വിചിത്ര നടപടിയുമായി പി.എസ്.സി; പരീക്ഷ കഴിഞ്ഞ് ഒരു വർഷത്തിനുശേഷം ബിരുദധാരികൾ പുറത്ത്
text_fieldsതിരുവനന്തപുരം: പ്രാഥമിക, മെയിൻ പരീക്ഷകളും ചില ജില്ലകളിൽ ചുരുക്കപ്പട്ടിക തയാറാക്കലും കഴിഞ്ഞ് ഒരു വർഷത്തിനുശേഷം തങ്ങളുടെ വീഴ്ച മറയ്ക്കാൻ ബിരുദധാരികൾക്ക് നിയമനം നൽകില്ലെന്ന അസാധാരണ തിരുത്തൽ വിജ്ഞാപനവുമായി പി.എസ്.സി. ഇത് ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഇരുട്ടടിയായി.
ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ തസ്തികയിലേക്കുള്ള നിയമനത്തിലാണ് പി.എസ്.സിയുടെ ഈ വിവാദ നീക്കങ്ങൾ. പി.എസ്.സിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
2019 ഡിസംബർ 31നാണ് ഈ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനത്തിലെ ഖണ്ഡിക ഏഴ് യോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തി. ഉദ്യോഗാർഥികൾ 'എട്ടാം സ്റ്റാൻഡേർഡ് വരെ പഠിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത 'എന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. അതിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.
ഉദ്യോഗാർഥികളുടെ യോഗ്യത 'ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാൽ, ബിരുദം നേടിയിരിക്കാൻ പാടില്ല' എന്ന് ഭേദഗതി വരുത്തിയാണ് പി.എസ്.സിയുടെ തിരുത്തൽ വിജ്ഞാപനം. ഓരോ ജില്ലക്കുമായാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്താകെ ആരോഗ്യവകുപ്പിലെ 150 ഓളം ഫീൽഡ് വർക്കർ തസ്തികകളിലേക്കായിരുന്നു പി.എസ്.സി വിജ്ഞാപനം.
അതിന്‍റെ അടിസ്ഥാനത്തിൽ പ്രാഥമിക പരീക്ഷയും 2021 ഡിസംബർ 23ന് മെയിൻ പരീക്ഷയും നടത്തി. രണ്ട് ജില്ലകളിലേക്ക് ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടികയും തയാറാക്കിയിരുന്നു. അപ്പോഴാണ് പി.എസ്.സിക്ക് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായതെന്നുവേണം ഇപ്പോൾ പുറത്തിറക്കിയ തിരുത്തൽ വിജ്ഞാപനത്തിലൂടെ സംശയിക്കേണ്ടത്.
പരീക്ഷ എഴുതിയവരിൽ ഏറെയും ബിരുദധാരികളായിരുന്നു. വിജ്ഞാപനത്തിൽ ബിരുദധാരികൾ പാടില്ലെന്ന് വ്യക്തമാക്കാതിരുന്നതാണ് ഇതിന് കാരണം. മൂന്ന് വർഷമായി ഈ തസ്തികയിൽ നിയമനം പ്രതീക്ഷിച്ചിരുന്നവർക്കാണ് പി.എസ്.സിയുടെ ഈ പാളിച്ചമൂലം തിരിച്ചടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.