‘നിറങ്ങളിൽ ആറാടി’ ചോദ്യപേപ്പറുകൾ; പ്ലസ് ടു, ഫിസിക്സ് രണ്ടു നിറങ്ങളിൽ
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷ ചോദ്യേപപ്പറിലെ നിറം മാറ്റം തുടർക്കഥ. ശനിയാഴ്ച നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷ ചോദ്യേപപ്പറുകൾ തയാറാക്കിയത് രണ്ടു നിറങ്ങളിലാണ്. പതിവുപോലെ വെള്ള പേപ്പറിൽ കറുത്ത മഷിയിലുള്ള ചോദ്യേപപ്പറിന് പുറമെ, ഇതേ വിഷയത്തിന് മഞ്ഞപേപ്പറിൽ കറുത്തമഷിയിലുള്ള ചോദ്യങ്ങളുമാണ് ഫിസിക്സിനായി തയാറാക്കി വന്നത്.
ഒരു വിഷയത്തിന് രണ്ടു നിറത്തിലുള്ള ചോദ്യപേപ്പർ കണ്ടതോടെ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ ആദ്യമൊന്ന് ആശങ്കയിലായി. ചോദ്യേപപ്പർ മാറിപ്പൊട്ടിച്ചതാണോ എന്ന സംശയത്തിൽ സൂക്ഷ്മപരിശോധന നടത്തിയപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ ‘മഞ്ഞ പരിഷ്കാര’മാണെന്ന് മനസ്സിലായത്.
പതിവിൽനിന്ന് വ്യത്യസ്തമായ നിറത്തിലുള്ള ചോദ്യപേപ്പർ കണ്ട വിദ്യാർഥികൾക്ക് അമ്പരപ്പും കൗതുകവുമായി. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യങ്ങളെല്ലാം വെള്ള പേപ്പറിൽ മെറൂൺ നിറത്തിലാണ് അച്ചടിച്ചുവരുന്നത്. ഒന്നും രണ്ടും വർഷ പരീക്ഷ ചോദ്യപേപ്പറുകൾ ഒന്നിച്ചുനടക്കുന്ന പരീക്ഷയിൽ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം. എന്നാൽ, വെള്ളിയാഴ്ച ഒരേ വിഷയത്തിന് രണ്ടു നിറത്തിലുള്ള ചോദ്യ പേപ്പർ വന്നതിൽ പുതിയ വിശദീകരണമൊന്നും വിദ്യാഭ്യാസ വകുപ്പിനില്ല.
ചോദ്യപേപ്പറുകളുടെ നിറം മാറ്റാൻ പ്രത്യേകം നിർദേശമൊന്നും നൽകിയിട്ടില്ലെന്നും നിറം മാറുന്നതിൽ അസ്വാഭാവികതയുടെ കാര്യമില്ലെന്നും പരീക്ഷ സെക്രട്ടറി ഡോ.എസ്.എസ്. വിവേകാനന്ദൻ പറഞ്ഞു. ചോദ്യപേപ്പറിന്റെ ഗൗരവ സ്വഭാവം ചോർത്തുന്ന നടപടിയാണ് ഹയർസെക്കൻഡറി പരീക്ഷ വിഭാഗത്തിന്റേതെന്നും ഇത്തരം ശ്രമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീൽ ആവശ്യപ്പെട്ടു.
ഒരേ വിഷയത്തിന് രണ്ടു നിറത്തിലുള്ള ചോദ്യപേപ്പർ അച്ചടിച്ചുനൽകിയതിന് മന്ത്രിക്കും വകുപ്പിനുമുള്ള വിശദീകരണം അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹയർസെക്കൻഡറി പരീക്ഷ സമ്പ്രദായം അട്ടിമറിച്ച് പരീക്ഷഭവന് കീഴിലാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.