എയ്ഡഡ് സ്കൂൾ നിയമനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ; ആദ്യ ഒഴിവ് ഭിന്നശേഷി സംവരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ ആദ്യ ഒഴിവ് ഭിന്നശേഷി സംവരണത്തിനായി നീക്കിവെക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. 1996 ഫെബ്രുവരി ഏഴുമുതൽ 2017 ഏപ്രിൽ 18 വരെ ഉണ്ടായ ഒഴിവുകളുടെ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള ഒഴിവുകളുടെ നാല് ശതമാനവും കണക്കാക്കിയാണ് ആദ്യ ഒഴിവ് ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ടത്. എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിർബന്ധമാക്കിയുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച സർക്കുലറിലാണ് നിർദേശം.
കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ അവ്യക്തത നിലനിന്നിരുന്നു. തുടർന്നാണ് പ്രത്യേക സർക്കുലർ ഇറക്കിയത്. ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകളെ പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി (സീനിയർ), ഹയർസെക്കൻഡറി (ജൂനിയർ), വി.എച്ച്.എസ്.ഇ (സീനിയർ), വി.എച്ച്.എസ്.ഇ (ജൂനിയർ), നോൺ ടീച്ചിങ് എന്നീ വിഭാഗങ്ങളാക്കി തിരിക്കണം. ഓരോ വിഭാഗത്തിലും 1996 ഫെബ്രുവരി ഏഴുമുതൽ ഇതുവരെ നടത്തിയ നിയമനം പരിശോധിച്ച്, ഭിന്നശേഷിക്കാർക്ക് നൽകേണ്ടിയിരുന്ന ഒഴിവുകളുടെ എണ്ണം കണ്ടെത്തണം. ഇതിനായി മാനേജർ സമന്വയ ലോഗിനിൽ വിശദാംശങ്ങൾ അപ്ലോഡ് ചെയ്യണം.
1996 ഫെബ്രുവരി ഏഴുമുതൽ നടത്തിയ പുതിയ നിയമനങ്ങളാണ് ഭിന്നശേഷി സംവരണത്തിനായി പരിഗണിക്കേണ്ടത്. കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്ന അവകാശികളുടെ നിയമനവും സ്ഥാനക്കയറ്റവും ഭിന്നശേഷി സംവരണത്തിനുള്ള ഒഴിവായി പരിഗണിക്കേണ്ടതില്ല.
സംരക്ഷിത അധ്യാപക നിയമനത്തിനായി സർക്കാറിലേക്ക് വിട്ടുനൽകിയ അധിക തസ്തിക, പ്രധാന അധ്യാപകനെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുന്നത് വഴിയുണ്ടാകുന്ന എച്ച്.ടി.വി തസ്തിക, പുതുതായി ആരംഭിച്ച/ അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിൽ സംരക്ഷിത അധ്യാപക നിയമനത്തിനായി നീക്കിവെച്ച തസ്തിക എന്നിവ ഭിന്നശേഷി സംവരണ ഒഴിവായി പരിഗണിക്കേണ്ടതില്ല.
എംപ്ലോയ്മെന്റ് ഓഫിസർ ലഭ്യമാക്കുന്ന പട്ടികയിൽനിന്നുവേണം നിയമനം നടത്തേണ്ടത്. യോഗ്യരായ ഉദ്യോഗാർഥികളെ ലഭ്യമായില്ലെങ്കിൽ എംപ്ലോയ്മെന്റ് ഓഫിസറുടെ നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറക്ക് മാനേജർ പത്രപരസ്യം നൽകണം. ഇതിനുശേഷവും ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ പി.ആർ.ഡബ്ല്യു.ഡി ആക്ട് 2016ലെ വ്യവസ്ഥകൾ പാലിച്ച് മാനേജർക്ക് നിയമനം നടത്താമെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.