ജില്ലയിൽ പോളിടെക്നിക്കുകളിൽ ശേഷിക്കുന്നത് 1450 മെറിറ്റ് സീറ്റ്
text_fieldsപെരിന്തൽമണ്ണ: സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളിൽ രണ്ട് അലോട്ട്മന്റെുകൾ പൂർത്തിയായതോടെ ജില്ലയിൽ ആകെ ശേഷിക്കുന്നത് 1450 മെറിറ്റ് സീറ്റുകൾ. ഇതിലേക്ക് ബുധനാഴ്ച മുതൽ അങ്ങാടിപ്പുറം ഗവ. പോളിടെക്നിക്കിൽ കൗൺസിലിങും സ്പോട് അഡ്മിഷനും നടത്തും. മറ്റു ജില്ലകളെ അപേക്ഷിച്ച് സർക്കാർ പോളിടെക്നിക്കുകൾ കുറവുള്ള ജില്ലയാണിത്. അങ്ങാടിപ്പുറം, മഞ്ചേരി, കോട്ടക്കൽ വനിത, തിരൂരങ്ങാടി എ.കെ.എൻ.എം എന്നിവ സർക്കാർ മേഖലയിലും തിരൂർ എസ്.എസ്.എം എയ്ഡഡ് മേഖലിയിലുമുള്ളവയാണ്. കെ.എം.സി.ടി കുറ്റിപ്പുറം, എടവണ്ണ ഓർഫനേജ്, കോട്ടക്കൽ മരവട്ടം, പുറമണ്ണൂർ മജ് ലിസ്, ചേലേമ്പ്ര ദേവകിയമ്മ, വളാഞ്ചേരി എം.ജി.എം, മലപ്പുറം മഅ്ദിൻ എന്നിവയാണ് എയ്ഡഡ് മേഖലയിൽ. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയായാണ് പോളിടെക്നിക് പ്രവേശനത്തിന്. ഓൺലൈൻ ഏകജാലക അപേക്ഷ നൽകി പ്രവേശനം നേടിയ ശേഷം വലിയൊരു വിഭാഗം പ്ലസ്ടുവിലേക്ക് പോയവരുണ്ട്. മെറിറ്റ് അടിസ്ഥാനത്തിലുള്ള 1450 സീറ്റിൽ 500 സീറ്റോളമാണ് ഇനി നാലു സർക്കാർ പോളിടെക്നിക്കുകളിൽ. ശേഷിക്കുന്ന 950 സീറ്റ് എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങളിലാണ്. വിദ്യാർഥികളുടെ ഇഷ്ട ട്രേഡിൽ വേണ്ടത്ര സീറ്റില്ല. മുൻ വർഷത്തെ അപേക്ഷിച്ച് പോളിടെക്നിക്കുകളിൽ സംസ്ഥാനത്ത് 20,000 അപേക്ഷകരുടെ കുറവുണ്ടെന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന കണക്ക്. ഇതിനകം ഓപ്ഷൻ നൽകി കൂടുതൽ പേർ പ്രവേശനം നേടിയത് മുൻഗണന ക്രമത്തിൽ സിവിൽ, ഇലക്ട്രിക്കൽ ട്രേഡുകളിലാണ്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് താരതമ്യേന കുറവാണ്. ഈ നാല് വിഭാഗങ്ങൾ ആണ് സർക്കാർ പോളികളിൽ കാര്യമായുള്ളത്. 63 വീതം സീറ്റാണ് ഇവ നാലിലും അങ്ങാടിപ്പുറത്ത്. ഇവ നാലിനും പുറമെ ചില സ്വാശ്രയ പോളിടെക്നിക്കുകളിൽ, ഓട്ടോമൊബൈൽ, ആർക്കിടെക്ചർ എന്നീ ട്രേഡുകൾ കൂടിയുണ്ട്. നേരത്തെ ഏകജാലകം വഴി അപേക്ഷിച്ചവർക്ക് മാത്രമാണ് കൗൺസലിങും സ്പോട്ട് അഡ്മിഷനും. അപേക്ഷിച്ചപ്പോൾ ആവശ്യപ്പെട്ട ട്രേഡ് മാറ്റി നൽകാം. എല്ലാ സംവരണ വിഭാഗങ്ങൾക്കുമുള്ള സംവരണം ഉറപ്പാക്കിയാണ് സ്പോട് അഡ്മിഷൻ നടത്തുന്നത്. ഓരോ ട്രേഡിലും ആകെയുള്ള സീറ്റ്, മെറിറ്റ് സീറ്റ്, ഇതിൽ സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റ് എന്നിവ പ്രത്യേകം ജില്ലയിലെ നോഡൽ സെന്ററായ അങ്ങാടിപ്പുറത്ത് സ്പോട്ട് അഡ്മിഷൻ വേളയിൽ പ്രദർശിപ്പിക്കും.
സ്പോട്ട് അഡ്മിഷൻ ഇന്ന് മുതൽ 31 വരെ, സംവരണരേഖ വേണം
മലപ്പുറം: ജൂലൈ 24 മുതൽ 31വരെ ദിവസങ്ങളിലാണ് സ്പോട് അഡ്മിഷൻ. നിശ്ചിത എണ്ണം റാങ്ക് നമ്പർ കണക്കാക്കി സമയം ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരമാണ് വിദ്യാർഥികളും രക്ഷിതാക്കളുമെത്തേണ്ടത്.
സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന, ഒരു ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ 6500 രൂപയും ഒരു ലക്ഷത്തിന് താഴെ വരുമാനമുള്ളവർ ഏകദേശം 3500 രൂപയും അടക്കണം. കമ്യൂണിറ്റി റിസർവേഷൻ ലഭിക്കാൻ എസ്.എസ്.എൽ.സി ബുക്കിനോടൊപ്പം വരുമാന സർട്ടിഫിക്കറ്റോ നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് തഹസിൽദാർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.