പവർഗ്രിഡിൽ 435 എൻജിനീയർ ട്രെയിനി
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ‘ഗേറ്റ്-2024’ സ്കോർ അടിസ്ഥാനത്തിൽ എൻജിനീയർ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വിവിധ ബ്രാഞ്ച്/ഡിസിപ്ലിനുകളിലായി ആകെ 485 ഒഴിവുകളുണ്ട് (ഇലക്ട്രിക്കൽ 33, സിവിൽ 53, കമ്പ്യൂട്ടർ സയൻസ് 37, ഇലക്ട്രോണിക്സ് 14). പവർഗ്രിഡിലും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലുമായിട്ടാണ് ഒഴിവുകൾ. ഗേറ്റ് സ്കോർ പരിഗണിച്ച് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും സൈക്കോമെട്രിക് അസസ്മെന്റും നടത്തിയാണ് സെലക്ഷൻ. എൻജിനീയറിങ് ബിരുദം മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 28 വയസ്സ്.
വിശദവിവരങ്ങൾ www.powergrid.inൽ കരിയർ പേജിൽ ലഭ്യമാണ്. ഗേറ്റ്-2024 രജിസ്ട്രേഷൻ നമ്പർ സഹിതം ഓൺലൈനായി ജൂലൈ നാലുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങളെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിജ്ഞാപനത്തിലെ നിർദിഷ്ട യോഗ്യതകൾ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കണം. ഗ്രൂപ് ചർച്ചക്കും ഇന്റർവ്യൂവിനും ക്ഷണിക്കുന്നപക്ഷം ഗേറ്റ്-2024 അഡ്മിറ്റ് കാർഡും അസ്സൽ സ്കോർകാർഡും പരിശോധനക്കായി നൽകേണ്ടതുണ്ട്. പ്രാബല്യത്തിലുള്ള ഫോട്ടോ ഐ.ഡിയും കൈവശം കരുതണം.
ഗേറ്റ്-2024ന് 85 ശതമാനം, ഗ്രൂപ് ചർച്ചക്ക് മൂന്ന് ശതമാനം, വ്യക്തിഗത അഭിമുഖത്തിന് 12 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകിയാണ് തെരഞ്ഞെടുപ്പ്. 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. ട്രെയിനികൾക്ക് ഒരുവർഷത്തെ പരിശീലനം നൽകും. അടിസ്ഥാന ശമ്പളത്തോടൊപ്പം ഡി.എ, എച്ച്.ആർ.എയും അടങ്ങിയ തുക പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 50,000-1,60,000 രൂപ ശമ്പളനിരക്കിൽ എൻജിനീയറായി നിയമിക്കുന്നതാണ്. ക്ഷാമബത്ത, വീട്ടുവാടകബത്ത, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പെൻഷൻ മുതലായ എല്ലാ ആനുകൂല്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.