സ്വകാര്യ വിദ്യാഭ്യാസ കൺസൾട്ടൻസികളെ നിയന്ത്രിക്കാൻ സർക്കാർ; നിയമനിർമാണം പഠിക്കാൻ സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പ്രവർത്തനം നിയന്ത്രിക്കാനും ക്രമീകരിക്കാനും സർക്കാർ നിയമനിർമാണത്തിലേക്ക്. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമിതിക്ക് രൂപം നൽകി.
കൗൺസിൽ എക്സി. ബോഡി അംഗം ഡോ. ആർ.കെ. സുരേഷ് കുമാർ, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ശ്രീറാം പറക്കാട്ട് എന്നിവർ സമിതി അംഗങ്ങളാണ്. കേരളത്തിൽനിന്ന് വിദ്യാർഥികൾ ഉപരിപഠനത്തിനായി കൂട്ടത്തോടെ വിദേശത്തേക്ക് ഉൾപ്പെടെ പോകുന്നതിന്റെ കാരണങ്ങൾ പഠിക്കാൻ കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി മറ്റൊരു സമിതിയെയും നിയമിച്ചിട്ടുണ്ട്.
ഉപരിപഠന സേവനം തേടിയെത്തുന്ന വിദ്യാർഥികളെ വൻതോതിൽ ചൂഷണം ചെയ്യുന്നതും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്നതും ഉൾപ്പെടെ വിദ്യാഭ്യാസ കൺസൾട്ടൻസികൾക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തിലേക്ക് കടക്കുന്നത്. കൺസൾട്ടൻസികളുടെ തട്ടിപ്പിന് ഇരയായ വിദ്യാർഥികളുടെ ഒട്ടേറെ പരാതികളാണ് സർക്കാറിന് ലഭിക്കുന്നത്. ഉറപ്പുനൽകുന്ന സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാത്തതും വിദേശത്ത് എത്തിയ ശേഷം നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ചാണ് പരാതി.
പഠനത്തിനൊപ്പം ഏജൻസികൾ തരപ്പെടുത്തിക്കൊടുക്കുന്ന പാർട്ട്ടൈം ജോലി സംബന്ധിച്ചും പരാതികൾ ഏറെയാണ്. വസ്തുവകകൾ വിറ്റും ബാങ്ക് വായ്പ തരപ്പെടുത്തിയും ഉപരിപഠനവും ജോലി അവസരവും ലക്ഷ്യമിട്ട് കൺസൾട്ടൻസികൾ വഴി വിദേശത്ത് പോകുന്ന വിദ്യാർഥികളിൽ പലരും പഠനം പോലും പൂർത്തിയാക്കാനാകാതെ മടങ്ങിവരുന്ന സാഹചര്യവുമുണ്ട്. എറണാകുളം കേന്ദ്രീകരിച്ചാണ് കൂടുതൽ ഏജൻസികളും പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ ചൂഷണവും കബളിപ്പിക്കലും തടയാൻ ഏജൻസികൾക്ക് ലൈസൻസിങ് ഉൾപ്പെടെ നിയന്ത്രണമാണ് ആലോചിക്കുന്നത്. സേവന നിരക്ക് നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.