പ്രാഥമിക പരീക്ഷ: വീണ്ടും അവസരവുമായി പി.എസ്.സി
text_fieldsതിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകി പി.എസ്.സി. കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിൽ ഓഫിസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലേക്ക് ആഗസ്റ്റ് അഞ്ച്, ആഗസ്റ്റ് 19, സെപ്റ്റംബർ ഒമ്പത് തീയതികളിൽ നടത്തിയ പൊതുപ്രാഥമിക പരീക്ഷാദിവസം തന്നെ അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ രണ്ടു പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) ഹാജരാക്കിയാൽ സെപ്റ്റംബർ 23 ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതാൻ അവസരം ലഭിക്കും.
കൂടാതെ, അപകടം പറ്റി ചികിത്സയിലുള്ളവർ/അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയാലോ, പ്രസവ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാലോ, ഗർഭിണികളിൽ യാത്ര ബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർദേശിച്ചവർ എന്നിവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാലോ, പരീക്ഷാദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാർഥികൾ തെളിവുസഹിതം അപേക്ഷിച്ചാലോ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാലോ നാലാംഘട്ട പരീക്ഷ എഴുതാൻ അവസരം ലഭിക്കും.
ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ല ഓഫിസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി ആസ്ഥാന ഓഫിസിലെ ഇ.എഫ് വിഭാഗത്തിൽ നൽകണം. തപാൽ/ഇ-മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. സെപ്റ്റംബർ 11 മുതൽ 16 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. സെപ്റ്റംബർ 11 നു മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2546260, 246 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.