പ്ലസ് വൺ: കോവിഡ് മൂലം പരീക്ഷ മുടങ്ങിയവർക്ക് പകരം അവസരമായില്ല
text_fieldsതിരുവനന്തപുരം: കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പ്ലസ് വൺ പരീക്ഷ എഴുതാൻ കഴിയാതിരുന്ന അയ്യായിരത്തോളം വിദ്യാർഥികൾക്ക് പകരം പരീക്ഷയും ഇംപ്രൂവ്മെൻറ് പരീക്ഷയും നടത്തുന്നതിൽ സർക്കാർ തീരുമാനം വൈകുന്നു. പ്ലസ് വൺ പരീക്ഷ എഴുതാനായില്ലെങ്കിൽ ഈ വിദ്യാർഥികൾക്ക് മാർച്ച്/ ഏപ്രിൽ മാസത്തിൽ നടത്തേണ്ട പ്ലസ് ടു പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുമാകില്ല. ഫലത്തിൽ ഈ വിദ്യാർഥികൾക്ക് രണ്ട് വർഷം നഷ്ടപ്പെടും.
പകരം പരീക്ഷയും ഇംപ്രൂവ്മെൻറ് പരീക്ഷയും കമ്പാർട്ട്മെൻറൽ പരീക്ഷയും നടത്തുന്നത് സംബന്ധിച്ച് ഹയർ സെക്കൻഡറി വിഭാഗം ആഴ്ചകൾക്ക് മുമ്പ് സർക്കാറിന് നിർദേശം സമർപ്പിച്ചെങ്കിലും തീരുമാനം വൈകുകയാണ്. പ്ലസ് വൺ പരീക്ഷക്ക് ശേഷം ഈ വിദ്യാർഥികൾക്ക് മുൻ വർഷങ്ങളിൽ ഇംപ്രൂവ്മെൻറ് അവസരം നൽകാറുണ്ട്. ഒട്ടേറെ വിദ്യാർഥികളും അധ്യാപക സംഘടനകളും ഇംപ്രൂവ്മെൻറ് പരീക്ഷ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.
2009 മുതൽ 2021 വരെ പ്ലസ് ടു പരീക്ഷ എഴുതിയവരിൽ വിജയിക്കാത്തവരാണ് കമ്പാർട്ട്മെൻറൽ പരീക്ഷ എഴുതാനുള്ളത്. 60,000ത്തോളം വിദ്യാർഥികളാണ് ഈ വിഭാഗത്തിലുള്ളത്. ഇതിൽ 2016 വരെയുള്ള വിദ്യാർഥികൾക്ക് അടുത്തത് അവസാന പരീക്ഷ അവസരവുമാണ്. പരീക്ഷ നടത്തുന്നതിൽ തീരുമാനം വൈകുന്നത് അടുത്ത പ്ലസ് ടു പരീക്ഷ നടത്തിപ്പിനെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.