ചോദ്യപേപ്പർ ആവർത്തനം; കണ്ണൂർ സർവകലാശാല രണ്ട് പരീക്ഷകൾ റദ്ദാക്കി
text_fieldsകണ്ണൂർ: കഴിഞ്ഞവർഷത്തെ അതേ ചോദ്യപ്പേർ ഉപയോഗിച്ച് നടന്ന പരീക്ഷകൾ വ്യാപകപ്രതിഷേധത്തെ തുടർന്ന് കണ്ണൂർ സർവകലാശാല റദ്ദാക്കി.
ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകളാണ് (നവംബർ 2021 സെഷൻ) റദ്ദാക്കി സർവകലാശാല വെള്ളിയാഴ്ച ഉത്തരവിറക്കിയത്.
ബിരുദ മൂന്നാം സെമസ്റ്റർ സൈക്കോളജി വിഷയത്തിൽ വ്യാഴാഴ്ച നടന്ന കോർ പേപ്പറായ സൈക്കോളജി ഓഫ് ഇന്റിവിജ്വൽ ഡിഫറെൻസ് എന്ന ചോദ്യപേപ്പർ ആണ് കഴിഞ്ഞ വർഷത്തേത് അതേപടി ഉപയോഗിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 നവബറിൽ നടക്കേണ്ട പരീക്ഷയാണ് ഏറെ വൈകി നടന്നത്. എന്നിട്ടും പുതിയ ചോദ്യപ്പേപ്പർ തയാറാക്കിയില്ല.
തുടർന്ന് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും വ്യാപക പ്രതിഷേധം ഉയർന്നു. ഇതേ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ സർവകലാശാല പരീക്ഷ വിഭാഗം തീരുമാനിച്ചത്. പരീക്ഷ റദ്ദാക്കണമെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ കണ്ണൂർ സർവകലാശാല ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ (നവംബർ 2021 സെഷൻ) ഏപ്രിൽ 25ന് നടക്കേണ്ട കോംപ്ലിമെൻററി പേപ്പറായ പെർസ്പെക്റ്റീവ് ഇൻ സൈക്കോളജി പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.
വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പരീക്ഷ കൺട്രോളറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ഉടൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നുംവൈസ് ചാൻസലർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.