ഖത്തർ: ക്ലാസുകൾ സജീവമായി; 3.50 ലക്ഷം വിദ്യാർഥികൾ
text_fieldsദോഹ: വേനലവധി കഴിഞ്ഞ് ഞായറാഴ്ച ഖത്തറിലെ മുഴുവൻ വിദ്യാലയങ്ങളിലുമായി എത്തിയത് 3.50 ലക്ഷം വിദ്യാർഥികൾ. സർക്കാർ, സ്വകാര്യ മേഖലകളിലായി 550 സ്കൂളുകളിലും, 34 ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങളിലുമായാണ് ഞായറാഴ്ച അധ്യയനം തുടങ്ങിയത്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് സ്കൂളുകൾ വീണ്ടും സജീവമായത്.
സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിനാണ് തുടക്കം കുറിച്ചതെങ്കിൽ ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിലിൽ ആരംഭിച്ച അധ്യയന വർഷത്തിൽ പാദവാർഷിക പരീക്ഷ കഴിഞ്ഞാണ് തുടങ്ങുന്നത്. നീണ്ട അവധി കഴിഞ്ഞ് തിരികെയെത്തിയ കുട്ടികളെ വിദ്യഭ്യാസ -ഉന്നത വിദ്യഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി സ്വാഗതം ചെയ്തു.
അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരായ മഹ സായിദ് അൽ കഅഖ അൽ റുവൈലി, ജോയിൻ സർവീസ് അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് അലി കാരിബ് എന്നിവരും വിദ്യാർഥികളെ പുതിയ അധ്യയന കാലയളവിലേക്ക് സ്വാഗതം ചെയ്തു.
സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണ കാര്യമായ വർധനയുണ്ടായെന്നാണ് മന്ത്രാലയം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 96,000ത്തിൽ നിന്നും 1.32 ലക്ഷമായി ഉയർന്നു. സ്വകാര്യ സ്കൂളുകളിൽ 1.29ലക്ഷത്തിൽ നിന്നും 2.09 ലക്ഷമായാണ് വർധിച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തെ സ്കൂളുകളുടെ എണ്ണത്തിലും വലിയ വളർച്ചയുണ്ടായി. 2012-13 അധ്യയന വർഷത്തിൽ 178 സർക്കാർ സ്കൂളുകളായിരുന്നുവെങ്കിൽ 2023ൽ ഇത് 209ലെത്തി. സ്വകാര്യ സ്കൂളുകൾ 182ൽ നിന്നും 334ലേക്കാണ് പത്തുവർഷം കൊണ്ട് വർധിച്ചത്.
18 ഇന്ത്യൻ സ്കൂളുകളാണ് രാജ്യത്തുള്ളത്. വിവിധ പരിശീലന പരിപാടികൾ പൂർത്തിയാക്കിയാണ് ഞായറാഴ്ചയോടെ സ്കൂളുകളിൽ ക്ലാസ് ആരംഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിന്ന എജുക്കേറ്റേഴ്സ് കോൺക്ലേവിലൂടെ അധ്യാപകർക്ക് പരിശീലന പരിപാടികൾ പൂർത്തിയാക്കിയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചത്.
ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരായ ഒമ്പത് പേർ കോൺക്ലേവിലെ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പുതിയകാലത്തിന്റെ മാറ്റങ്ങൾകൂടി ഉൾക്കൊണ്ട് പാഠ്യപ്രക്രിയകളുടെ നവീകരണം അടിസ്ഥാനമാക്കിയായിരുന്ന കോൺക്ലേവ്. നിർമിത ബുദ്ധിയെ കൂടി ഉപയോഗപ്പെടുത്തുന്ന അധ്യാപനം, കല-കായിക സംയോജിത പഠനം ഉൾപ്പെടെ വിവിധ ആശയങ്ങൾ പങ്കുവെച്ചു. അവധി കഴിഞ്ഞെത്തിയ വിദ്യാർഥികളെ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും സ്വഗതം ചെയ്തു.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി പ്രത്യേക ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബ്, വൈസ് പ്രിൻസിപ്പൽമാരായ അശോക് കുമാർ, അസം ഖാൻ, ഡോ. നസിമ ബി എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലന സെഷനുകൾ നയിച്ചു. ഖദിജ ടി.സി, സാജിദ് ഷമിൻ, ഷൈല ജോസ് എന്നിവർ പ്രോഗ്രാം ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.