പ്രഫഷനൽ കോളജ് പ്രവേശനം; സംവരണം കോളജ് അടിസ്ഥാനത്തിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകളിൽ പ്രവേശന സംവരണം കോളജ് അടിസ്ഥാനത്തിലാക്കുന്നു. സംവരണ വിഭാഗ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ മികച്ച കോളജിലേക്ക് പ്രവേശനം മാറ്റിനൽകാൻ 20 വർഷത്തോളം മുമ്പ് നടപ്പാക്കിയ ‘േഫ്ലാട്ടിങ് സംവരണ’ സമ്പ്രദായം അവസാനിപ്പിക്കും. ഇൗ സമ്പ്രദായം വഴി വയനാട്, ഇടുക്കി എൻജിനീയറിങ് കോളജുകളിൽ മഹാഭൂരിഭാഗവും പിന്നാക്ക വിദ്യാർഥികൾ മാത്രമായി മാറുന്നുവെന്ന പട്ടികജാതി വികസന വകുപ്പ് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി. അടുത്ത വർഷം മുതൽ മാറ്റം കൊണ്ടുവരാനാണ് ശ്രമം.
നിലവിൽ സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന സംവരണ വിഭാഗ വിദ്യാർഥിക്ക് സംവരണ സീറ്റ് ആനുകൂല്യത്തിൽ മെച്ചപ്പെട്ട കോളജിലേക്ക് മാറാൻ േഫ്ലാട്ടിങ് രീതി വഴി സാധിച്ചിരുന്നു. ഉദാഹരണമായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ പഠനം ആഗ്രഹിക്കുന്ന സംവരണ വിഭാഗ വിദ്യാർഥിക്ക് സ്റ്റേറ്റ് മെറിറ്റിൽ മറ്റൊരു സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചാൽ ഇഷ്ട കോളജിൽ (തിരുവനന്തപുരം) സംവരണ സീറ്റ് ലഭിക്കുമെങ്കിൽ അവിടേക്ക് മാറാൻ അവസരമുണ്ട്. വിദ്യാർഥി ഇങ്ങനെ മാറുേമ്പാൾ തിരുവനന്തപുരം മെഡി. കോളജിൽ ഇൗ വിദ്യാർഥിക്ക് പ്രവേശനം ലഭിക്കുന്ന സംവരണ സീറ്റ് വിടുതൽ വാങ്ങുന്ന കോളജിലേക്ക് നൽകും. പകരം വിടുതൽ വാങ്ങുന്ന കോളജിലെ മെറിറ്റ് സീറ്റ് വിദ്യാർഥിക്കൊപ്പം തിരുവനന്തപുരം മെഡി. കോളജിലേക്ക് മാറ്റുകയും ചെയ്യും.
ഇൗ രീതി വിദ്യാർഥികൾ വിടുതൽ വാങ്ങുന്ന കോളജുകളുടെ അന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് പട്ടികജാതി വികസന വകുപ്പിെൻറ കണ്ടെത്തൽ. ഇത്തരം കോളജുകളിൽ മഹാഭൂരിഭാഗവും പിന്നാക്ക വർഗ വിദ്യാർഥികളാവുന്നു. ഇവിടത്തെ പഠനനിലവാരത്തെയും തൊഴിലവസരങ്ങളെയും ബാധിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. സംവരണം ഭരണഘടന തത്വങ്ങൾക്ക് അനുസൃതമായി നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
േഫ്ലാട്ടിങ് സംവരണം എന്നാൽ
ഉയർന്ന റാങ്കുള്ള വിദ്യാർഥിക്ക് മെച്ചപ്പെട്ട കോളജിൽ പ്രവേശനം ഉറപ്പാക്കാനും സംവരണ വിഭാഗങ്ങൾക്ക് സീറ്റ് നഷ്ടം ഒഴിവാക്കാനും നിയമസഭ സമിതിയുടെ ശിപാർശപ്രകാരം നടപ്പാക്കിയതാണ് േഫ്ലാട്ടിങ് സംവരണം. ഇതുപ്രകാരം സ്റ്റേറ്റ് മെറിറ്റിൽ മെച്ചപ്പെട്ട കോളജിന് പുറത്ത് പ്രവേശനം ലഭിക്കുന്ന സംവരണ ആനുകൂല്യമുള്ള വിദ്യാർഥിക്ക് സംവരണ സീറ്റിെൻറ ആനുകൂല്യത്തിൽ മറ്റൊരു കോളജിലേക്ക് മാറാൻ സാധിക്കും. മെച്ചപ്പെട്ട കോളജിലെ സംവരണ സീറ്റിന് അർഹരാണെങ്കിൽ ആദ്യം പ്രവേശനം നേടിയ സ്റ്റേറ്റ് മെറിറ്റ് സീറ്റ് പ്രസ്തുത കോളജിലേക്ക് വിദ്യാർഥിക്കൊപ്പം മാറ്റിനൽകും. പകരം മെച്ചപ്പെട്ട കോളജിലെ സംവരണ സീറ്റ് വിദ്യാർഥി ആദ്യം പ്രവേശനം നേടുകയും വിടുതൽ വാങ്ങുകയും ചെയ്ത കോളജിലേക്ക് മാറ്റുകയും ചെയ്യും.
ഈ സമ്പ്രദായം നിർത്തിയാൽ
സ്റ്റേറ്റ് മെറിറ്റിൽ മുന്നിലുള്ള സംവരണ വിഭാഗം വിദ്യാർഥിക്ക് മെച്ചപ്പെട്ട കോളജിൽ പ്രവേശനം ഉറപ്പാകില്ല. മികച്ച കോളജിൽ പ്രവേശനം ഉറപ്പാക്കാൻ ഈ വിദ്യാർഥി സ്റ്റേറ്റ് മെറിറ്റിലെ സീറ്റ് ഉപേക്ഷിച്ച് മികച്ച കോളജിലെ സമുദായ സംവരണ സീറ്റിൽ പ്രവേശനം നേടണം. ഇതോടെ ബന്ധപ്പെട്ട സമുദായത്തിന് ആ മെറിറ്റ് സീറ്റ് നഷ്ടമാകും. കൂടുതൽ വിദ്യാർഥികൾ ഈ രീതി സ്വീകരിക്കുന്നതോടെ ബന്ധപ്പെട്ട സംവരണ സമുദായത്തിന് സ്റ്റേറ്റ് മെറിറ്റ് ക്വോട്ടയിലെ സീറ്റ് നഷ്ടം വർധിക്കും. ഒ.ബി.സി വിഭാഗെത്തയാകും ഇത് പ്രതികൂലമായി ബാധിക്കുക. നിയമസഭ സമിതി േഫ്ലാട്ടിങ് രീതി ശിപാർശ ചെയ്തത് ഇത് പരിഹരിക്കാനായിരുന്നു.
േഫ്ലാട്ടിങ് രീതി വഴി സംഭവിച്ചത്
സർക്കാർ എൻജിനീയറിങ് കോളജുകളെയാണ് േഫ്ലാട്ടിങ് രീതി പ്രതികൂലമായി ബാധിച്ചത്. വയനാട്, ഇടുക്കി ഗവ. എൻജിനീയറിങ് കോളജുകളിൽ മെറിറ്റിലെത്തിയ വിദ്യാർഥികൾ മെച്ചപ്പെട്ട സർക്കാർ കോളജിലേക്ക് മാറുേമ്പാൾ, അവിടെയുള്ള സംവരണ സീറ്റാണ് പകരമായി ഇങ്ങോട്ടെത്തുക. ഫലത്തിൽ ഇത്തരം കോളജുകളിൽ കൂടുതലും സംവരണ സീറ്റും ഇതേ വിഭാഗം വിദ്യാർഥികളുമാവും. റാങ്ക് പട്ടികയിൽ താരതമ്യേന പിറകിലുള്ളവരാണ് സംവരണ സീറ്റിൽ പ്രവേശനം നേടുന്നത്. വയനാട് ഗവ. എൻജിനീയറിങ് കോളജിൽ 95ഉം ഇടുക്കി ഗവ. എൻജി. കോളജിൽ 80ഉം ശതമാനം പിന്നാക്കക്കാരാണെന്ന് പട്ടികജാതി വികസന വകുപ്പ് കണ്ടെത്തൽ.
പരിശോധനക്ക് ശേഷം നടപ്പാക്കും –ഉഷ ടൈറ്റസ്
േഫ്ലാട്ടിങ് സംവരണം സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ പരിശോധന നടത്തി അടുത്തവർഷം മുതൽ നടപ്പാക്കാനാണ് ഉദ്ദേശമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. നേരത്തേ എ.െഎ.സി.ടി.ഇ പരിശോധന റിപ്പോർട്ടിലും േഫ്ലാട്ടിങ് നിർത്താൻ നിർദേശിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദ റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കും. െഎ.െഎ.ടി ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളിലും പ്രവേശനം സ്ഥാപനാടിസ്ഥാന സംവരണം പാലിച്ചാണ്. പ്രവേശനം മെറിറ്റിൽ വേണമോ സംവരണത്തിൽ വേണമോ എന്നത് വിദ്യാർഥിക്ക് തീരുമാനിക്കാനുള്ള അവസരമുണ്ടെന്നും പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.