പ്ലസ് വൺ: താൽക്കാലിക ബാച്ചിന് റിപ്പോർട്ട് തേടും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർമാർ നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി. നിലവിലുള്ള ബാച്ചുകളിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുപാതിക വർധന വരുത്തിയിട്ടും സീറ്റ് കുറവുള്ള ജില്ലകളിലായിരിക്കും താൽക്കാലിക ബാച്ചുകൾ അനുവദിക്കുക.ഹയർസെക്കൻഡറി പ്രവേശനത്തിെൻറ താലൂക്കടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചായിരിക്കും താൽക്കാലിക ബാച്ചുകൾ.
ഡെപ്യൂട്ടി ഡയറക്ടർമാരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ താലൂക്കുകളിൽ മതിയായ സൗകര്യമുള്ള സ്കൂളുകളിലായിരിക്കും ബാച്ചുകൾ അനുവദിക്കുക. പ്രവേശനം നേടുന്ന വിദ്യാർഥികൾ പഠിച്ചിറങ്ങുന്നതോടെ താൽക്കാലിക ബാച്ചുകൾ ഇല്ലാതാകും. സീറ്റ് വർധനക്കായി എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് പ്രത്യേകം അപേക്ഷ ക്ഷണിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള പോർട്ടലിൽ പ്രിൻസിപ്പൽമാരുടെ േലാഗിൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പത്ത് ശതമാനം സീറ്റ് (ബാച്ചിൽ അഞ്ച് വീതം സീറ്റുകൾ) ഉടൻ വർധിപ്പിക്കും. അവശേഷിക്കുന്ന ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനക്കാണ് അനുമതി. ഇവയിൽ നിലവിൽ സീറ്റ് ക്ഷാമമില്ലാത്ത ജില്ലകളിൽ സീറ്റ് വർധന ഉണ്ടാകില്ല.ഇതേ ജില്ലകളിലെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് 20 ശതമാനം സീറ്റ് വർധനക്ക് അപേക്ഷ ക്ഷണിക്കും.
അപേക്ഷ പരിഗണിച്ച് സീറ്റിെൻറ ആവശ്യകത പരിശോധിച്ചായിരിക്കും വർധന അനുവദിക്കുക. കുട്ടികൾ തീരെയില്ലാത്ത ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ട്രാൻസ്ഫർ ചെയ്യാനുള്ള ബാച്ചുകളില്ലെന്നാണ് ഹയർസെക്കൻഡറി വിഭാഗത്തിെൻറ പരിശോധനയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.