പി.എം ഫൗണ്ടേഷൻ സ്കൂൾ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsകൊച്ചി: കൊച്ചി ആസ്ഥാനമായ പി.എം ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച സ്കൂളുകൾക്ക് നൽകുന്ന പ്രഫ. കെ.എ. ജലീൽ സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹിക ഉൾചേർക്കൽ മുഖ്യപ്രമേയമാക്കിയ മത്സരത്തിൽ മൂന്നുലക്ഷം രൂപയും ഫലകവും അടങ്ങുന്ന ഒന്നാംസ്ഥാനം മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ. യു.പി സ്കൂളിനാണ്. രണ്ടുലക്ഷം രൂപയും ഫലകവുമടങ്ങുന്ന രണ്ടാംസമ്മാനം മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിനും ലക്ഷം രൂപയും ഫലകവുമുള്ള മൂന്നാം സമ്മാനം വയനാട് അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിനും ലഭിച്ചു.
സമൂഹത്തിലെ പാർശ്വവത്കൃതരെയും പഠന വൈകല്യമുള്ളവരെയും ചേർത്ത് പിടിച്ചുകൊണ്ട് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലുള്ളവരെ ജാതി മത ലിംഗ വിവേചനങ്ങളില്ലാതെ ഉൾക്കൊള്ളുന്നതിലും സ്കൂളിന്റെ സേവനങ്ങൾ ഫലപ്രദവും സ്ഥായിയുമായ നിലയിൽ നാടിനും സമൂഹത്തിനും ലഭ്യമാക്കുന്നതിലും സ്ഥാപനം എത്ര കണ്ട് വിജയിച്ചിട്ടുണ്ടെന്ന് പരിശോധിച്ചാണ് അവാർഡുകൾ നിശ്ചയിച്ചതെന്ന് ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഡിസംബർ രണ്ടിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അവാർഡ് വിതരണം ചെയ്യും. എം.ജി സർവകലാശാല ഡീൻ പ്രഫ. എം.എച്ച്. ഇല്യാസ് അധ്യക്ഷനായ ജൂറിയിൽ കേരള സർവകലാശാല ഐ.ക്യു.എ.സി ജോ. ഡയറക്ടർ പ്രഫ. ഇ. ഷാജി, ടി.കെ.എം കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് എന്നിവർ അംഗങ്ങളായിരുന്നു. പ്രശസ്ത വ്യവസായി ഡോ. പി. മുഹമ്മദാലിയുടെ (ഗൾഫാർ) നേതൃത്വത്തിലാണ് 1988ൽ സ്ഥാപിതമായ പി.എം ഫൗണ്ടേഷൻ വിദ്യാഭ്യാസ സാമൂഹിക സേവന രംഗത്ത് സ്തുത്യർഹമായി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.