ഓപൺ, വെറ്ററിനറി സർവകലാശാലകൾക്ക് പുതിയ വി.സിമാർ
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലറായി ഡോ.വി.പി. ജഗതിരാജിനെയും വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറായി ഡോ.കെ.എസ്. അനിലിനെയും നിയമിച്ച് ഗവണർ ഉത്തരവായി. കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് ഡയറക്ടറാണ് ജഗതിരാജ്. വെറ്ററിനറി കോളജ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്‍റ് പ്രഫസറാണ് ഡോ.കെ.എസ്. അനിൽ.
ഓപൺ സർവകലാശാല വി.സിയായിരുന്ന ഡോ.പി.എം. മുബാറക് പാഷ രാജിവച്ചതിനെതുടർന്നാണ് ഡോ. ജഗതിരാജിനെ നിയമിക്കാൻ ചാൻസലർകൂടിയായ ഗവർണർ തീരുമാനിക്കുകയും തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയോടെ ഉത്തരവിറക്കുകയും ചെയ്തത്. വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തെതുടർന്ന് വി.സി ഡോ.എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനു പിന്നാലെ വി.സിയുടെ ചുമതല വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. പി.സി. ശശീന്ദ്രനു നൽകി. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായവരെ തിരിച്ചെടുക്കാൻ ഉത്തരവിട്ടതിനു പിന്നാലെ ഡോ.പി.സി. ശശീന്ദ്രന്‍റെ രാജി ഗവർണർ ചോദിച്ചു വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.