ഭിന്നശേഷിക്കാർക്ക് പോളിടെക്നിക് കോഴ്സുകൾ
text_fieldsഭിന്നശേഷിക്കാർക്കും സംസാരശേഷിയില്ലാത്തവർക്കും പോളിടെക്നിക് കോഴ്സുകളിൽ നിരവധി അവസരങ്ങളാണുള്ളത്. എസ്.എസ്.എൽ.സി/സി.ബി.എസ്.ഇ റിസൽട്ട് വന്നിരിക്കെ, മേയ് അവസാനം ആരംഭിക്കുന്ന ഇത്തരം എൻജിനീയറിങ് ഡിപ്ലോമ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇനി വിളിപ്പാടകലം മാത്രം.
പോളിടെക്നിക് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളുടെ ജനകീയതക്ക് കാരണം അതിന്റെ എണ്ണമറ്റ തൊഴിൽസാധ്യതകളാണ്. കേന്ദ്ര, കേരള സർക്കാറുകളുടെയും മറ്റു സംസ്ഥാന സർക്കാറുകളുടെയും അംഗീകാരമുള്ള മൂന്നുവർഷ പ്രഫഷനൽ കോഴ്സാണ് പോളിടെക്നിക് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകൾ.
ഹിയറിങ് ഇംപയേഡ് സ്പെഷൽ ഡിപ്ലോമ കോഴ്സുകൾ
സംസാരശേഷിയില്ലാത്തവർക്കു മാത്രമായി നടത്തുന്ന പോളിടെക്നിക് ഡിപ്ലോമ കോഴ്സാണ് ഹിയറിങ് ഇംപയേഡ് ഡിപ്ലോമ കോഴ്സുകൾ. ഗവ. വനിത പോളിടെക്നിക് കോളജ് കൈമനം, തിരുവനന്തപുരം - കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ (ഹിയറിങ് ഇംപയേഡ്), ഗവ. പോളിടെക്നിക് കോളജ് കളമശ്ശേരി, എറണാകുളം - സിവിൽ എൻജിനീയറിങ് ഡിപ്ലോമ (ഹിയറിങ് ഇംപയേഡ്), ഗവ. പോളിടെക്നിക് കോളജ് കോഴിക്കോട് - കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ (ഹിയറിങ് ഇംപയേഡ്) എന്നിവിടങ്ങളിലാണ് ഈ കോഴ്സുകൾ ഉള്ളത്.
എസ്.എസ്.എൽ.സി/സി.ബി.എസ്.ഇ/ടെക്നിക്കൽ എസ്.എസ്.എൽ.സി തത്തുല്യമാണ് ഇതിനും യോഗ്യത. 25 ശതമാനം മാർക്ക് നേടിയാൽ ഇവർക്ക് വിജയിക്കാൻ കഴിയും.
40 ശതമാനമോ അതിൽ കൂടുതലോ ഡിസബിലിറ്റി തെളിയിക്കുന്ന, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ കൂടാതെ, ഇത്തരക്കാർക്ക് അവരുടെ ശ്രവണശേഷി തെളിയിക്കുന്ന, മിനിമം 60 ഡി.ബി (കേൾവി നഷ്ടം) സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ആവശ്യമാണ്. ഒരു ബാച്ചിൽ 15 പേർക്കാണ് ഒരു വർഷം അഡ്മിഷൻ ലഭിക്കുക.
ഭിന്നശേഷിക്കാരുടെ സംവരണം
എല്ലാ എൻജിനീയറിങ്-നോൺ എൻജിനീയറിങ് പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾക്കും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണമുണ്ട്. മറ്റുള്ള എല്ലാ സംവരണങ്ങൾക്കും പുറമെയാണ് ഇത്.
ഇതിനായി 40 ശതമാനത്തിൽ കുറയാത്ത ശാരീരിക വൈകല്യം തെളിയിക്കുന്ന, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കുകയും അതിന്റെ അസ്സൽ സർട്ടിഫിക്കറ്റ്, അഡ്മിഷൻ സമയത്ത് കൊണ്ടുവരുകയും വേണം.
ഭിന്നശേഷിക്കാർക്കു മാത്രമുള്ള കോഴ്സുകൾ
എ.ഐ.സി.ടി.ഇ നിബന്ധനകൾക്കു വിധേയമായി പി.ഡബ്ല്യു.ഡി സ്കീം പ്രകാരം ഭിന്നശേഷിക്കാർക്കു മാത്രമായി ഗ. പോളിടെക്നിക് കോളജ് കോട്ടയം, ശ്രീരാമ ഗവ. പോളിടെക്നിക് കോളജ് തൃപ്രയാർ എന്നിവിടങ്ങളിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്.
അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
മറ്റു പോളിടെക്നിക് കോഴ്സുകൾക്ക് എന്നപോലെ മേൽപറഞ്ഞ എല്ലാ പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾക്കും ഓൺലൈനായിതന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനായി www.polyadmission.org എന്ന സൈറ്റ് സന്ദർശിക്കുക.
ഇവ ശ്രദ്ധിക്കുക:
1. അപേക്ഷ സമർപ്പിക്കുമ്പോൾ കൊടുക്കുന്ന ഫോൺ നമ്പർ അപേക്ഷകന്റേതുതന്നെയായിരിക്കണം.
2. ചുവന്ന നക്ഷത്ര ചിഹ്നം കാണുന്ന കോളങ്ങളെല്ലാം നിർബന്ധമായും പൂരിപ്പിക്കണം.
3. അപേക്ഷ ഫീസ് ഓൺലൈനായിതന്നെ അടക്കാം.
4. ശാരീരിക വൈകല്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ടാബാണ് Other Reservation Details. ഇവിടെ Are you person with disability? എന്ന ചെക്ക് ബോക്സ് നിർബന്ധമായും ടിക് ചെയ്തിട്ടുണ്ട് എന്നുള്ളത് ഉറപ്പുവരുത്തിയിരിക്കണം.
5. അതിനുശേഷം ലഭ്യമാകുന്ന സ്പെഷൽ റിസർവേഷൻ ടാബിൽ, ആവശ്യമായ സർട്ടിഫിക്കറ്റുള്ള പക്ഷം അപേക്ഷിക്കാം.
6. കമ്യൂണിറ്റി റിസർവേഷൻ അടക്കമുള്ള മറ്റുള്ള റിസർവേഷന്, മതിയായ സർട്ടിഫിക്കറ്റിന്റെ കോപ്പി, അപേക്ഷയോടൊപ്പം ആവശ്യാനുസരണം അപ്ലോഡ് ചെയ്യുകയും, ഒറിജിനൽ അഡ്മിഷൻ സമയത്ത് സമർപ്പിക്കുകയും വേണം.
7. സംസാരശേഷിയില്ലാത്തവർ ശ്രദ്ധിക്കേണ്ട മറ്റൊരു ടാബ് ആണ് കോഴ്സ് സെലക്ഷൻ ടാബ് ഇവിടെ ജില്ല, പോളിടെക്നിക്, ഡിേപ്ലാമ പ്രോഗ്രാം എന്നിങ്ങനെ ലിസ്റ്റ് ബോക്സാണുള്ളത്. ഡിേപ്ലാമ പ്രോഗ്രാം എന്ന ലിസ്റ്റിൽ ഇത്തരക്കാർ അവർക്കു മാത്രം സംവരണം ചെയ്ത ഹിയറിങ് ഇംപയേഡ് ഡിേപ്ലാമ പ്രോഗ്രാം കോഴ്സുകൾ സെലക്ട് ചെയ്തിരുന്നാൽ മാത്രമേ സംവരണം അനുവദിക്കുകയുള്ളൂ.
നിലവിൽ വ്യത്യസ്ത ജില്ലകളിലായി, കേരളത്തിലെ പോളിടെക്നിക് കോളജുകളിൽ, 30 കോഴ്സുകൾക്കാണ് ഒരു അപേക്ഷകന്, ഒരു അപേക്ഷഫീസിൽ അപേക്ഷിക്കാൻ കഴിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.