സ്വകാര്യ എൻജിനീയറിങ് കോളജ് സീറ്റ്; സർക്കാർ ക്വോട്ടയിൽ 7.5 ശതമാനം ഫീസ് വര്‍ധന
text_fieldsബംഗളൂരു: കർണാടകയിൽ 2025-26 അധ്യയന വര്‍ഷത്തെ എൻജിനീയറിങ് കോഴ്സുകളിലെ സർക്കാർ ക്വോട്ട സീറ്റുകള്‍ക്ക് 7.5 ശതമാനം ഫീസ് വര്‍ധനക്ക് സർക്കാർ അനുമതി നല്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ, സ്വകാര്യ പ്രഫഷനല്‍ കോളജ് മാനേജ്മെന്റുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഫീസ് നിര്‍ണയ യോഗത്തിനെ തുടർന്നാണ് തീരുമാനം.
കര്‍ണാടക യുനൈഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജ് അസോസിയേഷന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണുകയും മന്ത്രി നിര്‍ദേശിച്ച 7.5 ശതമാനം ഫീസ് വര്‍ധന അംഗീകരിക്കുകയുമായിരുന്നു. അധ്യാപകരുടെ ശമ്പള പരിഷ്കരണം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചെലവുകള്‍, എന്നിവ മുന്‍നിര്‍ത്തി 15 ശതമാനം ഫീസ് വര്‍ധനയാണ് ഭാരവാഹികള്‍ ആവശ്യപ്പെട്ടത്.
അസോസിയേഷന് ഭാരവാഹികള്‍ 15 ശതമാനം ഫീസ് വര്‍ധനയാണ് ആവശ്യപ്പെട്ടതെങ്കിലും 7.5 ശതമാനത്തിലധികം ഫീസ് വര്‍ധന നടപ്പാക്കാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ താൻ ഉറച്ചുനിന്നെന്നും ഭാരവാഹികള്‍ അത് അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി എം.സി. സുധാകർ മാധ്യമങ്ങളോട് പറഞ്ഞു.
2024 അധ്യയനവര്‍ഷം സ്വകാര്യ എൻജിനീയറിങ് കോളജുകളില്‍ 10 ശതമാനം ഫീസ് വര്‍ധന നടപ്പില്‍വരുത്താന്‍ അനുവാദം നൽകിയിരുന്നുവെന്ന കാര്യം ഭാരവാഹികളെ മന്ത്രി ഓര്‍മിപ്പിച്ചു. 2024ലും സ്വകാര്യ എൻജിനീയറിങ് കോളജുകള്‍ 15 ശതമാനം ഫീസ് വര്‍ധനയാണ് ആവശ്യപ്പെട്ടത്. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് 10 ശതമാനം ഫീസ് വര്‍ധന അനുവദിച്ചിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് ഏഴ് ശതമാനമാക്കി ചുരുക്കി. 7.5 ശതമാനം വര്‍ധന നടപ്പില്‍ വരുന്നതോടെ യൂനിവേഴ്സിറ്റി രജിസ്ട്രേഷന്, മറ്റ് പ്രോസസിങ് ഫീസ് എന്നിവ കൂടാതെ ടൈപ് -1 സ്വകാര്യ കോളജുകളിലെ സി.ഇ.ടി സീറ്റുകള്‍ക്ക് (സര്‍ക്കാര്‍ ക്വോട്ട) ഫീസ് 1,14,199 രൂപയായിരിക്കും. കൊമെഡ് കെ ടൈപ് -1 കോളജുകളില്‍ ഇത് 2,00,070 രൂപയും ടൈപ് -2 കോളജുകളില്‍ 2,81,088 രൂപയുമായിരിക്കും. സര്‍ക്കാര്‍ എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ ഫീസ് നിരക്ക് കഴിഞ്ഞ വര്‍ഷത്തെ ഫീസ് തന്നെയായിരിക്കും.
സി.ഒ.എം.ഇ.ഡി.കെ എൻട്രൻസ് പരീക്ഷ കൗൺസിലിങ് കെ.സി.ഇ.ടി കൗണ്‍സിലിങ്ങിന് ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മന്ത്രി നിർദേശിച്ചു. രണ്ട് റൗണ്ട് കെ.സി.ഇ.ടി കൗൺ സിലിങ്ങിന് ശേഷം ബാക്കിവരുന്ന സീറ്റുകൾ അവസാന കൗൺസിലിങ്ങിന്റെ 10 ദിവസത്തിന് മുമ്പായി മാനേജ്മെന്റിന് കൈമാറാനും തീരുമാനമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.