പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് 52,521 ഒഴിവ്; അപേക്ഷ സമർപ്പണം നാളെവരെ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവുകൾ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 52,521 ഒഴിവാണുള്ളത്. മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായ ശേഷം മെറിറ്റിൽ ഒഴിവുള്ള സീറ്റും എയ്ഡഡ് സ്കൂളുകളിൽ രണ്ട് അലോട്ട്മെന്റിനു ശേഷം കമ്യൂണിറ്റി, മാനേജ്മെന്റ് േക്വാട്ടകളിൽ ഒഴിവുള്ള സീറ്റും ചേർത്താണ് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവുകൾ പ്രസിദ്ധീകരിച്ചത്. കൂടുതൽ ഒഴിവുള്ളത് മലപ്പുറം ജില്ലയിലാണ് -6937 സീറ്റ്. എറണാകുളത്ത് 5044ഉം കോഴിക്കോട്ട് 4888ഉം സീറ്റ് ഒഴിവുണ്ട്.
സ്കൂൾ, കോഴ്സ് അടിസ്ഥാനത്തിലുള്ള സീറ്റൊഴിവ് പ്രവേശ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പണം ചൊവ്വാഴ്ച തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കാൻ നിലവിലുള്ള അപേക്ഷ പുതുക്കണം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സ്കൂൾതല ഒഴിവുകൾ പ്രകാരം ഓപ്ഷൻ ക്രമീകരിക്കുകയും ചെയ്യണം. ഇതുവരെ അപേക്ഷിക്കാത്തവർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് ഒഴിവുകൾക്കനുസൃതമായി ഓപ്ഷൻ ക്രമീകരിച്ച് അപേക്ഷ സമർപ്പിക്കണം. നേരത്തേ തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെന്റ് ലഭിക്കുകയും പ്രവേശനം നിരസിക്കുകയും ചെയ്തവർക്കും ഈ ഘട്ടത്തിൽ പിഴവ് തിരുത്തി ഒഴിവിനനുസരിച്ച് ഓപ്ഷൻ ക്രമീകരിച്ച് അപേക്ഷ പുതുക്കി സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.