സ്വകാര്യ സർവകലാശാല; ബിരുദതലത്തിൽ വീതിക്കാനുള്ളത് 3.75 ലക്ഷം കുട്ടികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ കടന്നുവരുമ്പോൾ നിലവിലുള്ള സർവകലാശാലകളും ആയിരത്തിലധികം വരുന്ന ആർട്സ് ആൻഡ് സയൻസ് കോളജുകളും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിജീവനത്തിന്റെ വഴി തേടേണ്ടിവരും. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രതിവർഷം കാലെടുത്തുവെക്കുന്ന 3.75 ലക്ഷം വിദ്യാർഥികളെയായിരിക്കും സ്വകാര്യ സർവകലാശാലകൾ പ്രധാനമായും ലക്ഷ്യമിടുക. കേരളത്തിൽ ഓരോ വർഷവും ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയിറങ്ങുന്നത് ഇത്രയും വിദ്യാർഥികളാണ്. സ്വകാര്യ സർവകലാശാലകൾ കൂടി വരുന്നതോടെ, ഈ വിദ്യാർഥികളിൽ സാമ്പത്തിക ശേഷിയുള്ള നല്ലൊരു ശതമാനം സ്വകാര്യ സർവകലാശാലകളിലേക്ക് മാറും.
ഇതാകട്ടെ, നിലവിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളെയായിരിക്കും ബാധിക്കുക. കഴിഞ്ഞവർഷം സ്റ്റേറ്റ് സിലബസിൽ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ കോഴ്സ് വിജയിച്ചത് 3,30,288 പേരാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസിൽ വിജയിച്ച 42622 കുട്ടികളുമുൾപ്പെടെ 3,72,910 പേരാണ് ബിരുദ പഠനത്തിന് യോഗ്യത നേടിയത്. ഇതിൽ ഏകദേശം 2.75 ലക്ഷം പേരാണ് വിവിധ സർവകലാശാലകൾക്ക് കീഴിലും സ്വയംഭരണ കോളജുകളിലുമായി ബിരുദ പ്രവേശനത്തിനായി ചേർന്നത്. മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ കൂടി ചേരുന്നതോടെ, ഏകദേശം 2.90 ലക്ഷം വിദ്യാർഥികളും കേരളത്തിൽ ബിരുദ പഠനത്തിന് ചേരുന്നവരാണ്.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ എന്നീ അഫിലിയേറ്റിങ് സർവകലാശാലകൾക്ക് കീഴിൽ വിവിധ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിലവിൽ മൂന്നിലൊന്ന് സീറ്റുകൾ (ഏകദേശം 82000) ഒഴിഞ്ഞുകിടക്കുകയാണ്. സാങ്കേതിക സർവകലാശാലയിൽ ആകെയുള്ള 51,155 ബി.ടെക് സീറ്റുകളിൽ 14,198 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.
സ്വകാര്യ സർവകലാശാലകളുടെ വരവോടെ, സീറ്റൊഴിവിന്റെ എണ്ണം ഗണ്യമായി ഉയരും. ഇതിൽ കൂടുതൽ പ്രതിസന്ധി സ്വാശ്രയ കോളജുകൾക്കായിരിക്കും. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 10-15 ശതമാനവും എയ്ഡഡ് കോളജുകളിൽ 20-25 ശതമാനവും സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ, സർക്കാർ, എയ്ഡഡ് കോളജുകളിലെ സീറ്റൊഴിവും വർധിക്കും.
നിലവിലുള്ള കോളജുകളുടെയും സർവകലാശാലകളുടെയും നിലവാരവും വൈവിധ്യവും വർധിപ്പിക്കുകയായിരിക്കും സ്വകാര്യ സർവകലാശാലകൾ കൂടി വരുന്ന വിദ്യാഭ്യാസ കമ്പോളത്തിൽ പിടിച്ചുനിൽക്കാനുള്ള പോംവഴി. കേന്ദ്ര സർവകലാശാലകളിലേക്ക് ഉൾപ്പെടെ നിലവിൽ വന്ന സി.യു.ഇ.ടി പ്രവേശന പരീക്ഷ കേരളത്തിലെ കോളജുകളിൽ സീറ്റൊഴിവ് വർധിക്കാൻ കാരണങ്ങളിലൊന്നാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.