കോമേഴ്സ് മേഖലയിലെ സാധ്യതകൾ
text_fieldsസി.എ
1949ൽ പാർലമെന്റ് പാസാക്കിയ സി.എ നിയമപ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ആണ് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സും പരീക്ഷയും നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതുമെല്ലാം. കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന ചുരുക്കം ചില കോഴ്സുകളിൽ ഒന്നാണ് സി.എ.
1949 തൊട്ട് ഇന്നുവരെ 75 വർഷത്തെ കാലയളവിൽ 4,98,000 സി.എക്കാരാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അടുത്ത 25 വർഷം കൊണ്ട് 30 ലക്ഷം സി.എക്കാരെ ആവശ്യമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പക്ഷേ, ഒരുവർഷം വെറും 50,000 കുട്ടികളാണ് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നത്. സി.എ ജയിച്ചാൽ ഏറ്റവും നല്ല ജോലിയും നല്ല ശമ്പളവും സാമൂഹിക പദവിയും ലഭിക്കുമെന്ന് എല്ലാവർക്കും അറിയാമെങ്കിലും കോഴ്സ് പാസാവാൻ ബുദ്ധിമുട്ടാണെന്ന ധാരണ ആളുകൾക്കിടയിലുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ 20-30 ശതമാനം കുട്ടികൾ ഈ കോഴ്സ് പാസാവുന്നുണ്ട്. പഠിക്കാൻ കഴിവുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ ലോകോത്തര പ്രഫഷനലായി മാറാനുള്ള വലിയ സാധ്യതയാണ് സി.എ കോഴ്സ്. സി.എ ഫൗണ്ടേഷൻ, ഇന്റർ, ആർട്ടിക്ക്ൾഷിപ്, ഫൈനൽ തുടങ്ങിയ നാലു ഘട്ടങ്ങളിലായി നാലു വർഷം കൊണ്ട് സി.എ കോഴ്സ് പൂർത്തിയാക്കാം. രണ്ടു വർഷത്തെ ജോലി അഥവാ അർട്ടിക്കിൾഷിപ്പിലൂടെ കുട്ടികൾക്ക് പ്രവൃത്തിപരിചയത്തിനും അവസരമുണ്ട്.
സി.എം.എ ഇന്ത്യ
കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) 1959ലാണ് സ്ഥാപിച്ചത്. കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് അഥവാ സി.എം.എ ഇന്ത്യയുടെ കോഴ്സ്, സിലബസ്, പരീക്ഷ എല്ലാം കൈകാര്യം ചെയ്യുന്നത് ഐ.സി.എ.ഐ ആണ്.
ഏതു കമ്പനിയുടെയും ഉൽപന്നത്തിന്റെയും സേവനത്തിന്റെയും വില തീരുമാനിക്കുന്നത് അത് ഉണ്ടാക്കാൻ വേണ്ട ചെലവ്, അസംസ്കൃത വസ്തുക്കൾ, തൊഴിലാളികളുടെ വേതനം, ഗതാഗതം തുടങ്ങിയവയെല്ലാം നോക്കിയിട്ടാണ്.
ഈ ചെലവുകളെല്ലാം കണക്കുകൂട്ടി ദീർഘകാലത്തേക്ക് ലാഭം ഉണ്ടാക്കാനും സമ്പാദ്യമുണ്ടാക്കാനും പറ്റുന്ന ഒരു വില നിശ്ചയിക്കുന്ന യോഗ്യരായ പ്രഫഷനൽ ആണ് കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് അഥവാ സി.എം.എ. സി.എം.എ യോഗ്യതക്ക് ഫൗണ്ടേഷനിൽ നാലു പേപ്പറും ഇന്റർമീഡിയറ്റ് ഘട്ടത്തിൽ രണ്ടു ഗ്രൂപ്പായി എട്ടു പേപ്പറും 15 മാസത്തെ ഇന്റേൺഷിപ്പും പിന്നെ ഫൈനലും രണ്ട് ഗ്രൂപ്പായിട്ട് എട്ടു പേപ്പറുമാണ് വരുന്നത്.
അതായത് മൊത്തത്തിൽ 20 േപപ്പറുകൾ. കോസ്റ്റ് അക്കൗണ്ടന്റ്, കോസ്റ്റ് ഓഡിറ്റർ, ഫൈനാൻസ് മാനേജർ മുതൽ ഒരു കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ചീഫ് ഫൈനാൻഷ്യൽ ഓഫിസർ വരെ ആകാൻ നിങ്ങളെ സഹായിക്കുന്ന യോഗ്യതയാണ് സി.എം.എ.
എ.സി.സി.എ
ബ്രിട്ടനിൽ സ്ഥിതി ചെയ്യുന്ന അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് നൽകുന്ന, 180ലധികം രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുള്ള കോഴ്സാണ് എ.സി.സി.എ. 1904ൽ സ്ഥാപിച്ച എ.സി.സി.എ ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പുതിയ മുന്നേറ്റങ്ങൾ കൃത്യമായി പഠിച്ച് പരിഷ്കരിക്കുന്ന കോഴ്സാണ്. മൊത്തത്തിൽ 13 പേപ്പറുണ്ട്. ഓരോ േപപ്പറായി എഴുതിയെടുക്കാൻ പറ്റും എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.
വെറും പത്താം ക്ലാസ് അടിസഥാന യോഗ്യതയായി വരുന്ന ഈ കോഴ്സിന് നോളജ് ലെവലിൽ മൂന്നു പേപ്പറുകളും സ്കിൽ ലെവലിൽ ആറു പേപ്പറും പ്രഫഷനൽ ലെവലിൽ നാലു പേപ്പറുകളുമാണുള്ളത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവർക്ക് പേപ്പറുകളിൽ ഇളവ് ലഭിക്കും. അതുകൊണ്ട് തന്നെ ഏത് യോഗ്യതയുള്ളവർക്കും ചേരാവുന്ന കോഴ്സാണിത്. ഒരുപാട് രാജ്യങ്ങൾ അംഗീകരിച്ചതുകൊണ്ട് ജോലി സാധ്യതകൾ ധാരാളമുണ്ട്.
സി.എം.എ യു.എസ്.എ
1919ൽ സ്ഥാപിച്ച, യു.എസിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് (ഐ.എം.എ) ആണ് സി.എം.എ യു.എസ്.എ അഥവാ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് എന്ന കോഴ്സ് നടത്തുന്നത്. 150ലധികം രാജ്യങ്ങൾ അംഗീകരിച്ച ഈ കോഴ്സിന്റെ പ്രത്യേകത, കുറഞ്ഞ കാലയളവിൽ ഇത് പഠിച്ചെടുത്ത് ഒരു കോമേഴ്സ് പ്രഫഷനൽ ആകാൻ പറ്റും എന്നുള്ളതാണ്. വെറും രണ്ടു പേപ്പറുള്ള ഈ കോഴ്സ് എട്ടു മാസം മുതൽ ഒരു വർഷത്തിനുള്ളിൽതന്നെ തീർക്കാവുന്നതാണ്.
അന്താരാഷ്ട്ര അംഗീകാരമുള്ള കോഴ്സായതിനാൽ ഇന്ത്യയിലും ഗൾഫിലും യൂറോപ്പിലും യു.എസിലും കാനഡയിലുമൊക്കെ ജോലി സാധ്യതകളുണ്ട്. പ്ലസ് ടു കഴിഞ്ഞ് ഈ കോഴ്സ് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ഏഴു വർഷത്തിനുള്ളിൽ ഡിഗ്രി പൂർത്തിയാക്കി രണ്ടു വർഷത്തെ പ്രവൃത്തിപരിചയംകൂടി നേടിയ ശേഷം സി.എം.എ യു.എസ്.എ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.