പ്ലസ് വൺ സീറ്റ് ക്ഷാമം: മലബാറിലേക്ക് ശിപാർശ ചെയ്തത് 97 താൽക്കാലിക ബാച്ച്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തത് 97 താൽക്കാലിക ബാച്ചുകൾ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുക്കും. ശിപാർശ ചെയ്ത ബാച്ചുകളിൽ പകുതിയോളം മലപ്പുറം ജില്ലയിലേക്കാണ്.
താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ അടിസ്ഥാന സൗകര്യമുള്ള സർക്കാർ സ്കൂളുകളുടെ അഭാവത്തിൽ എയ്ഡഡ് സ്കൂളുകളെയും പരിഗണിക്കുന്നുണ്ട്. ഇതിന് മലപ്പുറം, കോഴിക്കോട് ആർ.ഡി.ഡിമാരിൽനിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചത്. ഡയറക്ടറുടെ ശിപാർശയിലാണ് താൽക്കാലിക ബാച്ചുകൾ അനുവദിക്കാനുള്ള ഫയൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് അയച്ചതും മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നതും.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയായപ്പോഴും മലബാറിൽ 15,784 പേർക്ക് സീറ്റ് ലഭിച്ചിട്ടില്ല. ഇതിൽ 8338 പേർ മലപ്പുറം ജില്ലയിൽനിന്നാണ്. 30 ശതമാനം ആനുപാതിക സീറ്റ് ഉൾപ്പെടെ ബാച്ചിൽ 65 വീതം കുട്ടികൾക്ക് പ്രവേശനം നൽകിയാൽ 97 ബാച്ച് വഴി 6305 സീറ്റ് കൂടി പ്രവേശനത്തിനു ലഭിക്കും.
ഈ വർഷത്തെ പ്രവേശനത്തിന് മാത്രമായാണ് താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത്.അതേസമയം, 2021ൽ അനുവദിച്ച 79 താൽക്കാലിക ബാച്ചുകളും 2022ൽ അനുവദിച്ച രണ്ട് ബാച്ചും ആ വർഷത്തേക്ക് മാത്രമായിരുന്നെങ്കിലും സീറ്റ് ക്ഷാമം മുൻനിർത്തി ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.