പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 83.87 ശതമാനം വിജയം; വിജയശതമാനം കൂടുതൽ കോഴിക്കോട്, കൂടുതൽ എ പ്ലസ് മലപ്പുറത്ത്
text_fieldsതിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 83.87 ശതമാനം വിജയം. കഴിഞ്ഞവർഷത്തെ (87.94 ശതമാനം) അപേക്ഷിച്ച് 4.07 ശതമാനത്തിന്‍റെ കുറവ്. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 78.26 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ (80.36) അപേക്ഷിച്ച് 2.1 ശതമാനത്തിന്‍റെ കുറവ്. സ്കോൾ കേരള (ഓപൺ സ്കൂൾ)ക്ക് കീഴിൽ 47.19 ശതമാനമാണ് (കഴിഞ്ഞവർഷം 53 ശതമാനം) വിജയം.
ഫോക്കസ് ഏരിയയിലും അതിനനുസൃതമായി ചോദ്യപേപ്പറിലും വരുത്തിയ ക്രമീകരണങ്ങളാണ് വിജയശതമാനത്തിൽ കുറവ് വരാനിടയാക്കിയത്. കഴിഞ്ഞവർഷം 48,383 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചപ്പോൾ ഇത്തവണ 28,450 ആയി (19,933 പേരുടെ കുറവ്) കുറഞ്ഞു. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 136ൽനിന്ന് 78 ആയി കുറഞ്ഞു. ഹയർ സെക്കൻഡറിയിൽ 2028 സ്കൂളുകളിലായി റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,61,091 പേരിൽ 3,02,865 പേർ ഉപരിപഠന യോഗ്യത നേടി. ഇതിൽ 1,69,095 പേർ പെൺകുട്ടികളും 1,34,871 പേർ ആൺകുട്ടികളുമാണ്.
സർക്കാർ സ്കൂളുകളിൽ 81.72 ശതമാനവും എയ്ഡഡിൽ 86.02 ശതമാനവും അൺഎയ്ഡഡിൽ 81.12 ശതമാനവുമാണ് വിജയം. സയൻസിൽ 86.14 ശതമാനവും ഹ്യുമാനിറ്റീസിൽ 75.61 ശതമാനവും കോമേഴ്സിൽ 85.69 ശതമാനവും പേർ വിജയിച്ചു. ഉയർന്ന വിജയം കോഴിക്കോട് ജില്ലയിലും (87.79 ശതമാനം) കുറവ് വയനാട്ടിലും (75.07) ആണ്. കൂടുതൽ പേർ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്-4283. കഴിഞ്ഞ വർഷത്തെ (3,28,702 പേർ) അപേക്ഷിച്ച് ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണത്തിൽ 25,837 പേരുടെ കുറവുണ്ട്.
വി.എച്ച്.എസ്.ഇയിൽ പരീക്ഷയെഴുതിയ 29,711 പേരിൽ 23,251 പേർ വിജയിച്ചു. ഇതിൽ 9747 പേർ പെൺകുട്ടികളും 13,504 പേർ ആൺകുട്ടികളുമാണ്. 178 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു എന്നിവർ പങ്കെടുത്തു.
ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട്; കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറത്ത്
ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയം കൈവരിച്ചത്. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയതും മലപ്പുറം ജില്ലയിൽ തന്നെയാണ്.
ഈ വർഷം ആകെ 4,22,890 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 44,890 പേർ സ്കോൾ കേരളക്ക് കീഴിലും 15,324 പേർ പ്രൈവറ്റ് കമ്പാർട്ടുമെന്റൽ വിഭാഗത്തിലുമാണ്. 29,711 പേരാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ:
www.results.kite.kerala.gov.in, www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kerala.gov.in , www.examresults.kerala.gov.in . മൊബൈൽ ആപ്പുകൾ: SAPHALAM 2022, iExaMs-Kerala, PRD Live
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.