പോളി പഠനം: പാർട്ട് ടൈം വിദ്യാർഥികൾ 'പെരുവഴിയിൽ'
text_fieldsകോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്സിന് ചേരാനാവാതെ വിദ്യാർഥികൾ. നിസ്സാര സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പോളിടെക്നിക് അധികൃതർ തങ്ങളുടെ പഠനം മുടക്കിയെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
ഇതിനെതിരെ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്ക് പരാതി നൽകാനൊരുങ്ങുകയാണിവർ. നിലവിൽ സ്ഥാനക്കയറ്റത്തിനും മറ്റുമായി അധികയോഗ്യത നേടുന്നതിനാണ് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം ജോലിസമയം കഴിഞ്ഞശേഷം പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾക്ക് ചേരുന്നത്.
ഒക്ടോബർ ഏഴിന് സർക്കാർ പുറത്തിറക്കിയ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്കായി കോഴ്സ് നടത്തേണ്ട വെസ്റ്റ്ഹിൽ പോളിടെക്നിക് അധികൃതരാണ് സർക്കാർ ജീവനക്കാരടക്കമുള്ളവരുടെ ഭാവിക്ക് മുകളിൽ കരിനിഴൽവീഴ്ത്തുന്ന സമീപനം സ്വീകരിച്ചത്. അപേക്ഷ നൽകിയ 47 മെക്കാനിക്കൽ എൻജിനീയറിങ് പാർട്ട് ടൈം കോഴ്സിലേക്കുള്ള വിദ്യാർഥികളാണ് പരാതിയുമായി രംഗത്തുവന്നത്.
ആദ്യഘട്ടത്തിൽ കോഴ്സിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റിലേക്കുള്ള ഓൺലൈൻ ലിങ്ക് ലഭ്യമാക്കുന്ന കാര്യത്തിൽപോലും അധികൃതർ അലംഭാവം കാണിക്കുകയായിരുന്നുവെന്നും തുടർന്ന് മന്ത്രിതലത്തിൽ ഇടപെട്ടാണ് വെബ്സൈറ്റ് ലഭ്യമായതെന്നും വിദ്യാർഥികൾ പറയുന്നു.
ഒക്ടോബർ 10 മുതൽ ഏഴ് ദിവസമായിരുന്നു അപേക്ഷ നൽകേണ്ടതെങ്കിലും ആദ്യത്തെ ഏതാനും ദിവസം വെബ്സൈറ്റ് ലഭ്യമായിരുന്നില്ല. പിന്നീട് ലഭ്യമായപ്പോഹ സാങ്കേതിക പ്രശ്നങ്ങൾമൂലം പലർക്കും ഫീസ് അടക്കാനും കഴിഞ്ഞില്ല.
അതേസമയം, വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിനോ അപേക്ഷ നൽകേണ്ട തീയതി നീട്ടിനൽകാനോ തയാറാവാതെ ഒക്ടോബർ 25ന് രാവിലെ ഒമ്പതിന് പ്രവേശന നടപടികൾക്കായി എത്തിച്ചേരാനായി ഓൺലൈനായി അപേക്ഷ നൽകിയ 41 വിദ്യാർഥികൾക്ക് അറിയിപ്പ് നൽകുകയായിരുന്നു. അറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽനിന്ന് അപേക്ഷകർ എത്തിയെങ്കിലും വൈകീട്ടാണ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചത്.
തിരക്കിട്ട് നടത്തിയ പരിശോധനയിൽ ഹാജരായ 41 പേരിൽ മൂന്ന് പേരുടെ അപേക്ഷകൾ യോഗ്യതയില്ല എന്നകാരണം ചൂണ്ടിക്കാണിച്ച് തള്ളുകയും 40 പേരില്ലാതെ കോഴ്സ് നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് രാത്രി ഏഴോടെ അപേക്ഷകരെ തിരിച്ചയക്കുകയുമായിരുന്നു.
അതേസമയം, യോഗ്യതയില്ലെന്ന് അധികൃതർ പറഞ്ഞ അപേക്ഷകർക്ക് പ്രോസ്‍പെക്ടസിലെ കാറ്റഗറി-ഇ പ്രകാരം യോഗ്യതയുള്ളവരാണെന്നും വിദ്യാർഥികൾ പറയുന്നു. ഈ സാഹചര്യത്തിൽ പ്രവേശന നടപടികൾ പുനഃപരിശോധിച്ച് അപേക്ഷകൾ സ്വീകരിച്ച് കോഴ്സ് ആരംഭിക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
40 പേരുണ്ടെങ്കിൽ മാത്രമാണ് കോഴ്സ് നടത്താനാവുകയെന്നും നിലവിൽ 37 പേരാണ് പ്രവേശനം നേടിയതെന്നും പ്രിൻസിപ്പൽ സുരേഷ് കുമാർ പറഞ്ഞു. നിർദേശം വന്നാലുടൻ വീണ്ടും അപേക്ഷ ക്ഷണിക്കുമെന്നും അല്ലാത്തപക്ഷം കോഴ്സ് തുടങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.