സീറ്റ് ക്ഷാമം തുടരും; ‘അൺഎയ്ഡഡ് കണക്ക്’ നിരത്തി സർക്കാർ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുൻവർഷത്തെ നടപടികൾ അതേപടി ആവർത്തിക്കുമ്പോഴും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ സീറ്റ് ക്ഷാമം തുടർക്കഥയാകും. ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റ് കൂടി ചേർത്തുള്ള കണക്ക് അവതരിപ്പിച്ചാണ് സീറ്റ് ക്ഷാമ പ്രശ്നത്തെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധിക്കുന്നത്. എന്നാൽ, പ്രവേശന നടപടികൾ ആരംഭിക്കുന്നതോടെ സീറ്റ് ക്ഷാമത്തിന്റെ രൂക്ഷത വെളിപ്പെടുമെന്നുറപ്പാണ്.
മലപ്പുറം ജില്ലയിലാണ് ഇത്തവണയും വലിയ സീറ്റ് ക്ഷാമം അനുഭവപ്പെടുക. എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച കുട്ടികളുടെ മാത്രം കണക്കുവെച്ചാണ് ഉപരിപഠനത്തിനുള്ള സൗകര്യം വിലയിരുത്തുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലും ഇതര സംസ്ഥാന സിലബസുകളിലും പഠിച്ചുവരുന്ന വിദ്യാർഥികളും സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കുന്നതോടെ സീറ്റ് ക്ഷാമം രൂക്ഷമാകും. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി വിജയിച്ചവർക്ക് പുറമെ, 34,000 അപേക്ഷകർ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഇതര സംസ്ഥാന സിലബസുകളിൽനിന്നായി ലഭിച്ചിരുന്നു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും തിരുവനന്തപുരത്തുമായി കഴിഞ്ഞ വർഷത്തേത് പോലെ സർക്കാർ ഹയർസെക്കൻഡറികളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർധിപ്പിക്കാനാണ് തീരുമാനം.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനയും അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റ് വർധനക്കും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ, കഴിഞ്ഞ വർഷമുണ്ടായിരുന്ന 178 താൽക്കാലിക ബാച്ചുകളും തുടരും. ഇതുവഴി സർക്കാർ സ്കൂളുകളിലെ ആകെ സീറ്റ് 1,83,135ഉം എയ്ഡഡ് സ്കൂളുകളിൽ 1,95,110 ഉം സീറ്റുണ്ടാകും. 54,986 സീറ്റാണ് അൺഎയ്ഡഡ് മേഖലയിലുള്ളത്. മൊത്തം 4,33,231 സീറ്റുകൾ.
ഇതിൽ സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട ഒഴികെ സീറ്റുകളിലേക്കുമാണ് ഏകജാലക രീതിയിൽ പ്രവേശനം. സീറ്റ് ക്ഷാമം ഏറെയുള്ള മലപ്പുറം ജില്ലയിൽ ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ പേർ എസ്.എസ്.എൽ.സിക്ക് ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. മലപ്പുറത്ത് 79,730 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 33,925 സീറ്റുകളും എയ്ഡഡിൽ 25,765 സീറ്റുകളും ചേർത്ത് ആകെ 59,690 സീറ്റാണുള്ളത്. ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡിലെ 11,286 സീറ്റുകൾ കൂടി ചേർത്താലും ജില്ലയിൽ 70,976 സീറ്റാണുള്ളത്. കോഴിക്കോട്, പാലക്കാട് ഉൾപ്പെടെ ജില്ലകളിലും സീറ്റിന്റെ കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.