 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1512 അപേക്ഷകർ വർധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപേക്ഷകർ കുറഞ്ഞത്. തൃശൂരിൽ 1354 അപേക്ഷകരുടെ വർധനയുണ്ട്. മറ്റ് ജില്ലകളിലെല്ലാം നേരിയ വർധനയുണ്ട്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ സീറ്റും പരിഗണിച്ചാൽപോലും മലബാറിൽ 40,000ത്തിലധികം സീറ്റിന്റെ കുറവുണ്ട്. ഈ വർഷം അപേക്ഷകർ കൂടിയതോടെ ഇവിടെ സീറ്റിന്റെ കുറവ് 45,000ത്തിൽ അധികമായി മാറും. നേരത്തെ പ്രഖ്യാപിച്ച സീറ്റ് വർധനക്കും അധിക ബാച്ചുകൾക്കും പുറമേ അപേക്ഷിക്കുന്ന എയ്ഡഡ് സ്കൂളുകൾക്ക് കൂടി പത്ത് ശതമാനം സീറ്റ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഈ വർധന കൂടി പ്രാബല്യത്തിൽ വന്നാൽ നേരിയ സീറ്റ് വർധന കൂടി ലഭിക്കും. ഇതോടെ ഈ സ്കൂളുകളിലും 30 ശതമാനം സീറ്റ് വർധനയും അതുവഴി ക്ലാസുകളിൽ 65 കുട്ടികൾ പഠിക്കേണ്ട സാഹചര്യവുമാകും.
അപേക്ഷകർ വർധിച്ചിട്ടും അധിക ബാച്ച് അനുവദിക്കുന്നതിൽ ഇപ്പോഴും സർക്കാർ നിഷേധാത്മക നിലപാടിലാണ്. മൊത്തമുള്ള 4,65,960 അപേക്ഷകരിൽ 4,32,428 പേർ എസ്.എസ്.എൽ.സി പാസായവരാണ്. 44,435 പേർ മാതൃജില്ലക്ക് പുറത്ത് അപേക്ഷിച്ചവരാണ്. അപേക്ഷകരിൽ 23,699 പേർ സി.ബി.എസ്.ഇ പത്താംതരം വിജയിച്ചവരാണ്. കഴിഞ്ഞ വർഷം ഇത് 25,421 ആയിരുന്നു. 2461 പേർ (കഴിഞ്ഞ വർഷം 2632) ഐ.സി.എസ്.ഇ സിലബസിൽ പഠിച്ചവരും 7372 പേർ (കഴിഞ്ഞ വർഷം 8344) ഇതര സിലബസുകളിൽ പഠിച്ചവരുമാണ്.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മന്ത്രി
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ശുചീകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം അലോട്ട്മെന്റ് കഴിയുമ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അതോടെ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ആദ്യ അലോട്ട്മെന്റ് തുടങ്ങുംമുമ്പുതന്നെയുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ളതാണ്. ബാർ കോഴ ആരോപണം പടച്ചുണ്ടാക്കിയ നുണയാണ്. നോട്ടെണ്ണുന്ന യന്ത്രം വി.ഡി. സതീശന്റെ പക്കലാണ്. അദ്ദേഹത്തിന്റെ വീട് പരിശോധിക്കണം. പ്രതിപക്ഷം എന്തിനും ഏതിനും പ്രതിഷേധം ഉയർത്തുന്നവരാണ്. പഴയ ബാർ കോഴ പോലെയല്ല പുതിയത്. പാഠപുസ്തക വിതരണം ക്ലാസുകൾ ആരംഭിക്കുംമുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.