പ്ലസ് വൺ: സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ച്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കാതെ വളഞ്ഞ വഴിയുമായി സർക്കാർ. ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറികളിൽ കുട്ടികളെ കുത്തിനിറച്ചുള്ള ‘ജംബോ ബാച്ചു’കൾ അനുവദിച്ചാണ് ഒരുവർഷം നീളുന്ന സ്പെഷൽ ഡ്രൈവ് നടത്തുന്നത്.
പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിലും തിരുവനന്തപുരം ജില്ലയിലുമാണ് 65 കുട്ടികൾക്ക് വരെ പ്രവേശനം നൽകുന്നത്. സർക്കാർ സ്കൂളുകളിലെ ബാച്ചുകളിൽ 30 ശതമാനം സീറ്റും (15 സീറ്റ്) എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റും (10 സീറ്റ്) വർധിപ്പിക്കുന്ന ‘ചെപ്പടി വിദ്യ’യാണ് ഇത്തവണയും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കുന്നതോടെ 50 കുട്ടികൾ പഠിക്കേണ്ട ബാച്ചുകളിൽ 65 പേരും എയ്ഡഡിൽ 20 ശതമാനം സീറ്റ് വർധനവിലൂടെ 60 കുട്ടികളും പഠിക്കേണ്ടിവരുന്നു. ഇതിനുപുറമെ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് അധിക സീറ്റ് കൂടി അനുവദിക്കുന്നതോടെ ബാച്ചുകളിൽ 70 വരെ കുട്ടികളായി മാറുന്നു.
ദേശീയ മത്സര പരീക്ഷകളിൽ കേരളത്തിലെ വിദ്യാർഥികൾ പിറകോട്ടുപോകുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അടുത്ത അധ്യയന വർഷം നിലവാരം ഉയർത്തൽ ലക്ഷ്യമിട്ടുള്ള ‘സ്പെഷൽ ഡ്രൈവ്’ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച പി.ഒ.ജെ. ലബ്ബ കമ്മിറ്റിയും കാർത്തികേയൻ നായർ കമ്മിറ്റിയും ബാച്ചുകളിൽ കുട്ടികളെ കുത്തിനിറച്ച് പഠിപ്പിക്കരുതെന്ന് ശിപാർശ ചെയ്തിരുന്നു. ബാച്ചിൽ 40 കുട്ടികളെയാണ് ലബ്ബ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. ഇത് 50 ആക്കി 2015ൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എന്നാൽ ഒരിക്കൽപോലും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല.
2010ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് (78.69 ശതമാനം) ഇത്തവണ പ്ലസ് ടു പരീക്ഷയിൽ രേഖപ്പെടുത്തിയത്. സർക്കാർ സ്കൂളുകളുടെ മോശം പ്രകടനം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 65 വിദ്യാർഥികളെ ക്ലാസിൽ കുത്തിനിറച്ച് ലബോറട്ടറി പരിശീലനം ഉൾപ്പെടെ ആവശ്യമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രമകരമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഗുണനിലവാര വർധനക്കിറങ്ങിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി മതിയായ കുട്ടികളില്ലാത്ത 129 ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് മാറ്റാൻ നടപടിയെടുക്കാതെയാണ് തോന്നുംപടിയുള്ള സീറ്റ് വർധന.
കൂടുതൽ മലപ്പുറത്ത്
കൂടുതൽ ജംബോ ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ. ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 6,780 സീറ്റുകളാണ് ജംബോ ബാച്ചുകളിൽ അധികമായുള്ളത്. എയ്ഡഡ് സ്കൂളുകളിലെ 4855 സീറ്റുകൾ ഉൾപ്പെടെ 11,635 സീറ്റുകളാണ് ജില്ലയിലധികം. ജില്ലയിലെ 85 സർക്കാർ ഹയർ സെക്കൻഡറികളിലെ 452 ബാച്ചുകളിലാണ് 65 വീതം കുട്ടികളെ കുത്തിനിറക്കുന്നത്. കോഴിക്കോട് 7375, കണ്ണൂരിൽ 6715, പാലക്കാട് 6390, കാസർകോട് 3360, വയനാട് 2145, തിരുവനന്തപുരത്ത് 6390 സീറ്റുകളാണ് അനുവദനീയമായതിലും അധികമായി നൽകുന്നത്. 20 ശതമാനം സീറ്റ് വർധന വഴി കൊല്ലം ജില്ലയിൽ 4560, എറണാകുളത്ത് 5350, തൃശൂരിൽ 5580 സീറ്റുകളാണധികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.