താൽക്കാലിക അഫിലിയേഷൻ: ആലപ്പുഴ മെഡി. കോളജിൽ പ്രവേശനവുമായി സർക്കാർ മുന്നോട്ട്
text_fieldsതിരുവനന്തപുരം: നാഷനൽ മെഡിക്കൽ കമീഷന്റെ അംഗീകാര പ്രശ്നം നേരിടുന്ന ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ മുഴുവൻ സീറ്റിലും വിദ്യാർഥി പ്രവേശനവുമായി സർക്കാർ മുന്നോട്ട്. ആരോഗ്യ സർവകലാശാല താൽക്കാലിക അഫിലിയേഷനും സർക്കാർ നിർദേശവും നൽകിയതോടെ പ്രവേശന പരീക്ഷ കമീഷണർ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ റൗണ്ടിൽ ഓപ്ഷൻ നൽകാനുള്ള കോളജുകളുടെ പട്ടികയിൽ ആലപ്പുഴയെ ഉൾപ്പെടുത്തി.
കോളജിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റ് നീറ്റ് യു.ജി കൗൺസലിങ്ങിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) ഉൾപ്പെടുത്തിയിട്ടുമുണ്ട്.നാഷനൽ മെഡിക്കൽ കമീഷൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ നികത്തിയതായി കാണിച്ചു കോളജ് കമീഷൻ മുമ്പാകെ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ സാഹചര്യത്തിൽ കമീഷൻ കഴിഞ്ഞ ശനിയാഴ്ച കോളജിൽ വീണ്ടും പരിശോധന നടത്തി. കമീഷന്റെ തീരുമാനം വരാനിരിക്കെയാണ് ആരോഗ്യ സർവകലാശാല കോളജിന് താൽക്കാലിക അഫിലിയേഷൻ നൽകിയത്.
ഇതോടെയാണ് ബുധനാഴ്ച അർധരാത്രിയോടെ പ്രസിദ്ധീകരിച്ച മെഡിക്കൽ പ്രവേശന വിജ്ഞാപനത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിനെയും ഉൾപ്പെടുത്തിയത്.കോളജിൽ ആകെയുള്ള 175ൽ 26 സീറ്റ് അഖിലേന്ത്യാ ക്വോട്ടയിലാണ് നികത്തുന്നത്. ശേഷിക്കുന്ന 149 സീറ്റിലേക്കുള്ള അലോട്ട്മെന്റിനുള്ള ഓപ്ഷൻ പട്ടികയിലാണ് കോളജിനെ ഉൾപ്പെടുത്തിയത്. ആലപ്പുഴക്ക് പുറമെ, മെഡിക്കൽ കമീഷൻ ന്യൂനത ചൂണ്ടിക്കാട്ടിയ പട്ടികജാതി, വർഗ വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിനെയും താൽക്കാലിക അഫിലിയേഷനിൽ പ്രവേശനത്തിനുള്ള ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സീറ്റ് നഷ്ടപ്പെടില്ല -മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിന് എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ് സീറ്റിലും പ്രവേശനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) പരിശോധന നടത്തിയത്. കമീഷൻ ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിങ് മെഷീന്, സി.സി ടി.വി കാമറ തുടങ്ങിയ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അന്നുതന്നെ നിര്‍ദേശം നല്‍കിയിരുന്നു.
ജൂണ്‍ മൂന്നിന് നിർദേശം പാലിച്ചുള്ള റിപ്പോര്‍ട്ടും ജൂലൈ 10ന് പഞ്ചിങ് മെഷീന് ഉള്‍പ്പെടെ കുറവുകള്‍ പരിഹരിച്ചുള്ള റിപ്പോര്‍ട്ടും എന്‍.എം.സിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തസ്തിക സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് നല്കിയ നിർദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളിലും ഈ വര്‍ഷത്തെ 100 സീറ്റിൽ പ്രവേശനത്തിന് എന്‍.എം.സി അംഗീകാരം നല്‍കിയിട്ടുണ്ട്. പി.ജി സീറ്റ് നിലനിര്‍ത്താൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.