സ്വകാര്യ സർവകലാശാല; വിദ്യാർഥി യൂനിയനുണ്ടാകും; തെരഞ്ഞെടുപ്പും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിയമനിർമാണത്തിലൂടെ അനുമതി നൽകാൻ ലക്ഷ്യമിടുന്ന സ്വകാര്യ സർവകലാശാലകളിൽ വിദ്യാർഥി യൂനിയനും വിദ്യാർഥി കൗൺസിലുമുണ്ടാകും. ഇതിനായി തെരഞ്ഞെടുപ്പും കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. വിദ്യാർഥികളുടെ പരാതി പരിഹാരത്തിന് ദ്വിതല സമിതിയുണ്ടാകണം. ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളിലൊന്നിലും വിദ്യാർഥി യൂനിയൻ, കൗൺസിൽ സംവിധാനങ്ങളില്ല. വിദ്യാർഥി യൂനിയന്റെ ഘടനയും അധികാരവും ചുമതലയും സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടുകളാൽ നിർണയിക്കണമെന്നും കരടിലുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിനും അതുവഴിയുള്ള ജനാധിപത്യ വേദികൾക്കും അവസരം തുറന്നിടുന്നതാണ് കരട് ബിൽ വ്യവസ്ഥ. വിദ്യാർഥികളുടെ അവകാശങ്ങൾ സംബന്ധിച്ച് ബില്ലിൽ പ്രത്യേകം അധ്യായം തന്നെയുണ്ട്.
പ്രോ-വൈസ്ചാൻസലറാണ് സർവകലാശാല സ്റ്റുഡൻറ്സ് കൗൺസിൽ അധ്യക്ഷനാകേണ്ടത്. സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ നാമനിർദേശം ചെയ്യുന്ന മൂന്ന് അധ്യാപകരും തെരഞ്ഞെടുക്കുന്ന 10 വിദ്യാർഥികളും സ്റ്റുഡൻറ്സ് കൗൺസിലിൽ അംഗമായിരിക്കും. സ്റ്റുഡൻറ്സ് വെൽഫെയർ ഡീൻ കൗൺസിലിന്റെ സെക്രട്ടറിയും. കൗൺസിൽ എല്ലാ വർഷവും പുനഃസംഘടിപ്പിക്കണം. ഇതുവഴി എല്ലാ വർഷവും തെരഞ്ഞെടുപ്പ് വേണ്ടിവരും. വിദ്യാർഥികളുടെ അക്കാദമിക പ്രവർത്തനത്തെ ബാധിക്കുന്ന കോഴ്സ് ഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിലും പഠന, പാഠ്യേതര പ്രവർത്തനങ്ങൾ പോലുള്ള കാര്യങ്ങളിലും എക്സിക്യൂട്ടിവ് കൗൺസിലിനും അക്കാദമിക് കൗൺസിലിനും ശിപാർശ നൽകാൻ സ്റ്റുഡന്റ്സ് കൗൺസിലിന് അധികാരമുണ്ടായിരിക്കും. വിദ്യാർഥികളുടെ അച്ചടക്കം, ക്ഷേമം, സാഹിത്യപരവും കായികപരവുമായ സംഘങ്ങളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ സ്റ്റുഡൻറ്സ് കൗൺസിലിന് നിർദേശങ്ങൾ നൽകാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.