ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69, 39242 പേർക്ക് ഫുള്‍ എ പ്ലസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് ഹയർ സെക്കൻഡറി വിജയശതമാനം. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. ആകെ 3,74,755 പേർ പരീക്ഷയെഴുതിയതിൽ 2,94,888 പേർ ഉപരിപഠനത്തിന് അർഹത നേടി. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്.
39,242 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ 5427 പേർ ഫുൾ എ പ്ലസ് നേടി. 33815 പേരാണ് കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് നേടിയത്. പ്ലസ് ടു സയൻസ് - 84.84 ശതമാനം, ഹ്യുമാനിറ്റീസ് - 67.09 ശതമാനം, കൊമേഴ്സ് - 76.11 ശതമാനം എന്നിങ്ങനെയാണ് വിവിധ ഗ്രൂപ്പുകളിലെ വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല എറണാകുളം(84.12%). ഏറ്റവും കുറവ് വിജയശതമാനം വയനാട് (72.13). എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറം. 5659 പേരാണ് ഇവിടെ നിന്ന് ഫുൾ എ പ്ലസ് നേടിയത്.
63 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ് നൂറ് ശതമാനം വിജയം നേടിയത്. 17 എയ്ഡഡ് സ്കൂളുകളും, 27 അൺ എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യൽ സ്കൂളുകളുമാണ് 100 ശതമാനം വിജയം നേടിയത്. 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞതിൽ പ്രാഥമിക പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. 105 വിദ്യാർത്ഥികൾ 1200ൽ 1200 മാർക്കും നേടി.
തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടത്തും. ഇതിനായി മേയ് 13നകം അപേക്ഷിക്കണം.
പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
ഹയർ സെക്കൻഡറി പരീക്ഷാ ഫലം: www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം: www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.