പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും
text_fieldsതിരുവനന്തപുരം: പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ല. വിഷയം പഠിക്കാൻ വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടറും മലപ്പുറം ആർ.ഡി.ഡിയും ഉൾപ്പെട്ട രണ്ടംഗ സമിതിയെ നിയോഗിക്കും. ആവശ്യമെങ്കിൽ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 15 വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങളുണ്ടായത്.
മലപ്പുറത്ത് 7478, പാലക്കാട് 1757, കാസർകോട് 252 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ സീറ്റുകൾ കുറവുള്ളതെന്ന് മന്ത്രി അറിയിച്ചു. ബാക്കി ജില്ലകളിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കും. പുതുതായി നിയോഗിക്കുന്ന സമിതിയുടെ റിപ്പോർട്ട് പ്രകാരമാകും അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം സ്വീകരിക്കുക.
“മലപ്പുറത്തെ ഹയർസെക്കൻഡറി വിഭാഗത്തിൽ സർക്കാർ മേഖലയിൽ 85 സ്കൂളുകളും എയിഡഡ് മേഖലയിൽ 88 സ്കൂളുകളുമാണുള്ളത്. ഹയർസെക്കൻഡറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ സാഹചര്യത്തിൽ താൽക്കാലിക ബാച്ച് അനുവദിക്കാൻ തത്ത്വത്തിൽ അംഗീകരിച്ചിരിക്കുകയാണ്. ജൂലൈ രണ്ടു മുതൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം. സംസ്ഥാനത്തെ താലൂക്ക് തല വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പുതുതായി നിയമിച്ച രണ്ടംഗ സമിതി ജൂലൈ അഞ്ചിനകം സർക്കാറിന് റിപ്പോർട്ട് നൽകണം. ഇതിനുശേഷം തുടർനടപടി സ്വീകരിക്കും. പ്ലസ്‍വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കും. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിജ് കോഴ്സ് നൽകി വിടവ് നികത്തും. മലപ്പുറം ജില്ലയിൽ ഐ.ടി.ഐ കോഴ്സുകളിലും അൺ എയ്ഡഡ് മേഖലയിലെ സ്കൂളുകളിലും സീറ്റുകളിൽ ഇനിയും ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് മറ്റു കോഴ്സുകളിലും പ്രവേശനം നേടാം” -മന്ത്രി പറഞ്ഞു.
എന്നാൽ എത്ര താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതുവരെ പ്രവേശനം ലഭിക്കാത്ത 27,000 പേരെ എങ്ങനെ ഉൾക്കൊള്ളിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടില്ല. ഏത് സ്ട്രീമിലാകും കൂടുതൽ സീറ്റ് അനുവദിക്കുക എന്നതും വ്യക്തമല്ല. പതിനായിരത്തോളം വിദ്യാർഥികളെ കുറച്ചാണ് സർക്കാർ കണക്കുകൾ അവതരിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.