സ്കൂൾ ഒാൺലൈൻ ക്ലാസിന് പൊതു പ്ലാറ്റ്ഫോം; ഇൻറർനെറ്റില്ലാത്തവർക്ക് പൊതുകേന്ദ്രങ്ങളിൽ ക്ലാസ്
text_fieldsതിരുവനന്തപുരം: അധ്യാപകർക്കും കുട്ടികൾക്കും പൊതു പ്ലാറ്റ്ഫോമിൽ പ്രത്യേകം ലോഗിൻ ഐ.ഡി നൽകി ഓൺലൈൻ ക്ലാസുകൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ക്ലാസധ്യാപകർ കുട്ടികളുമായി സംവദിച്ച് അവർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തും.
സ്വന്തമായി ഇൻറർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളുകൾ ഉൾപ്പെടെ പൊതു കേന്ദ്രങ്ങളിൽ ക്ലാസിന് അവസരമൊരുക്കും. ഘട്ടം ഘട്ടമായാണ് ക്ലാസുകൾ ഓൺലൈൻ രൂപത്തിലേക്ക് മാറുക. ഓൺലൈൻ ക്ലാസുകൾ ശരിയായ രീതിയിൽ നടപ്പാക്കുന്നതിന് മുമ്പ് വിദ്യാശ്രീ പദ്ധതിയിലൂടെയോ സാധ്യമായ മറ്റ് പദ്ധതികളിലൂടെയോ കുട്ടികൾക്ക് ലാപ്ടോപ് ഉൾെപ്പടെ ഉപകരണങ്ങൾ ലഭ്യമാക്കാനും പ്രത്യേക സ്കീമിൽ ഇൻറർനെറ്റ് ഒരുക്കാനും ക്രമീകരണം ഏർപ്പെടുത്തും.
പൈലറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ക്ലാസുകളിൽ നടപ്പാക്കി പ്രതികരണം അനുസരിച്ചായിരിക്കും മറ്റു ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുക. ക്ലാസുകൾ വീക്ഷിക്കുന്ന കുട്ടികളുടെ വിശദാംശങ്ങൾ സ്കൂൾ-സബ് ജില്ല-ജില്ല-സംസ്ഥാന തലത്തിൽ ശേഖരിച്ച് തുടർപ്രവർത്തനങ്ങൾക്ക് ക്രമീകരണമൊരുക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മിറ്റി രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് ക്ലാസുകളുടെ പുരോഗതി വിലയിരുത്തും.
ഇൗ വർഷം ഒന്നാം ക്ലാസിൽ 2,09,781 വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ജൂൺ നാലു വരെ ഒന്നാം ക്ലാസിൽ 2,09,781 കുട്ടികൾ ചേർന്നതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. പ്രവേശന നടപടികൾ തുടരുന്നതിനാൽ അന്തിമ കണക്ക് ലഭ്യമാകാനിരിക്കുന്നതേയുള്ളൂ. 2016-17 മുതൽ 2020-21 വരെയുള്ള അധ്യയന വർഷ കാലയളവിൽ സ്കൂളുകളിൽ 7,91,073 കുട്ടികൾ പുതുതായി ചേർന്നു. കഴിഞ്ഞ വർഷം 3.39 ലക്ഷം വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.