പ്രീ പ്രൈമറി വിദ്യാർഥികൾക്ക് ഇനി യൂനിഫോം വേണ്ട
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറികളിലെ വിദ്യാർഥികൾക്ക് യൂനിഫോം വേണ്ടെന്ന് സർക്കാർ ഉത്തരവ്. സർക്കാർ സ്ഥാപനമായ കെൽട്രോൺ ഉൾപ്പെടെ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) മാനദണ്ഡം പാലിക്കാതെ നടത്തുന്ന പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്സുകൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച നയരൂപവത്കരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സ്വതന്ത്രമായ പ്രീ സ്കൂളിങ് അന്തരീക്ഷം ഒരുക്കുക എന്ന കാഴ്ചപ്പാടിന് വിരുദ്ധമായതിനാലാണ് വിദ്യാർഥികൾക്ക് യൂനിഫോം വേണ്ടെന്ന് തീരുമാനിച്ചത്. മിക്കയിടത്തും സ്കൂളുകളിലേതിന് സമാനമായ യൂനിഫോം പ്രീ പ്രൈമറികളിലും നടപ്പാക്കിവരുന്നുണ്ട്.
സംസ്ഥാനത്തെ പ്രീ പ്രൈമറി അധ്യാപക പരിശീലന സ്ഥാപനങ്ങൾ എൻ.സി.ടി.ഇ മാനദണ്ഡം പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് 2019-20ൽ എസ്.സി.ഇ.ആർ.ടി പഠനം നടത്തിയിരുന്നു. കെൽട്രോൺ ഉൾപ്പെടെ 341 സ്ഥാപനങ്ങൾ എൻ.സി.ടി.ഇ മാനദണ്ഡം അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് എസ്.സി.ഇ.ആർ.ടി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന പ്രീ പ്രൈമറി കോഴ്സ് പ്രീ പ്രൈമറി അധ്യാപക നിയമനത്തിന് യോഗ്യതയായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
2012നുശേഷം സ്കൂൾ പി.ടി.എ സർക്കാർ അംഗീകാരമില്ലാതെ നിയമിച്ച പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകേണ്ടതില്ലെന്നും ഡയറക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഉത്തരവായിട്ടുണ്ട്. സ്കൂളുകളുടെ ഭാഗമായി പ്രീ സ്കൂളുകൾ 2012 ഡിസംബർ ഏഴിന് ശേഷം ആരംഭിക്കരുതെന്ന് നിർദേശിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാതെ തുടങ്ങിയതിനാലാണ് 2012ന് ശേഷം പി.ടി.എ നിയമിച്ച പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും സർക്കാർ ഓണറേറിയം നൽകേണ്ടതില്ലെന്ന് ഉത്തരവായത്.
അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാനും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ സ്കൂളുകളിൽ മിക്കയിടത്തും പി.ടി.എ മുൻകൈയെടുത്ത് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.